10 കിലോമീറ്റർ പരിധിയിൽ പന്നിമാംസം നിരോധിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 March 2023

10 കിലോമീറ്റർ പരിധിയിൽ പന്നിമാംസം നിരോധിച്ചു

കണ്ണൂർ : ആറളം പഞ്ചായത്തിലെ വീർപ്പാട്ടെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള, ഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും കലക്ടർ പ്രഖ്യാപിച്ചു. ഫാമിലെ പന്നികൾ മുഴുവൻ ചത്തതായും ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നി ഫാമുകൾ ഇല്ലെന്നും മൃഗസംരക്ഷണ ഓഫീസർ അറിയിച്ചിട്ടുണ്ട്. 

ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. ആറളം പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽനിന്ന്‌ മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച്‌ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു.

മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും റോഡ് ട്രാൻസ്‌പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണം. 

രോഗവിമുക്ത മേഖലയിൽനിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നും കലക്ടർ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. അണുനശീകരണത്തിനുശേഷം ഫാമിൽ ഫ്യൂമിഗേഷൻ നടപടികൾ ഫയർ ആൻഡ്‌ റെസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്താനും ഉത്തരവിൽ നിർദേശിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog