കരിവെള്ളൂർ : കൃഷിയിടങ്ങളിൽ മാത്രമല്ല, വീട്ടുമുറ്റത്തെ കിണറുകളിലും ഉപ്പുവെള്ളമെത്തിയതോടെ കുണിയൻ നിവാസികൾ ആശങ്കയിൽ. കുണിയൻ മുങ്ങം പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള വീട്ടുകിണറുകളാണ് ഉപ്പുവെള്ളം കയറിയതുമൂലം ഉപയോഗശൂന്യമായത്. മറ്റ് സ്ഥലങ്ങളിൽനിന്ന് വെള്ളം കൊണ്ടുവന്നാണ് ഇവർ കാര്യങ്ങൾ നിർവഹിക്കുന്നത്.
ഡിസംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ കുണിയൻ നിവാസികൾ ഉപ്പുവെള്ളത്തെ ഭയന്നാണ് ജീവിക്കുന്നത്. വേലിയേറ്റസമയത്ത് കടലിൽനിന്ന് കാരതലിച്ചാലം വഴി ഉപ്പുവെള്ളം കുണിയൻ പുഴയിലെത്തും. അവിടെനിന്ന് ഏതുസമയത്തും കിണറുകളിലും കൃഷിയിടങ്ങളിലും എത്താമെന്നാണ് സ്ഥിതി.
വർഷങ്ങൾക്കുമുമ്പ് വരെ കാരതലിച്ചാലം അണക്കെട്ടിൽ ഉപ്പുവെള്ളം തടയാൻ തടയണയുണ്ടായിരുന്നു. പിന്നീട് അത് നശിച്ചുപോയി. ഇത്രയും കാലം കുണിയനിലെ രണ്ടാംവിള നെൽകൃഷിയെയാണ് ഉപ്പുവെള്ളം കൂടുതലായി ബാധിച്ചത്. എന്നാൽ, കഴിഞ്ഞവർഷം മുതൽ ഉപ്പുവെള്ളത്തിന്റെ വരവിന് ശക്തികൂടി. സമീപത്തെ കിണറുകളിലും വെള്ളമെത്താൻ തുടങ്ങി. കിണറുകളിലെ വെള്ളത്തിന് നിറം മാറ്റം തന്നെയുണ്ടായി. പച്ചക്കറിക്കൃഷിക്ക് ഒഴിക്കാൻ പോലും മറ്റ് സ്ഥലങ്ങളിൽനിന്ന് വെള്ളം കെട്ടിക്കൊണ്ടുവരേണ്ട അവസ്ഥയിലാണിവർക്ക്. പുഴയുടെ മറ്റൊരു കരയിലുള്ള തൃക്കരിപ്പൂർ പഞ്ചായത്തിലെ ചെറുകാനം പ്രദേശത്തും കിണറുകളിൽ ഉപ്പുവെള്ളഭീഷണി വലിയതോതിലുണ്ട്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു