കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഇനി പഞ്ചായത്തിനു അനുവാദം നൽകാൻ ആലോചന - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Monday, 9 May 2022

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ഇനി പഞ്ചായത്തിനു അനുവാദം നൽകാൻ ആലോചന

കാട്ടുപന്നികളെ ഇനി സമയനഷ്ടമില്ലാതെ വെടിവയ്ക്കാം


കോഴിക്കോട് : കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും നൽകാൻ ആലോചന. നിലവിൽ വൈൽഡ് ലൈഫ് വാർഡനും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കുമുള്ള അധികാരം കൂടുതൽ വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തദ്ദേശ–വനം സെക്രട്ടറി തല ചർച്ചകളെ തുടർന്ന് നിയമവശങ്ങൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടു വകുപ്പുകളുടെ കൂട്ടായ തീരുമാനം വേണമെന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമായിരിക്കും തുടർ നടപടികൾ.

കൃഷി നാശം ഉണ്ടാക്കുന്ന കാട്ടു പന്നികളെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് നീട്ടി നൽകി കഴിഞ്ഞ ദിവസം വനം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് നടപടികൾ ലഘൂകരിക്കാനും ചർച്ചകൾ ആരംഭിച്ചത്. കാട്ടു പന്നികളെ ‘വെർമിൻ’ ആയി പ്രഖ്യാപിക്കുന്നതിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അനുകൂല നിലപാട് അടുത്ത കാലത്തൊന്നും ഉണ്ടായേക്കില്ല എന്ന സൂചനയും സർക്കാരിന് ലഭിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റ് വളയലിലേക്ക് ഉൾപ്പെടെ നീങ്ങുന്ന കർഷക പ്രതിഷേധം തണുപ്പിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ചർച്ചകൾ.

പഞ്ചായത്ത് പ്രസിഡന്റിന് ജില്ലാ മജിസ്ട്രേട്ടിന്റെ അധികാരം നൽകി, ക്ഷുദ്രജീവികളെ വെടിവയ്ക്കാനുള്ള അനുമതി നൽകുന്നതിന്റെ നിയമവശം പരിശോധിക്കാനാണ് സെക്രട്ടറി തല തീരുമാനം. അനുമതി ലഭിച്ചാൽ കാട്ടുപന്നികൾ വിള നശിപ്പിക്കാൻ ഇറങ്ങിയാൽ വെടി വെയ്ക്കാനുള്ള നടപടികൾ സമയനഷ്ടം കൂടാതെ സ്വീകരിക്കാൻ സാധിക്കും. പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കാട്ടുപന്നികളെ ‘ശല്യക്കാരാ’യി പ്രഖ്യാപിച്ച് വെടിവെയ്ക്കാൻ അനുമതി നൽകുന്നതിനുള്ള ഉത്തരവിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്താനും വനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർദേശം നൽകിയിട്ടുണ്ട്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog