ചൊറുക്കള-മയ്യിൽ-ചാലോട് വിമാനത്താവള ലിങ്ക് റോഡ് ജൂലൈയിൽ ടെൻഡർ ചെയ്യും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ: ചൊറുക്കള-ബാവുപ്പറമ്പ്-മയ്യിൽ-കൊളോളം-ചാലോട് കണ്ണൂർ വിമാനത്താവള ലിങ്ക് റോഡ് ജൂലൈ മാസം ടെൻഡർ ചെയ്ത് നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ എം.വി. ഗോവിന്ദൻ മാസ്റ്റർ എം.എൽ.എ.യുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനം. തളിപ്പറമ്പ് റവന്യു ടവറിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിനാൽ നിലവിൽ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പൈതൃക ടൂറിസത്തിന്റെ ഭാഗമായി മ്യൂസിയമാക്കി മാറ്റാനും ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.

വിമാനത്താവള ലിങ്ക് റോഡിനുള്ള സമ്മതപത്രം ഭൂവുടമകളിൽനിന്ന് വാങ്ങി, നഷ്ടപരിഹാരത്തിനുള്ള മൂല്യനിർണയം പൂർത്തിയാക്കി കെ.ആർ.എഫ്.ബി ടെൻഡർ നടപടികളിലേക്ക് കടക്കും. ഇതിന് വേണ്ടിയുള്ള പ്രവർത്തനം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ റവന്യു വകുപ്പിനും കേരള റോഡ് ഫണ്ട് ബോർഡിനും (കെ.ആർ.എഫ്.ബി ) എം.എൽ.എ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഭൂവുടമകളുടെ യോഗം ഏപ്രിൽ ആദ്യവാരം മയ്യിൽ, കുറുമാത്തൂർ, കൂടാളി, കുറ്റിയാട്ടൂർ പഞ്ചായത്തുകളിലും ആന്തൂർ നഗരസഭയിലും ചേരും. 
ഇതിൽ റവന്യു വകുപ്പ്, കെ.ആർ.എഫ്.ബി  ഉദ്യോഗസ്ഥരും പങ്കെടുക്കും. 

ചൊറുക്കള മുതൽ ചാലോട് വരെയുള്ള ഒന്നാമത്തെ ഭാഗവും, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ മുതൽ സർസയ്യിദ് കോളേജ് - ഭ്രാന്തൻ കുന്ന് വരെയുള്ള രണ്ടാമത്തെ ഭാഗവും ഉൾപ്പെടെ 13.6 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതയായി 25.25 കിലോ മീറ്റർ റോഡ് ആണ് വികസിപ്പിക്കുക. 291.63 കോടി രൂപയുടെ സാമ്പത്തികാനുമതി പദ്ധതിക്കായി നേരത്തെ ലഭിച്ചിരുന്നു.

112 വർഷം പഴക്കമുള്ള തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം ടൂറിസം വകുപ്പിന് കൈമാറി പൈതൃക മ്യൂസിയമാക്കി മാറ്റാൻ സർക്കാറിലേക്ക് പ്രൊപ്പോസൽ നൽകാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി താലൂക്ക് ഓഫീസ് ഇവിടെ നിന്ന് സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റും. 

റവന്യു ടവറിന് 2023 മാർച്ച് 17ന് ഭരണാനുമതിയായതിനാൽ സ്ട്രക്ചറൽ ഡ്രോയിംഗ് ലഭ്യമാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. നിലവിലെ താലൂക്ക് ഓഫീസിന് കിഴക്ക് ഭാഗത്ത് മാർക്കറ്റ് റോഡിന് റോഡിനോട് ചേർന്നാണ് റവന്യു ടവർ നിർമ്മിക്കാനുദ്ദേശിക്കുന്നത്. ഈ സ്ഥലത്ത് നിലവിൽ പഴയ വില്ലേജ് ഓഫീസ്, റെയിൽവേ റിസർവേഷൻ കൗണ്ടർ, ഇ-മണൽ കൗണ്ടർ, പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങളുണ്ട്. ഇവ പൊളിച്ചുമാറ്റും. ഈ സ്ഥലത്തെ മരങ്ങൾ മുറിച്ചുമാറ്റാൻ സോഷ്യൽ ഫോറസ്ട്രി വകുപ്പിന് അപേക്ഷ നൽകും.

പന്നിയൂർ വില്ലേജിലെ അഞ്ച് ഏക്കർ മിച്ചഭൂമി കുടുംബശ്രീ മിഷന്റെ കേരള ചിക്കൻ പദ്ധതിക്കായി കൈമാറാൻ സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി ഭൂമി പഞ്ചായത്ത് വകുപ്പിന് കൈമാറാൻ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. പഞ്ചായത്ത് വകുപ്പാണ് കുടുംബശ്രീ മിഷന് ഭൂമി കൈമാറുക.
ആന്തൂർ നഗരസഭയിൽ ഒരു വർഷത്തിനുള്ളിൽ പ്രവൃത്തി നടത്തണമെന്ന നിബന്ധനയിൽ സിവിൽ സപ്ലൈസ് വകുപ്പിന് കൈമാറിയ 1.52 ഏക്കർ സ്ഥലം നിബന്ധനപ്രകാരം പ്രവൃത്തികൾ ഒന്നും ചെയ്യാത്തതിനാൽ തിരിച്ചെടുക്കാൻ നടപടി സ്വീകരിക്കും. ഈ സ്ഥലം ഭാഗിമമായി തിയറ്റർ സമുച്ചയം വികസിപ്പിക്കാനായി സാംസ്‌കാരിക വകുപ്പിന് കൈമാറാനും നടപടിയെടുക്കും.

യോഗത്തിൽ മയ്യിൽ പഞ്ചായത്ത് പ്രസിഡൻറ് എം.വി. അജിത, കുറ്റിയാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. റെജി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻറ് വി.എം. സീന, കൂടാളി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഷൈമ, എ.ഡി.എം കെ.കെ. ദിവാകരൻ, തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്‌സി, ഡെപ്യൂട്ടി കലക്ടർ ടി.വി. രഞ്ജിത്ത്, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ, സ്‌പെഷൽ തഹസിൽദാർ ജീന, കെ.ആർ.എഫ്.ബി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha