നാലുവർഷത്തിനകം 35 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ നൈപുണ്യ പരിശീലനം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

നാലുവർഷത്തിനകം 35 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ നൈപുണ്യ പരിശീലനം

അടുത്ത നാലുവർഷത്തിനകം 35 ലക്ഷം അഭ്യസ്തവിദ്യർക്ക്‌ നൈപുണ്യ പരിശീലനം നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നൈപുണ്യ പരിശീലനം നേടുന്നവരിൽ 20 ലക്ഷത്തിന്‌ നൂതന തൊഴിൽ ലഭ്യമാക്കുകയാണ്‌ നോളജ്‌ ഇക്കോണമി മിഷന്റെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കെ–ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള ജീനോം ഡാറ്റ സെന്റർ, മൈക്രോബയോം മികവിന്റെ കേന്ദ്രം എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്‌ട്രതലത്തിൽ നിലനിൽക്കുന്ന മാതൃകകൾക്ക്‌ അനുസൃതമായി ജീനോമിക്‌ ഡാറ്റ ക്യുറേറ്റ്‌ ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമായാണ്‌ കേരള ജീനോം ഡാറ്റ സെന്റർ സ്ഥാപിക്കുന്നത്‌. സൂക്ഷ്‌മാണുക്കളെയും അവരുടെ ജനിതക ഘടകങ്ങളെയും കുറിച്ചുള്ള പഠനങ്ങളാണ്‌ മൈക്രോബയോം എക്‌സലൻസ്‌ സെന്ററിന്റെ ഭാഗമായി ഉണ്ടാകുക. മെഡിക്കൽ ഗവേഷണത്തിനും പരിശീലനത്തിനുമുള്ള സാമ്പ്രദായിക സമീപനങ്ങളെ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം വരുംകാലത്തിന്റെ ചികിത്സാരീതികൾ മുൻകൂട്ടിക്കണ്ട്‌ പ്രവർത്തിക്കുന്നതിനും ജീനോമിക്‌ ഗവേഷണം സഹായകരമാണ്‌. അതിനുള്ള കേരളത്തിന്റെ ചുവടുവയ്‌പായി മാറും ജീനോം ഡാറ്റ സെന്റർ. ആരോഗ്യസംരക്ഷണം, നിർണായകമായ ജനിതകപ്രശ്‌നങ്ങളുടെ പഠനം, പ്രാഥമിക മേഖലയിലെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തൽ എന്നിവയെല്ലാം ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നു. 

സസ്യങ്ങൾ, മൃഗങ്ങൾ, സൂക്ഷ്‌മ ജീവികൾ എന്നിവയുടെ ജീനുകൾ കേന്ദ്രീകരിച്ചാണ്‌ തുടക്കത്തിൽ വിവരശേഖരണം നടത്തുക. അഞ്ചുവർഷംകൊണ്ട്‌ അഞ്ഞൂറുകോടി രൂപയാണ്‌ പദ്ധതിക്ക്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 50 കോടി രൂപ ഈ സാമ്പത്തികവർഷം നീക്കിവച്ചിട്ടുണ്ട്‌. മെഡിക്കൽ ഗവേഷണരംഗത്തും ആരോഗ്യപരിരക്ഷാരംഗത്തും നിർണായക ചുവടുവയ്‌പാകും ജീനോം ഡാറ്റ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു. യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം ജേതാക്കൾക്കുള്ള പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു. ജി.എസ്.ടി വകുപ്പിന്റെ പൗര സംതൃപ്തി സർവേ പ്രവർത്തന സജ്ജമായതായും അദ്ദേഹം അറിയിച്ചു.

ജീനോം റിസർച്ച് ഫൗണ്ടേഷൻ സ്ഥാപകൻ സാം സന്തോഷ്, ഡോ. അമിതാഭ ചൗധരി എന്നിവർ ചേർന്ന് രചിച്ച കേരള ജീനോം ഡാറ്റ സെന്റർ പദ്ധതി വിശദീകരണ പുസ്തകത്തിന്റെ പ്രകാശനം മന്ത്രി പി. രാജീവ് നിർവഹിച്ചു. വി.കെ. പ്രശാന്ത്‌ എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog