ബസിൽ ഞെങ്ങി ഞെരുങ്ങി വിദ്യാർഥികളുടെ യാത്ര

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂർ : 48 സീറ്റുള്ള സ്വകാര്യ ബസ്. 11 സ്റ്റാന്റിങ്ങടക്കം 60 പേരെ കയറ്റേണ്ടുന്ന വാഹനത്തിൽ അതിലിരട്ടി യാത്രക്കാർ. ഏറെയും വിദ്യാർഥികൾ. വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളുടെ വരവും പോക്കും അതികഠിനമായി.

അത്രയ്ക്ക് തിക്കും തിരക്കുമാണ് ബസിൽ. പ്ലസ് വൺ വിദ്യാർഥികൾകൂടി തിങ്കളാഴ്ച വിദ്യാലയത്തിലേക്ക് എത്തിയതോടെ ബസിനുള്ളിൽ കോവിഡിനെ മറന്ന യാത്രയാണ്. കുട്ടികളെ എങ്ങനെ കയറ്റും എന്ന ചോദ്യവുമായി ബസുകാരും വാതിൽക്കൽ നിൽപ്പുണ്ട്.

അതിനിടയിലൂടെ വിദ്യാർഥിപാസ് ഇല്ലാതെ കെ.എസ്.ആർ.ടി.സി.യും ഓടുന്നു.

സ്കൂൾ തുറന്നിട്ടും യാത്രാമാർഗങ്ങളുടെ കുറവ് വിദ്യാർഥികളെ വളരെയധികം ബാധിക്കുന്നു. കോവിഡിന് മുൻപ്‌ ജില്ലയിൽ ഓടിയിരുന്നത് 1300 സ്വകാര്യ ബസുകളാണ്. കോവിഡ് പ്രതിസന്ധിക്കുശേഷം 600-700 ബസുകൾ മാത്രമാണ് നിരത്തിലുള്ളത്. അഞ്ഞൂറിലധികം ബസുകളുടെ കുറവ് കോവിഡ് കാല യാത്രയെ ബാധിക്കുന്നു. സ്കൂൾ ബസുകളിൽ പലതും ഫിറ്റ്‌നസില്ലാത്ത കാരണത്താൽ ഓടിക്കുന്നില്ല. ജില്ലയിൽ നിലവിൽ 60 സ്കൂൾ ബസുകൾക്ക് മാത്രമാണ് ഫിറ്റ്‌നസ് നൽകിയതെന്ന് ആർ.ടി.ഒ. ഓഫീസ് അധികൃതർ അറിയിച്ചു. ജില്ലയിൽ ചുരുക്കം ചില സ്കൂളുകൾ മാത്രമാണ് കെ.എസ്.ആർ.ടി.സി. ബോണ്ട് സർവീസ് തുടങ്ങിയത്. ഇതും വിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു.

സ്വകാര്യ ബസുകളിൽ ഒരുരൂപ പാസുമായി പോകുമ്പോഴുള്ള 'ഉരസൽ' വരും ദിവസങ്ങളിൽ ഉണ്ടാകാം. സാമ്പത്തികപ്രശ്‌നം കാരണം നിർത്തിയിട്ട ബസുകളിൽ ഭൂരിഭാഗവും ബ്രേക്ക് എടുത്തിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി രാജ്കുമാർ കരുവാരത്ത് പറഞ്ഞു. ഇതിന് 70,000 രൂപയോളം വരും. ഇൻഷുറൻസിന് 80,000 രൂപ വേണം. പലതിനും ബാറ്ററിയും ടയറും പോയിട്ടുണ്ട്. അത് നന്നാക്കണം. എല്ലാം കൂടി ബസ് നിരത്തിലോടാൻ രണ്ടുലക്ഷം രൂപയോളം ചെലവ് വരും. അത്തരം ബസ് വിദ്യാർഥികളുമായി ഓടിക്കുന്നതിനെക്കാൾ ഭേദം ബസ് നിരത്തിൽ ഇറക്കാതിരിക്കുന്നതല്ലേ എന്ന് ഉടമകൾ ചോദിക്കുന്നു. നൂറോളം ബസുകൾ തുരുമ്പിച്ച് കിടക്കുന്നുണ്ട്. പലതും ആക്രിവിലയ്ക്ക് വിറ്റു. ഗ്രാമീണമേഖലയിലെ ബസുകളാണ് ഏറെ തകർന്നുപോയതെന്ന് ഉടമകൾ പറയുന്നു.

പകരം യാത്രയ്ക്ക് തീവണ്ടിയില്ല

:ബസിൽ തിങ്ങിനിറഞ്ഞുള്ള യാത്രയ്ക്ക് ഒരു പ്രധാന കാരണം പാസഞ്ചർ തീവണ്ടിയോ എക്‌സ്‌പ്രസ്‌ തീവണ്ടികളിൽ ജനറൽ കോച്ചോ ഇല്ലാത്തതാണ്.

കെ.എസ്‌.ആർ.ടി.സി.യിൽകൂടി യാത്രാസൗജന്യം ഇല്ലാത്തതിനാൽ ആ തിരക്ക് മുഴുവൻ സ്വകാര്യ ബസിലേക്കായി. കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ ഒരു അൺ റിസർവ്ഡ് തീവണ്ടി മാത്രമാണ് ഉള്ളത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ ഒരു മെമു മാത്രം ഓടുന്നു. ഹാൾട്ട് സ്റ്റേഷനുകളിൽ മെമുവിന് സ്റ്റോപ്പില്ല. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾക്ക് ധർമടത്ത് ഇറങ്ങാനാകില്ല. നാല്‌ വണ്ടികളിൽ ജനറൽ കോച്ചുകൾ അനുവദിച്ചെങ്കിലും വിദ്യാർഥികളുടെ സമയ യാത്രക്ക് ഇതുകൊണ്ട് കാര്യമില്ല. എക്സ്‌പ്രസ് വണ്ടികളിൽ എല്ലാ വിദ്യാർഥികൾക്കും 50 ശതമാനം സൗജന്യനിരക്കിൽ സീസൺ ടിക്കറ്റ് കിട്ടും. എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 25 ശതമാനം നൽകിയാൽ മതി. അതൊന്നും ഇപ്പോഴില്ല.

കണ്ണൂർ- തലശ്ശേരി റൂട്ടിൽ യാത്ര സാഹസികം

എടക്കാട്: കണ്ണൂർ- തലശ്ശേരി റൂട്ടിൽ ട്രാൻസ്പോർട്ട് ബസുകൾ പിൻവലിഞ്ഞതും സ്വകാര്യ ബസുകൾ നാലിലൊന്നായി ചുരുങ്ങിയതും രാവിലെയും വൈകുന്നേരവും യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കി. മിക്ക സ്കൂളുകളും സ്വന്തം വാഹനങ്ങൾ സർവീസ് ആരംഭിക്കാത്തത് കാരണം പെൺകുട്ടികളുൾപ്പെടെയുള്ളവർ സ്വകാര്യ ബസുകളിലും മറ്റുമാണ് സ്കൂളുകളിലെത്തുന്നത്.

ഓരോ സ്റ്റോപ്പിൽനിന്നും യാത്രക്കാർ ബസിൽ കയറിപ്പറ്റാനും വലിയ പ്രയാസം അനുഭവിക്കുന്നുണ്ട്.

തോട്ടട എസ്.എൻ. കോളേജ്, ടെക്നിക്കൽ ഹൈസ്കൂൾ, ഗവ. ഐ.ടി.ഐ., ഗവ. പോളിടെക്നിക്‌ കോളേജ്, തോട്ടട ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ, മുഴപ്പിലങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂൾ തുടങ്ങി നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യവസായ വാണിജ്യസ്ഥാപനങ്ങളും ഈ റൂട്ടിലുണ്ട്. യാത്രക്കാരെ കുത്തിനിറച്ചുള്ള യാത്ര കോവിഡ് ഭിതിയും വർധിപ്പിക്കുന്നു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha