കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പണം കൊടുത്താലും മരുന്നില്ല - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 1 March 2023

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പണം കൊടുത്താലും മരുന്നില്ല

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വിലകൊടുത്താലും മരുന്നുകൾ ലഭിക്കാതായതോടെ രോഗികൾ വലയുന്നു. നിലവിൽ 3 ഫാർമസിയുണ്ടായിട്ടും രോഗികൾക്ക് അവശ്യമരുന്നുകൾ കിട്ടുന്നില്ല.
സർക്കാർ ഫാർമസിയും കാരുണ്യ ഫാർമസിയും ആശുപത്രി വികസന സൊസൈറ്റിയുടെ ഫാർമസിയും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. 
മരുന്നു വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഡിപ്പോയിൽ ആവശ്യത്തിന് മരുന്ന് എത്താത്തതിനാലാണ് ആശുപത്രിയിൽ മരുന്നു ക്ഷാമമുണ്ടാകുന്നത്.

പ്രതിവർഷം 25 കോടി രൂപയുടെ മരുന്ന് ആവശ്യമാണെന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് അധികൃതർ ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യവകുപ്പ് പരിയാരത്ത് നൽകുന്നത് പ്രതിവർഷം 9 കോടി രൂപയുടെ മരുന്നാണ്. ഇതിൽ 7 കോടി രൂപയുടെ മരുന്ന് മാത്രമാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പരിയാരത്ത് ലഭിച്ചത്.

സൗജന്യമായി മരുന്നു വിതരണം നടത്തുന്ന സർക്കാർ ഫാർമസിയിൽ മരുന്നു ക്ഷാമം രൂക്ഷമാണ്. ഒട്ടുമിക്ക മരുന്നുകളും കിട്ടാനില്ല. ഇതിനു പരിഹാരമായാണു സർക്കാരിന്റെ കാരുണ്യ ഫാർമസി പരിയാരം ആശുപത്രിയിൽത്തന്നെ തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്നുകൾ ഇവിടെ ലഭിക്കാറുണ്ടായിരുന്നു. മരുന്നുവിലയിൽ നിശ്ചിത ശതമാനം ഇളവും നൽകിയിരുന്നു. എന്നാൽ ഇപ്പോൾ മരുന്നുക്ഷാമം കാരുണ്യ ഫാർമസിയിലേക്കും ബാധിച്ചു.

മെഡിക്കൽ കോളജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മരുന്നും ഇംപ്ലാന്റും കുറഞ്ഞ നിരക്കിൽ രോഗികൾക്കു ലഭ്യമാക്കുന്ന ഫാർമസി ആരംഭിച്ചെങ്കിലും ഇപ്പോൾ ഇതിന്റെ ഗുണങ്ങൾ രോഗികൾക്കു ലഭിക്കുന്നില്ല.
ഇവിടെയും അവശ്യ മരുന്നുകളും മറ്റ് ചികിത്സാ ഉൽപന്നങ്ങളും കിട്ടാനില്ലാതായി. ആശുപത്രി വികസന സൊസൈറ്റിക്ക് ഫണ്ട് ഉണ്ടായിട്ടും ആവശ്യത്തിനുള്ള മരുന്നുകൾ ഫാർമസിയിൽ ലഭ്യമാക്കാത്തതിൽ ദുരൂഹതയുമുണ്ട്.

രാത്രിയിൽ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയാൽ ചില മരുന്നുകൾ ലഭിക്കാൻ ദൂരെയുള്ള പട്ടണത്തിലേക്ക് പോകേണ്ടിവരും. ആശുപത്രിയിലെ ഫാർമസിയിൽ ചില മരുന്നുകൾ ലഭിക്കാത്തതിനാലും പരിയാരം ടൗണിലെ സ്വകാര്യ ഫാർമസികൾ രാത്രിയിൽ അടയ്ക്കുന്നതിനാലുമാണിത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog