കണ്ണൂരിന്റെ ഭാഷ കേട്ട് നട്ടംതിരിയണ്ട, ഇനി നിഘണ്ടു നോക്കി ‘കയ്ച്ചലാക്കാം’

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 തെക്ക്ന്ന് കണ്ണൂര് ബന്നിറ്റ് ഈടീല്ലോറെ ബർത്താനം കേട്ട് ഒന്നും തിരിയാതെ തലമ്മ കൈവക്കണോ, നെലബൈരം കൊടുക്കണോ, കീഞ്ഞ്പാഞ്ഞാലോ എന്ന് നീരീക്കണ്ട..... കൊയപ്പം തീർക്കാൻ ബുക്കെറങ്ങീറ്റ്ണ്ട്.... (തെക്കൻ കേരളത്തിൽ നിന്ന് കണ്ണൂരിൽ വന്ന് ഇവിടെയുള്ളവരുടെ സംസാരം കേട്ട് ഒന്നും മനസ്സിലാകാതെ തലയിൽ കൈവയ്ക്കണോ, നിലവിളിക്കണോ, ഇറങ്ങി ഓടണോ എന്ന് ചിന്തിക്കണ്ട.. 
കുഴപ്പം തീർക്കുന്ന പുസ്തകം ഇറങ്ങിയിട്ടുണ്ട്). മലയാളികൾ ഉള്ളിടത്തെല്ലാം ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കണ്ണൂരിന്റെ ഭാഷാഭേദം. കത്തിയണക്കണമെന്നും മൗവെടുത്ത് ബെറ് കീറിയെന്നും പറ‍ഞ്ഞാൽ കത്തി മൂർച്ച കൂട്ടണമെന്നും മഴു എടുത്ത് വിറക് കീറിയെന്നുമാണ് അർഥമെന്നും കണ്ണൂരിന് പുറത്തുള്ളവർക്ക് മനസ്സിലാകണമെന്നില്ല. ഇതിന് പരിഹാരമാണ് സർസയിദ് കോളജ് ഹിന്ദി വിഭാഗം തലവൻ ഡോ.വി.ടി.വി.മോഹനനും മലപ്പുറം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല അസി.പ്രഫസർ ഡോ.സ്മിത കെ.നായരും ചേർന്ന് തയ്യാറാക്കിയ കണ്ണൂർ‍ ഭാഷാഭേദ നിഘണ്ടു. 

കണ്ണൂരിന്റെ ഗ്രാമാന്തരങ്ങളിൽ വ്യത്യസ്ത മത,സാമൂഹിക ജീവിത ശൈലികളുടെ വകഭേദങ്ങളായി ഉപയോഗിക്കുന്ന നാട്ടുഭാഷകളെ 12 വർഷത്തെ പരിശ്രമത്തിലൂടെയാണ് ഇവർ 121 പേജുകളുള്ള നാട്ടു നിഘണ്ടുവിലേക്ക് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നിഘണ്ടുവിൽ നാടൻ വാക്കുകളുടെ അർഥം മാത്രമല്ല. അവയുടെ വ്യാകരണവും ഉദാഹരണ സഹിതമുള്ള വിവരണവുമടക്കമാണ് ഇവർ അവതരിപ്പിച്ചിരിക്കുന്നത്. 

12 വർഷങ്ങൾക്ക് മുൻപ് ഒരു ചായക്കടയിൽ ചെന്നപ്പോൾ ചായക്ക് കടി(പലഹാരം)യായി കാലിമുട്ടയുണ്ടെന്നാണ് ചായക്കടക്കാരൻ പറഞ്ഞത്. അതെന്ത് സാധനമെന്ന് ആലോചിച്ച മോഹനന് നാടൻ ഭാഷയിൽ കാലി എന്നാൽ കന്നുകാലി എന്നാണെന്ന് അറിയാം. എന്നാൽ കാലിമുട്ട എന്തെന്ന് ചിന്തിച്ച് വേവലാതി പൂണ്ടപ്പോൾ കടക്കാരൻ നൽകിയത് മസാലയും മുളകും പുരട്ടാത്ത പുഴുങ്ങിയ (കാലിയായ– ഒന്നും ചേർക്കാത്ത) വെളുത്ത കോഴി മുട്ടയായിരുന്നു. തുടർന്നാണ് ഭാഷാഭേദ നിഘണ്ടുവിനെക്കുറിച്ച് പയ്യന്നൂർ പിലാത്തറ സ്വദേശിയായ മോഹനൻ ചിന്തിച്ചത്. മുൻപു മോഹനോടൊപ്പം മൈസൂരു സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ്സിൽ സഹപ്രവർത്തകയായിരുന്ന തിരുവനന്തപുരം സ്വദേശിനി സ്മിത കെ.നായരും ഇതിന് പിന്നിൽ പ്രവർത്തിച്ചു.

മാണ്ടൂച്ചി, കുപ്പായി, പച്ചപ്പറങ്കി, മൊളീശൻ, ബിളിമ്പി, പൃക്ക്, നന്ന ബെയ്ദു എന്നൊക്കെ കേട്ടാൽ ഇതും മലയാളമാണോ എന്ന് മറ്റുള്ളവർ ചിന്തിക്കുന്ന അവസ്ഥയാണെന്ന് മോഹനൻ പറയുന്നു. എന്യാറ്റോ എന്നു പറഞ്ഞാൽ ഇനി മേലിൽ എന്നാണെന്ന് കണ്ണൂരുകാർക്ക് മാത്രം അറിയുന്ന കാര്യമാണ്. ഇവ നിഘണ്ടുവിന്റെ പരിഷ്ക്കരിച്ച പതിപ്പിൽ ഇറക്കുവാനാണ് ഉദ്ദേശം. ഹിന്ദിയിലേക്കുള്ള വിവർത്തനത്തിന് ദേശീയ, സംസ്ഥാന അവാർഡുകൾ മോഹനന് ലഭിച്ചിട്ടുണ്ട്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതി അംഗമായ ഡോ.സ്മിതയും ഒട്ടേറെ ഭാഷാ സംബന്ധമായ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 11ന് പിലാത്തറയിൽ ടി.പത്മനാഭനാണ് നിഘണ്ടുവിന്റെ പ്രകാശനം നിർവഹിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha