കാട്‌ കാക്കാൻ കാടിന്റെ മക്കൾ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 16 February 2023

കാട്‌ കാക്കാൻ കാടിന്റെ മക്കൾ

കണ്ണൂർ : ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉറച്ച കാൽവെപ്പോടെയാണ് അവർ ജില്ലാപഞ്ചായത്ത് ഓഫീസിന്റെ പടികയറി മുകളിലേക്കെത്തിയത്.

ഒരുവർഷം മുൻപ്‌ നാണം കുണുങ്ങികളും അന്തർമുഖരുമായിരുന്ന അവർ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ജില്ലാപഞ്ചായത്ത് ഓഫീസിന്റെ സമ്മേളനഹാളിൽ കടന്നിരുന്നത്. ഇവർക്ക് അവിടെ ജില്ലാപഞ്ചായത്ത് സ്വീകരണമൊരുക്കിയിരുന്നു. അവരെ സ്വീകരിക്കാൻ ജില്ലാപഞ്ചയത്ത് പ്രസിഡന്റും മറ്റംഗങ്ങളും ഉദ്യോഗസ്ഥരും കാത്തിരുന്നു.

യൂണിഫോം സേനയിൽ ജോലിചെയ്യുന്നതിന് പട്ടികവിഭാഗക്കാർക്കായി ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പഠന-പരിശീലനത്തിലൂടെ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനം ലഭിച്ചവരാണിവർ. മലയോരത്തെ വിവിധ കോളനികളിൽനിന്ന്‌ എത്തിയവർ.

ഇതിൽ റാങ്ക് പട്ടികയിൽ രണ്ടാംസ്ഥാനത്തെത്തിയ കെ.എസ്.ശ്രീജിത്ത്, അനിലാൽ അശോകൻ, സി.എൻ.അനന്തു, ടി.ആർ.ദർശന, കെ.അരുൺ, ടി.ആർ.അരുൺ, എ.വിഷ്ണു, ഷൈനീഷ്, പി.പി.അഖിലേഷ് എന്നിവരാണ് ജോലി ലഭിച്ച മറ്റുള്ളവർ. ഒരു പെൺകുട്ടി എത്തിയില്ല.

ജില്ലാപഞ്ചായത്തിന്റെ 2022-23 വർഷത്തെ എസ്.ടി. ഉപപദ്ധതിയിൽ ഉൾപ്പെടുത്തി മയ്യിൽ ഡ്രോൺ അക്കാദമി മുഖേനയാണ് പരിശീലനം നല്കിയത്. മൂന്നോറോളം പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. ഇവരിൽ നിരവധിപേർ വിവിധ സേനാവിഭാഗങ്ങളിൽ പരീക്ഷകളുടെ വിവിധ ഘട്ടങ്ങളിൽ യോഗ്യത നേടിയിട്ടുണ്ട്.

ജില്ലാപഞ്ചായത്ത് ഹാളിൽ നൽകിയ അനുമോദനയോഗം പ്രസിഡൻറ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പ്രസിഡന്റ് മധുരം നൽകി. വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരം സമിതി ചെയർമാൻമാരായ വി.കെ.സുരേഷ് ബാബു, ടി.സരള, യു.പി.ശോഭ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എ.വി.അബ്ദുൽ ലത്തീഫ്, ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീസർ എസ്.സന്തോഷ്‌കുമാർ, പരിശീലകരായ കെ.രാജേഷ്, സി.സുമേഷ് തുടങ്ങിയവർ സംബന്ധിച്ചു.

“ഈ പരിശീലനം വെറുതെയാണെന്നാണ് ആദ്യം തോന്നിയത്. ശുപാർശയുണ്ടെങ്കിലേ സർക്കാർ ജോലി ലഭിക്കൂ എന്ന് പലരും പറഞ്ഞു. ഇപ്പോൾ സന്തോഷമായി’ -രണ്ടാം റാങ്കുകാരനായ ശ്രീജിത്ത് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog