വ്യാജ ബലാത്സംഗക്കേസിൽ 25-കാരന് ഒടുവിൽ നീതി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 March 2023

വ്യാജ ബലാത്സംഗക്കേസിൽ 25-കാരന് ഒടുവിൽ നീതി

കോഴിക്കോട്: രണ്ടുവര്‍ഷത്തോളം നീണ്ട പ്രണയം, ഒടുവില്‍ കാമുകി മറ്റൊരു വിവാഹം കഴിച്ചെന്നു മനസിലായപ്പോള്‍ എല്ലാ ബന്ധവും ഉപേക്ഷിച്ചതായിരുന്നു പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ഇരുപത്തഞ്ചുകാരന്‍. പക്ഷേ, വ്യാജ ബലാത്സംഗക്കേസില്‍ പ്രതിയാക്കിയാണ് കാമുകിയായിരുന്ന യുവതി പ്രതികാരം ചെയ്തതെന്ന് ഇരുപത്തഞ്ചുകാരൻ പറയുന്നു.

താന്‍ ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ബലാത്സംഗക്കേസില്‍ അകത്താക്കുമെന്ന യുവതിയുടെ ഭീഷണി ആദ്യം കാര്യമാക്കിയിരുന്നില്ല. പക്ഷേ, യുവതി പരാതി നല്‍കിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായി. യുവതിയുടെ കുഞ്ഞിന്റെ പിതൃത്വവും യുവാവിന്റെമേല്‍ ആരോപിക്കപ്പെട്ടു. എന്നാല്‍, യുവതിയുടെ പരാതിയും മൊഴികളും വ്യാജമാണെന്ന് കോടതിയില്‍ പ്രതിഭാഗം വാദിച്ചു. ഒടുവില്‍ മാസങ്ങള്‍ക്കിപ്പുറം ബലാത്സംഗക്കേസില്‍ യുവാവിനെ കോടതി വെറുതെ വിടുകയും ചെയ്തു.

വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാകില്ലെന്നും അതിനാല്‍ വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവിനെ കോഴിക്കോട് അതിവേഗ പ്രത്യേക കോടതി വെറുതെവിട്ടത്. 2022 ഡിസംബര്‍ 12-നായിരുന്നു വിധിപ്രസ്താവം. യുവതിയുടെ കുഞ്ഞിന്റെ പിതാവ് 25-കാരനല്ലെന്ന് ഡി.എന്‍.എ. പരിശോധനയില്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിരുന്നു.

പ്രണയം, ചതി; യുവാവ് പറയുന്നതിങ്ങനെ....

2018-ലാണ് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവും നിലമ്പൂര്‍ സ്വദേശിയായ യുവതിയും പ്രണയത്തിലാകുന്നത്. മണ്ണാര്‍ക്കാട്ടെ സ്വകാര്യ സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. താന്‍ അനാഥയാണെന്നും കോഴിക്കോടാണ് സ്വദേശമെന്നുമാണ് യുവാവിനോട് യുവതി പറഞ്ഞിരുന്നത്. താന്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛനും അമ്മയും അനുജനും വാഹനാപകടത്തില്‍ മരിച്ചെന്നും തുടര്‍ന്ന് അച്ഛന്റെ സുഹൃത്ത് ദത്തെടുത്ത് വളര്‍ത്തിയതാണെന്നും യുവതി പറഞ്ഞിരുന്നു. ആരുമില്ലാത്ത പെണ്‍കുട്ടിക്ക് താങ്ങാകണമെന്നും ജീവിതസഖിയായി കൂടെക്കൂട്ടണമെന്നും യുവാവ് ആഗ്രഹിച്ചു.

മണ്ണാര്‍ക്കാട്ടെ ജോലിക്കിടെ പല ആവശ്യങ്ങള്‍ക്കായി പെണ്‍കുട്ടി യുവാവില്‍നിന്ന് പണം വാങ്ങിയിരുന്നു. എല്ലാ ആവശ്യങ്ങള്‍ക്കും കാമുകിയെ യുവാവ് സഹായിക്കുകയും ചെയ്തു. ഇരുവരും ഒരുമിച്ച് പുറത്തുപോകുന്നതും പതിവായിരുന്നു. ഒരിക്കല്‍ കോഴിക്കോട്ടെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് യുവാവ് ആവശ്യപ്പെട്ടപ്പോള്‍ കാമുകി തന്ത്രപൂര്‍വം ഒഴിഞ്ഞുമാറി. വീട് ജപ്തി ചെയ്യാന്‍ പോവുകയാണെന്നും ഇപ്പോള്‍ പോകാനാകില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി. തുടര്‍ന്ന് കോഴിക്കോട്ടേക്കാണെന്ന് പറഞ്ഞ് കൊച്ചിയിലേക്കാണ് യുവാവിനെ കൊണ്ടുപോയത്. അവിടെവെച്ച് ബന്ധുവാണെന്ന് പറഞ്ഞ് മറ്റൊരു യുവാവിനെയും പരിചയപ്പെടുത്തി നല്‍കി. എന്നാല്‍, ഇടുക്കി സ്വദേശിയായ ഈ യുവാവ് പെണ്‍കുട്ടിയുടെ അടുപ്പക്കാരനാണെന്ന് മണ്ണാര്‍ക്കാട്ടുകാരന് മനസിലായിരുന്നില്ല.

പ്രണയം ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് കോഴിക്കോട്ടു മറ്റൊരു ജോലി ശരിയായിട്ടുണ്ടെന്നും അതിനാല്‍ അവിടേക്ക് പോകണമെന്നും പെണ്‍കുട്ടി പറഞ്ഞത്. ഇതിനിടെ പെണ്‍കുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് യുവാവ് വീട്ടില്‍ പറഞ്ഞിരുന്നു. വീട്ടുകാര്‍ വിവാഹം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, കോഴിക്കോട്ടെ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനാകില്ലെന്നും അതിനാല്‍ ഇപ്പോള്‍ വിവാഹം വേണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ പ്രതികരണം. യുവാവ് ഇതെല്ലാം സമ്മതിക്കുകയും ചെയ്തു.

കോഴിക്കോട്ടേക്ക് ജോലിക്ക് പോയ പെണ്‍കുട്ടിയുമായി ഫോണിലൂടെ ബന്ധം തുടർന്നു. കോഴിക്കോട്ടേക്ക് പോയ പെണ്‍കുട്ടി യഥാര്‍ഥത്തില്‍ അവിടെനിന്ന് പോയത് ഇടുക്കിയിലെ മറ്റൊരാളുടെ അടുത്തേക്കായിരുന്നു. തുടര്‍ന്ന് അവിടെവെച്ച് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍, വിവാഹം കഴിഞ്ഞ ദിവസം വൈകിട്ട് പെണ്‍കുട്ടി മണ്ണാര്‍ക്കാട്ടെ കാമുകനെ വീഡിയോകോള്‍ ചെയ്തു. യാതൊരു സംശയത്തിനും ഇട നല്‍കാതെയായിരുന്നു പെരുമാറ്റം. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം കാമുകനെ കാണാനായി പെണ്‍കുട്ടി മണ്ണാര്‍ക്കാട്ട് എത്തുകയും ചെയ്തു. ഈ സമയം വിരലില്‍ പുതിയ മോതിരം കണ്ടതോടെ കാമുകന്‍ ഇതേക്കുറിച്ച് തിരക്കി. എന്നാല്‍, അച്ഛനും അമ്മയും അപകടത്തില്‍ മരിച്ചതിനാല്‍ അതിന്റെ കുറച്ച് പണം കിട്ടിയെന്നും ആ പണം കൊണ്ട് വാങ്ങിയ മോതിരമാണെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മറുപടി.

പ്രണയത്തിലായിരുന്ന സമയത്ത് യുവതിക്ക് മറ്റൊരാള്‍ നല്‍കാനുള്ള മുപ്പതിനായിരം രൂപ മണ്ണാര്‍ക്കാട്ടുകാരന്റെ അക്കൗണ്ടിലേക്കാണ് അയച്ചിരുന്നത്. ജോലിക്കാര്യത്തിനായി നേരത്തെ നല്‍കിയ തുകയാണെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നത്. തുടര്‍ന്ന് തന്റെ അക്കൗണ്ടിലെത്തിയ പണം കാമുകന്‍ പിന്‍വലിക്കുകയും പെണ്‍കുട്ടിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഇതെല്ലാം പിന്നീട് വളച്ചൊടിച്ച് തനിക്കെതിരായ പരാതിയായി വരുമെന്ന് അവന്‍ വിചാരിച്ചിരുന്നില്ല.

ചതി മനസിലാക്കുന്നു, പിന്നാലെ പരാതി

ഫെയ്‌സ്ബുക്കില്‍ വന്ന മെസേജും ചില ചിത്രങ്ങളും കണ്ടതോടെയാണ് കാമുകിയുടെ ചതി മണ്ണാര്‍ക്കാട്ടുകാരന്‍ മനസിലാക്കുന്നത്. പെണ്‍കുട്ടിയെ വിവാഹം കഴിച്ച ഇടുക്കി സ്വദേശിയുടെ സന്ദേശമായിരുന്നു അത്. ഇവരുടെ വിവാഹചിത്രങ്ങള്‍ ഉള്‍പ്പെടെ ഇടുക്കി സ്വദേശി മണ്ണാര്‍ക്കാട്ടുകാരന് അയച്ചുനല്‍കിയിരുന്നു. ഇതോടെയാണ് ഇത്രയും നാള്‍ പ്രണയിച്ച കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് മണ്ണാര്‍ക്കാട്ടുകാരന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായുള്ള എല്ലാ ബന്ധവും നിര്‍ത്തി. പക്ഷേ, നാളുകള്‍ക്ക് ശേഷം മറ്റൊരു പരാതിയുമായി പെണ്‍കുട്ടി യുവാവിനെ സമീപിക്കുകയായിരുന്നു.

തനിക്ക് കിട്ടാനുള്ള മുപ്പതിനായിരം രൂപ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ് മണ്ണാര്‍ക്കാട് പോലീസിനെയാണ് യുവതി ആദ്യം സമീപിച്ചത്. ആ സമയത്ത് ഗര്‍ഭിണിയായിരുന്നെങ്കിലും ബലാത്സംഗം ചെയ്‌തെന്ന ആരോപണമൊന്നും ഉന്നയിച്ചിരുന്നില്ല. യുവാവിന്റെ അക്കൗണ്ടിലേക്ക് തനിക്കുവേണ്ടി അയച്ചു നല്‍കിയ പണം നല്‍കിയിട്ടില്ലെന്നും ഇത് വാങ്ങിത്തരണമെന്നുമായിരുന്നു ആവശ്യം. ഇതോടെ യുവാവിനെ പോലീസ് വിളിപ്പിച്ചു.

എന്നാല്‍, പണം നേരത്തെ നല്‍കിയതാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും പോലീസുകാര്‍ വിശ്വസിച്ചില്ലെന്നാണ് യുവാവ് പറയുന്നത്. യുവതിയുടെ മൊഴി മാത്രമാണ് പോലീസ് വിശ്വാസത്തിലെടുത്തത്. യുവതിക്ക് പണം നല്‍കിയതിന്റെ തെളിവുകളൊന്നും തനിക്ക് ഹാജരാക്കാനും ഉണ്ടായിരുന്നില്ല. ഇതോടെ എങ്ങനെയും പണം നല്‍കി കേസ് ഒഴിവാക്കാനായി ശ്രമം. ഒടുവില്‍ അമ്മയുടെ താലി പണയംവെച്ചിട്ടാണ് അന്നേദിവസം തന്നെ മുപ്പതിനായിരം രൂപ യുവതിക്ക് നല്‍കിയതെന്നും മണ്ണാര്‍ക്കാട് സ്വദേശിയായ 25-കാരന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

മറ്റൊരാളുമായി അടുപ്പം, ഭീഷണിയും ബലാത്സംഗക്കേസും

മണ്ണാര്‍ക്കാട്ടുകാരനുമായി ബന്ധത്തിലിരിക്കെ തന്നെ കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായും യുവതി അടുപ്പത്തിലായിരുന്നു. അതിനാല്‍തന്നെ യുവതിയുടെ നേരത്തെയുള്ള ബന്ധങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ വിവരങ്ങളറിയാനായി മണ്ണാര്‍ക്കാട്ടുക്കാരനെ സമീപിച്ചു. യുവതിയെ താന്‍ വിവാഹം കഴിക്കാനിരിക്കുകയാണെന്നാണ് രാമനാട്ടുകര സ്വദേശി മണ്ണാര്‍ക്കാട്ടുകാരനോട് ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതോടെ തനിക്കുണ്ടായ അനുഭവം മണ്ണാര്‍ക്കാട്ടുകാരന്‍ തുറന്നുപറയുകയും ചെയ്തു. ഇക്കാര്യമെല്ലാം യുവതി അറിഞ്ഞതാണ് ബലാത്സംഗ പരാതിക്ക് കാരണമായതെന്നാണ് മണ്ണാര്‍ക്കാട് സ്വദേശി പറയുന്നത്.

''ആദ്യം അവളുടെ ഫോണ്‍കോളാണ് വന്നത്. ഒന്നുകില്‍ അവളെ ഞാന്‍ കൂടെതാമസിപ്പിക്കണമെന്നും അല്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ വേണമെന്നുമായിരുന്നു ആവശ്യം. ഇതിനൊന്നും തയ്യാറായില്ലെങ്കില്‍ ബലാത്സംഗ പരാതി കൊടുക്കുമെന്നും അവളുടെ വയറ്റിലുള്ള കുഞ്ഞ് എന്റേതാണെന്നും പറഞ്ഞു. എന്നാല്‍ ഞാന്‍ തെറ്റൊന്നും ചെയ്യാത്തതിനാല്‍ കേസ് കൊടുക്കണമെങ്കില്‍ കൊടുത്തോ എന്നായിരുന്നു മറുപടി നല്‍കിയത്. പിന്നാലെ അവള്‍ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷനില്‍ എനിക്കെതിരേ ബലാത്സംഗ പരാതി നല്‍കി''

കോഴിക്കോട്ടെയും ആലപ്പുഴയിലെയും ലോഡ്ജില്‍വെച്ച് വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. ആദ്യം കോഴിക്കോട്ടെ ലോഡ്ജില്‍വെച്ചും മാസങ്ങള്‍ക്ക് ശേഷം ആലപ്പുഴയിലെ ലോഡ്ജില്‍വെച്ചും പീഡനം നടന്നെന്നായിരുന്നു മൊഴി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു ആദ്യതവണത്തെ പീഡനം. തനിക്ക് നല്‍കാനുള്ള മുപ്പതിനായിരം രൂപ നല്‍കാമെന്ന് പറഞ്ഞാണ് ആലപ്പുഴയിലേക്ക് കൊണ്ടുപോയതെന്നും തുടര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നും മൊഴിയിലുണ്ടായിരുന്നു. ഇതിനു ശേഷമാണ് ഗര്‍ഭിണിയായതെന്നും കുഞ്ഞിന്റെ പിതാവ് മണ്ണാര്‍ക്കാട് സ്വദേശിയായ യുവാവാണെന്നും ആരോപിച്ചിരുന്നു.

യുവതിയുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പോലീസാണ് മണ്ണാര്‍ക്കാട് സ്വദേശിക്കെതിരേ കേസെടുത്തത്. തുടര്‍ന്ന് കോഴിക്കോട്ടുനിന്നുള്ള പോലീസ് സംഘം മണ്ണാര്‍ക്കാട്ടെത്തി അന്വേഷണം നടത്തുകയും ചെയ്തു. ഇതോടെ താന്‍ പീഡനക്കേസിലെ പ്രതിയായ വിവരം നാട്ടിലാകെ അറിഞ്ഞെന്നും പിന്നീടങ്ങോട്ട് കടുത്ത മാനസികസംഘര്‍ഷങ്ങളാണ് അനുഭവിച്ചതെന്നും യുവാവ് പറയുന്നു.

''പോലീസ് അന്വേഷണത്തിനെത്തിയപ്പോള്‍ ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. അച്ഛനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ എല്ലാ സംഭവങ്ങളും അവരോട് പറഞ്ഞു. അവളുടെ കല്യാണത്തിന്റെ ചിത്രങ്ങളടക്കം കാണിച്ചു നല്‍കി. ഇതിനു പിന്നാലെ വക്കീലിനെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം എടുത്തു. അതിനു ശേഷമാണ് കോടതിയില്‍ ഹാജരായത്.

ബലാത്സംഗക്കേസില്‍ പ്രതിയായതോടെ വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായി. വീട്ടില്‍ പോലീസ് വന്നതും ബലാത്സംഗക്കേസില്‍ പ്രതിയായതുമെല്ലാം നാട്ടില്‍ എല്ലാവരും അറിഞ്ഞിരുന്നു. ഇതോടെ നാണക്കേടായി. പണിക്ക് പോകാതായി. ഞാന്‍ പറയുന്നത് ആരും കേട്ടില്ല. ബന്ധുക്കള്‍ പോലും അകറ്റിനിര്‍ത്തി. കടുത്ത മാനസിക പ്രയാസങ്ങളാണ് അനുഭവിച്ചത്. മാസങ്ങളോളം മുറിക്കുള്ളില്‍ തന്നെ കഴിച്ചുകൂട്ടി.

ആ ദിവസങ്ങളില്‍ വീട്ടില്‍ ആരും മര്യാദയ്ക്ക് ഉറങ്ങിയിരുന്നില്ല. ഞാന്‍ കാരണമുണ്ടായ നാണക്കേട് കൊണ്ട് അമ്മയും അച്ഛനും തൂങ്ങിമരിക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായി. അനുജന്‍ കണ്ടതോടെയാണ് അവരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഞാനും ചായയില്‍ വിഷം കലര്‍ത്തി കുടിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എന്തോ ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.

പെണ്ണ് കേസില്‍ കുടുങ്ങിയ ആളാണെന്ന പേര് വന്നതോടെ നീ പോയി ചാവടാ എന്നായിരുന്നു പലരും പറഞ്ഞത്. ഇതിനിടെ അമ്മയെയും അച്ഛനെയും കാര്യങ്ങളെല്ലാം പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. സുഹൃത്തുക്കളോടും എല്ലാം തുറന്നുപറഞ്ഞു. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് മനസിലായതോടെ അവരെല്ലാം പിന്തുണച്ചു. ഒടുവില്‍ കൂട്ടുകാര്‍ നിരന്തരം നിര്‍ബന്ധിച്ചതോടെയാണ് വീടിന് പുറത്തൊക്കെ പോകാന്‍ തുടങ്ങിയത്. ആ ദിവസങ്ങളില്‍ സുഹൃത്തുക്കളല്ലാതെ ആരും കൂടെയുണ്ടായിരുന്നില്ല''- അന്നത്തെ ദിവസങ്ങള്‍ യുവാവ് ഓര്‍ത്തെടുത്തു.

കേസിന്റെ വിചാരണ, ഒടുവില്‍ ആശ്വാസവിധി

കോഴിക്കോട് അതിവേഗ കോടതിയിലായിരുന്നു കേസിന്റെ വിചാരണ. പോലീസിന് മുന്നിലും കോടതിയിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് യുവാവ് ആവര്‍ത്തിച്ച് പറഞ്ഞു. പ്രണയത്തിലായിരിക്കെ ശാരീരികബന്ധത്തിലേര്‍പ്പെട്ടത് യുവതിയുടെ സമ്മതത്തോടെയായിരുന്നു. ശാരീരികബന്ധത്തിന് മുന്‍കൈയെടുത്തത് യുവതി തന്നെയായിരുന്നുവെന്നും യുവാവ് പറഞ്ഞു.

തൃശ്ശൂരിലെ അഭിഭാഷകനായ എം. ഹരി കിരണ്‍, വിമല്‍ ശങ്കര്‍ എന്നിവരാണ് പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ ഹാജരായത്. യുവതി പരാതി നല്‍കാന്‍ വൈകിയതും മൊഴികളിലെ വൈരുദ്ധ്യവുമെല്ലാം പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ കോടതിയും സംശയം പ്രകടിപ്പിച്ചു. ആദ്യ തവണ ബലാത്സംഗത്തിനിരയായിട്ടും വീണ്ടും അതേയാള്‍ വിളിച്ചപ്പോള്‍ കൂടെപോയതും സംശയത്തിനിടയാക്കി. ക്രോസ് വിസ്താരത്തില്‍ യുവതി വിവാഹിതയാണെന്ന് മറച്ചുവെച്ചതും പ്രതിഭാഗം കോടതിക്ക് മുന്നില്‍ തുറന്നുകാണിച്ചു. മാത്രമല്ല, യുവതിയുടെ കുഞ്ഞിന്റെ പിതാവ് മണ്ണാര്‍ക്കാട് സ്വദേശിയല്ലെന്ന് ഡി.എന്‍.എ. പരിശോധനയിലും തെളിഞ്ഞു. ഇതോടെയാണ് ബലാത്സംഗക്കേസില്‍ യുവാവിനെ കോടതി വെറുതെവിട്ടത്.

വിവാഹിതയായ സ്ത്രീക്ക് മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കാനാകില്ലെന്നും അതിനാല്‍ വിവാഹവാഗ്ദാനം നല്‍കി സമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന സുപ്രധാന നിരീക്ഷണവും വിധി പ്രസ്താവത്തിലുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog