സോൺടക്കെതിരെ കണ്ണൂർ മേയര്‍; തിരിച്ചടയ്‌ക്കേണ്ടത്‌ 68 ലക്ഷം,10 ലക്ഷത്തിന് ഡീസലടിച്ചെന്ന് കമ്പനി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ കോര്‍പറേഷനിലെ മാലിന്യസംസ്‌കരണത്തിന് കരാര്‍ ഏറ്റെടുത്ത വകയില്‍ സോൺട ഇന്‍ഫ്രാടെക്റ്റ് തിരിച്ചടക്കാന്‍ ഉള്ളത് 68,60,000 രൂപയെന്ന് മേയര്‍ ടി.ഒ. മോഹനന്‍. പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈപ്പറ്റിയ ഇത്രയും തുകയില്‍ 59 ലക്ഷം രൂപയോളം ചെലവായിപ്പോയെന്ന മറുപടിയാണ് കോര്‍പറേഷന് ലഭിച്ചത്. എന്നാല്‍, ബാക്കി തുക കൈവശമുണ്ടെന്നോ ചെലവായോ എന്നും പറഞ്ഞിട്ടില്ല. 35 ലക്ഷം രൂപ പ്രൊജക്ട് കോസ്റ്റ് ഇനത്തിലും ഡീസല്‍ ഇനത്തില്‍ 10 ലക്ഷം രൂപയും ബാക്കി തുക ശമ്പളം നല്‍കിയ ഇനത്തിലും ചെലവായെന്നാണ് കണക്ക്. ആകെ രണ്ടോ മൂന്നോ തവണ മാത്രം പദ്ധതി പ്രദേശത്ത് വന്നിട്ടുള്ള കമ്പനി 10 ലക്ഷം രൂപയ്ക്ക് ഡീസല്‍ അടിച്ചു എന്ന് പറയുന്നത് പോലും കള്ളമാണെന്നും തുക തിരിച്ചുപിടിക്കാന്‍ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

വന്‍ തുക ക്വാട്ട് ചെയ്തിട്ടും സോൺടയെ കണ്ണൂരിലെ മാലിന്യ സംസ്‌കരണ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഭാഗത്തുനിന്ന് വന്‍തോതിലുള്ള സമ്മര്‍ദം ഉണ്ടായെന്നും മേയര്‍ പറയുന്നു. 21,30,00,000 രൂപ ക്വാട്ട് ചെയ്ത സോൺടയെ ഒഴിവാക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടിയപ്പോഴെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തിലൂടെ കരാര്‍ സോൺടയ്ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു, ഒടുവില്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ വിഷയം അവതരിപ്പിച്ചാണ് സോൺടയുടെ കരാര്‍ റദ്ദാക്കിയതെന്നും മേയര്‍ പറഞ്ഞു. റീ ടെന്‍ഡര്‍ വിളിച്ച് ഏഴ് കോടി രൂപയ്ക്ക് പൂണെ ആസ്ഥാനമായുള്ള കമ്പനിയ്ക്ക് ചുമതല നല്‍കിയാണ് ഇപ്പോള്‍ മാലിന്യ സംസ്‌കരണം നടത്തുന്നതെന്നും മേയര്‍ പറയുന്നു

സംഭവത്തെ കുറിച്ച് മേയര്‍ പറയുന്നത്:

കണ്ണൂര്‍ കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണം നടത്താന്‍ കമ്പനികളെ ക്ഷണിച്ചുകൊണ്ട് കെഎസ്‌ഐഡിസിയാണ് ടെന്‍ഡര്‍ വിളിച്ചത്. ആ ടെന്‍ഡറില്‍ പങ്കെടുത്തത് സോൺട മാത്രം. സാധാരണ ഒരു ടെന്‍ഡര്‍ മാത്രം വന്നാല്‍ വീണ്ടും ടെന്‍ഡര്‍ വിളിക്കുകയാണ് രീതി എങ്കിലും സോൺടയെ സഹായിക്കാന്‍ ആ ടെന്‍ഡര്‍ അംഗീകരിക്കുകയായിരുന്നു. ബയോ മൈനിങ് നടത്തി മാലിന്യം നീക്കം ചെയ്യാന്‍ ഒരു ക്യൂബിക്‌സ് മീറ്റര്‍ മാലിന്യത്തിന് 1045 രൂപ എന്നതാണ് ശുചിത്വ മിഷന്റെ കണക്ക്. എന്നാല്‍ സോൺട ക്വാട്ട് ചെയ്തത് 1715 രൂപ. എന്നിട്ടും പദ്ധതി സോൺടയെ തന്നെ ഏല്‍പിക്കുകയായിരുന്നു.

40000 ക്യൂബിക് മീറ്റര്‍ മാലിന്യം ഉണ്ടെന്നാണ് പൊല്യൂഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പരിശോധിച്ച് തിട്ടപ്പെടുത്തിയത്. 40000 ക്യൂബിക് മീറ്റര്‍ മാലിന്യത്തിന് സോൺട ക്വാട്ട് ചെയ്തത് ആറ് കോടി 86 ലക്ഷം രൂപയാണ്. ഈ തുകയ്ക്ക് കെ.എസ്‌.ഐ.ഡി.സി ഇവരെ തിരഞ്ഞെടുത്തു എന്ന വിവരമാണ് കോര്‍പറേഷന് കിട്ടിയത്. എഗ്രിമെന്റിന്റെ ഡ്രാഫ്റ്റ് ഉള്‍പ്പടെ ഉണ്ടാക്കിയത് കെ.എസ്‌.ഐ.ഡി.സി ആണ്. മാലിന്യ നിര്‍മാര്‍ജനത്തില്‍ സോൺടയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ മൊത്തം തുകയുടെ പത്ത് ശതമാനം അവര്‍ക്ക് കൊടുക്കണം, ഇതിന് വേണ്ട യന്ത്രങ്ങള്‍ കൊണ്ടുവന്നാല്‍ 15 ശതമാനം വീണ്ടും കൊടുക്കണം എന്നായിരുന്നു കരാറില്‍ ഉണ്ടായിരുന്നത്.

ഇത്തരത്തില്‍ പ്രവൃത്തി ഫലപ്രദമായ രീതിയില്‍ ആരംഭിക്കും മുമ്പ് തന്നെ കോടികള്‍ സോൺടയ്ക്ക് കിട്ടുന്ന രീതിയിലാണ് കരാര്‍ ഉണ്ടാക്കിയിരുന്നതെന്നും മോഹനന്‍ പറയുന്നു. മറ്റ് വഴിയില്ലാത്തതിനാല്‍ കരാര്‍ പ്രകാരം പണി ആരംഭിക്കാന്‍ സോൺടയ്ക്ക് നിര്‍ദ്ദേശവും കൊടുക്കുകയും പത്ത് ശതമാനം തുകയായ 68,66,000 രൂപ കൈമാറുകയും ചെയ്തു. തുക കിട്ടി പണികള്‍ തുടങ്ങും മുമ്പ് കോര്‍പ്പറേഷന്‍ പറഞ്ഞതില്‍ കൂടുതല്‍ മാലിന്യം ഉണ്ടെന്നും മാലിന്യം വീണ്ടും അളക്കണമെന്നും സോൺട ആവശ്യപ്പെട്ടു. കരാര്‍ പ്രാബല്യത്തില്‍ വന്ന ശേഷം കമ്പനി ഉന്നയിച്ച ആവശ്യം അപ്രായോഗികമായതിനാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കി. എന്നാല്‍, മാലിന്യം വീണ്ടും അളക്കാന്‍ എന്‍.ഐ.ടിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുമായി ബന്ധപ്പെട്ട് മാലിന്യം അളക്കണം എന്നുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്ന് കിട്ടിയ നിര്‍ദേശം എന്നും കണ്ണൂര്‍ മേയര്‍ പറഞ്ഞു.

എന്‍.ഐ.ടി. നടത്തിയ പരിശോധനയില്‍ മാലിന്യത്തിന്റെ അളവ് 1,23,,832 ക്യൂബിക് മീറ്ററായി ഉയര്‍ന്നു. ഇതോടെ സോൺട കരാര്‍ തുക 21.33 കോടിയായി ഉയര്‍ത്തുകയും ചെയ്തു. അത് സ്വീകാര്യമല്ലെന്ന്‌ സര്‍ക്കാരിനെ അറിയിച്ചപ്പോള്‍ ഈ തുക തന്നെ നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തിലൂടെ അറിയിച്ചത്. ഒടുവില്‍ മുഖ്യമന്ത്രി മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തില്‍ വിഷയം അവതരിപ്പിച്ചാണ് സോൺടയുമായുളള കരാര്‍ റദ്ദാക്കി റീ ടെന്‍ഡര്‍ നടത്തി റോയല്‍ വെസ്റ്റേണ്‍ കമ്പനിയെ പദ്ധതി ഏല്‍പ്പിച്ചതെന്നും കോര്‍പ്പറേഷന്‍ മേയര്‍ പറഞ്ഞു.

സോൺടയ്ക്ക് കോര്‍പ്പറേഷന്‍ നല്‍കിയ 68,66,000 രൂപ തിരിച്ച് പിടിക്കേണ്ടതായുണ്ട് ഇതിനായുള്ള നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha