പ്രാദേശിക സർക്കാരിന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 26 December 2021

പ്രാദേശിക സർക്കാരിന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ


പ്രാദേശിക സർക്കാരിന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞു:മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂര്‍ :മാലൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം തദ്ദേശ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ഓഖി, പ്രളയം, കൊവിഡ് തുടങ്ങി നിരവധിയായ പ്രശ്നങ്ങൾ നേരിട്ടപ്പോൾ ഒരു പ്രാദേശിക സർക്കാരിന്റെ ഉത്തരവാദിത്തം മികച്ച രീതിയിൽ നിർവഹിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞെന്ന് മന്ത്രി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഏതു തരത്തിലുള്ള പ്രവർത്തനങ്ങൾ വരുമ്പോഴും തദ്ദേശ സ്ഥാപനങ്ങൾ ബന്ധപ്പെടുത്തി നടപ്പാക്കുന്നതും അത് കൊണ്ടാണ്. ജനകീയാസൂത്രണത്തിന്റെ 25 വർഷം കഴിയുമ്പോൾ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒരു പുതിയ തലത്തിൽ എത്തിയിരിക്കുകയാണ്. 

തദ്ദേശ സ്ഥാപനങ്ങൾ അഴിമതി രഹിത ഓഫീസുകളായി വളരണം. അതിനായി ജനകീയ ഇടപെടലും സർക്കാരിന്റെ സമീപനവും കൃത്യമായ മേൽനോട്ടവുമാണ് ആവശ്യം.

പൊതുജനങ്ങൾ സേവനങ്ങൾക്കായി ഓഫീസിൽ കയറിയിറങ്ങി മടുക്കുന്ന അവസ്ഥ ഇനി ഉണ്ടാവരുത്. സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കാനുള്ള നടപടികളും സർക്കാർ നടപ്പാക്കി വരികയാണ് മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം അതിന്റെ വികസന പാത പ്രത്യേക ദിശാ ബോധത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ആളോഹരി വരുമാനത്തിൽ കേരളം പിന്നിലാണെങ്കിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി വികസനം ഏറ്റവും പിന്നണിയിൽ നിൽക്കുന്നവരിൽ നിന്നാണ് ആരംഭിച്ചത്. ഗുണമേന്മയോടെ ജീവിക്കുന്ന പാവപ്പെട്ടവരുടെ നാടാണ് കേരളം. നല്ല രീതിയിലുള്ള ദിശാബോധത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോയതിന്റെ ഫലമാണിത്. പാവപ്പെട്ടവന് നല്ല രീതിയിൽ ജീവിക്കാനുള്ള പശ്ചാത്തലം ഇവിടെയുണ്ട്. നല്ല പാർപ്പിടം, ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാനപരമായ സൗകര്യങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ട്- മന്ത്രി പറഞ്ഞു.

തൊഴിലില്ലായ്മയാണ് നാം ഇപ്പോൾ നേരിടുന്ന പ്രശ്നം. അത് പരിഹരിക്കാനുള്ള ഫലപ്രദമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. കെ ഡിസ്ക് പദ്ധതിയുടെ ഭാഗമായി 20 ലക്ഷം പേർക്കാണ് തൊഴിൽ നൽകാൻ പോകുന്നത്-മന്ത്രി പറഞ്ഞു.

എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് മാലൂർ ഗ്രാമപഞ്ചായത്ത്‌ ഓഫീസ് കെട്ടിട സമുച്ചയം നിർമ്മിക്കുക.

ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം വി ഗീത, പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ സുധാകരൻ, സ്ഥിരം സമിതി അധ്യക്ഷ പ്രേമി പ്രേമൻ, അംഗം ശിഹാബുദ്ദീൻ പട്ടാരി, മാലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് വി ഹൈമാവതി, വൈസ് പ്രസിഡണ്ട് സി ജനാർദ്ദനൻ, സ്ഥിരം സമിതി അധ്യക്ഷരായ സി രജനി, രമേശൻ കോയിലോടൻ, രേഷ്മ സജീവൻ, അംഗം കാഞ്ഞിരോളി രാഘവൻ മാസ്റ്റർ, സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം വി കെ സനോജ്, മാലൂർ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി പി അനിൽകുമാർ, മുൻ പ്രസിഡണ്ടുമാർ, സാമൂഹ്യ-രാഷ്ട്രീയ രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog