ചെങ്കൊടി കാണുമ്പോള്‍ ചില മാടമ്പിമാര്‍ക്ക് വല്ലാത്ത ഹാലിളകുന്നു; ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന് പിണറായിയുടെ മറുപടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Friday, 4 March 2022

ചെങ്കൊടി കാണുമ്പോള്‍ ചില മാടമ്പിമാര്‍ക്ക് വല്ലാത്ത ഹാലിളകുന്നു; ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന് പിണറായിയുടെ മറുപടി
കൊച്ചി: ചെങ്കൊടി കാണുമ്പോള്‍ ചിലര്‍ക്കു വല്ലാത്ത ഹാലിളക്കമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അവരോടു ഒന്നേ പറയാനുള്ളൂ. അധ്വാനിക്കുന്നവന്റെ പതാകയാണു ചെങ്കൊടി. ഈ ചോദ്യം പണ്ടു പലരും ചോദിച്ചതാണ്. അതു അന്നത്തെ മാടമ്പിമാരായിരുന്നു. അവര്‍ക്ക് ഉത്തരം കൊടുത്താണു കമ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നുവന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിന്റെ സമാപനംകുറിച്ചു നടന്ന മഹാറാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നടപ്പാത കൈയേറി സംസ്ഥാന സമ്മേളനത്തിന്റെ കൊടിതോരണം കെട്ടുന്നതിനെ കഴിഞ്ഞദിവസം ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതു മനസില്‍ വച്ചാണു മുഖ്യമന്ത്രി പരോക്ഷമായി ജഡ്ജിയെ പേരെടുത്തു പറയാതെ കടന്നാക്രമിച്ചത്. ഒരു രാഷ്ട്രിയപാര്‍ട്ടിയ്ക്കു എന്തും ആകാമെന്നാണോ എന്നായിരുന്നു ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണെന്നും അതാണോ കേരളത്തിന്റെ നിയമ വ്യവസ്ഥയെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചിരുന്നു.

താങ്ങും കരുതലും കിട്ടി വളര്‍ന്ന പാര്‍ട്ടിയല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നു പിണറായി പറഞ്ഞു. ചുവപ്പുകണ്ടാല്‍ കാള ഇടയുംപോലെയാണു ചെങ്കൊടി കണ്ടാല്‍ ചിലര്‍ക്ക്. അതു നല്ലതല്ല. ഇതു ജനത്തിന്റെ പാര്‍ട്ടിയാണ്. ജനമാണു പാര്‍ട്ടിയെ ഏറ്റെടുത്തു വളര്‍ത്തിയത്. തങ്ങള്‍ക്കു തെറ്റു പറ്റാറുണ്ട്. അതു ശ്രദ്ധയില്‍പ്പെട്ടാല്‍ തിരുത്തി മുന്നോട്ടുപോകും. അതിനു തങ്ങള്‍ക്കു മാര്‍ഗവുമുണ്ട്. കാല്‍വഴുതിപോയവരെ നശിപ്പിക്കാനല്ല, തെറ്റു തിരുത്താനുള്ള സാവകാശം നല്‍കി തിരിച്ചുവരാനുള്ള അവസരം നല്‍കുകയാണ്. പാര്‍ട്ടിയ്ക്കു അമ്മയുടെ സ്ഥാനമാണ്. അതു ഭംഗിവാക്കല്ല.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog