കാഴ്‌ചയുടെ വിസ്‌മയമൊരുക്കാൻ പുല്ലൂപ്പിക്കടവ്‌ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 March 2023

കാഴ്‌ചയുടെ വിസ്‌മയമൊരുക്കാൻ പുല്ലൂപ്പിക്കടവ്‌

കണ്ണാടിപ്പറമ്പ് : വളപട്ടണം പുഴയുടെ കൈവഴിയിൽ കാഴ്ചകളുടെ വിസ്‌മയമൊരുക്കി പുല്ലൂപ്പിക്കടവ് ടൂറിസം പൂർത്തീകരണത്തിലേക്ക്. പുഴയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന പദ്ധതിയുമായി പുല്ലൂപ്പിക്കടവ് ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ്‌. നാറാത്ത് പഞ്ചായത്തും കണ്ണൂർ കോർപ്പറേഷനും അതിർത്തിപങ്കിടുന്ന വളപട്ടണം പുഴയുടെ മനോഹരമായ ഇടമാണ് പുല്ലൂപ്പിക്കടവ്. പുല്ലൂപ്പിക്കടവ് പാലത്തിന്റെ ഇരുവശങ്ങളെ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്നത്. 

ജലസാഹസിക ടൂറിസത്തിന് അനുയോജ്യ കേന്ദ്രമായ ഇവിടെ 4.15 കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാവുന്നത്‌. കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ നാറാത്ത് പഞ്ചായത്ത് സമർപ്പിച്ച വിശദ പദ്ധതിരേഖക്കാണ് സംസ്ഥാന സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകിയത്. 
പുഴയോരങ്ങളിൽ ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോടുകൂടിയ വിളക്ക് കാലുകൾ, വാട്ടർ സ്‌പോർട്സ് ആക്റ്റിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, സൈക്ലിങ് പാത, കഫ്‌റ്റീരിയ തുടങ്ങിയവയുടെ നിർമാണം ദ്രുതഗതിയിൽ നീങ്ങുകയാണ്. 

പാർക്ക്,​ സിറ്റിങ് ബെഞ്ചുകൾ,​ ബാത്ത് റൂം,​ ഷോപ്പുകൾ എന്നിവയുടെ നിർമാണവും നടപ്പാതകളുടെ പ്രവൃത്തിയും നടന്നുവരുന്നുണ്ട്. മുംബെയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളത്തിലേക്ക് ഇറങ്ങി നിൽക്കുന്ന പതിനാറ് മീറ്റർ നീളത്തിൽ പാലത്തോടു കൂടിയ ഫ്‌ളോട്ടിങ് ഡൈനിങ്ങുകളും സിംഗിൾ ഡൈനിങ്ങുകളും പുഴയോര കാഴ്ചയ്ക്ക് മിഴിവേകും. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും ദേശാടന പക്ഷികൾ ചേക്കേറുന്ന പക്ഷി സങ്കേതങ്ങളും മത്സ്യസമ്പത്താലും സമൃദ്ധമാണ് പുല്ലൂപ്പിക്കടവ്. 

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എകെ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമാണ ഏജൻസി. രണ്ട് മാസംകൊണ്ട്‌ പദ്ധതി പൂർത്തിയാകും. കെ.വി. സുമേഷ് എം.എൽ.എ.യുടെ നേതൃത്വത്തിൽ ടൂറിസം ഡെപ്യുട്ടി ഡയറക്ടർ ടി.സി. മനോജ്, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ, നിർവഹണ ഏജൻസി ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog