സ്വകാര്യ വനങ്ങൾ സർക്കാരിൽ നിക്ഷിപ്തമാക്കുമ്പോൾ 50 സെന്റ് വരെ കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി 1971ലെ സ്വകാര്യ വനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചു കൊടുക്കലും നിയമ ഭേദഗതി ബിൽ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭാ തീരുമാനം.
ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകി. കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ പരിഗണിക്കാവുന്ന തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമസ്ഥാവകാശം അനുവദിക്കാനാണ് ബില്ലിലെ നിർദേശം. കഴിഞ്ഞ ദിവസം വനം, റവന്യു, നിയമ മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കർഷകർക്ക് ഇളവ് നൽകുന്നതിനെയും തെളിവിന്റെ കാര്യത്തിലും മുൻപ് എതിർപ്പ് പ്രകടിപ്പിച്ചിരുന്ന വനം വകുപ്പ് നിലപാട് മയപ്പെടുത്തി. ഇതോടെ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമായി.
ചെറുകിട കർഷകർ ഉൾപ്പെടെ ആർക്കും ഇളവ് നൽകാൻ പാടില്ലെന്നായിരുന്നു വനം വകുപ്പിന്റെ ആദ്യ നിലപാട്. പിന്നീട് 25 സെന്റ് വരെയുള്ള കർഷകർക്ക് ഇളവു നൽകാമെന്ന് അവർ മയപ്പെടുത്തി. എന്നാൽ 50 സെന്റ് വരെയെങ്കിലും ഇളവു നൽകണമെന്ന കർശന നിലപാടാണ് റവന്യു വകുപ്പ് സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലും വനംമന്ത്രി ഇക്കാര്യത്തിൽ തന്റെ എതിർപ്പ് അറിയിച്ചിരുന്നു.
കർഷകർ ഹാജരാക്കുന്ന രേഖ തർക്കമറ്റ തെളിവായി കണക്കാക്കണമെന്ന സുപ്രീംകോടതി വിധിയുടെ ബലത്തിൽ പുതിയ ഭേദഗതി ബില്ലിലും അങ്ങനെ തന്നെ വേണമെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. അല്ലെങ്കിൽ 'പരിഗണിക്കാവുന്ന തെളിവാ’യി എങ്കിലും ഉൾപ്പെടുത്തണമെന്നും അവർ വാദിച്ചു. വനംമന്ത്രി ഇതിന് വഴങ്ങിയതോടെയാണ് പ്രശ്നം പരിഹരിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു