മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാക്കൂട്ടം പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണം: ജില്ലാ വികസന സമിതി യോഗം

ഇരിട്ടി :കണ്ണൂര്‍ ജില്ലയില്‍ നിന്നും കര്‍ണാടകയിലേക്കുള്ള അന്തര്‍സംസ്ഥാന പാതയിലെ യാത്രാ നിയന്ത്രണം ഒഴിവാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.

അതിര്‍ത്തി പ്രദേശത്തെ കുടിയിറക്ക് പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്. യാത്രാ നിയന്ത്രണം കുടക് ജില്ലാ ഭരണകൂടം വീണ്ടും നീട്ടിയിരിക്കുകയാണെന്ന് സണ്ണിജോസഫ് എംഎല്‍എ ചൂണ്ടിക്കാട്ടി. നിലവില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. സ്വകാര്യ ബസ്സുകള്‍ക്കും അനുവാദം നല്‍കണം. കേരള അതിര്‍ത്തിയില്‍ താമസിക്കുന്ന മൂന്ന് കുടുംബങ്ങളോട് ഒഴിഞ്ഞുപോകാന്‍ കര്‍ണാടക ആവശ്യപ്പെട്ട കാര്യം അഡ്വ. ബിനോയ് കുര്യന്‍ ഉന്നയിച്ചു. ഇത്തരം പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവരെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്. അതിനാല്‍ സംയുക്ത സര്‍വ്വെ നടത്തി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.  

കൊവിഡിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി മലയോര മേഖലകളിലടക്കം നിര്‍ത്തിവെച്ച സര്‍വ്വീസുകളില്‍ പലതും പുനഃസ്ഥാപിച്ചിട്ടില്ല. കൊവിഡ് നിയന്ത്രണത്തില്‍ അയവ് വന്ന് സ്‌കൂളുകള്‍ തുറന്നിട്ടും സര്‍വ്വീസ് പുനഃസ്ഥാപിക്കാത്തത് യാത്രാക്ലേശം രൂക്ഷമാക്കുകയാണ്. ഒറ്റ ബസ് മാത്രമുണ്ടായിരുന്ന ചില പ്രദേശങ്ങളിലെ സര്‍വ്വീസ്‌പോലും നിലച്ചത് പുനരാരംഭിച്ചിട്ടല്ല. ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിയതിനാല്‍ പട്ടികവര്‍ഗ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി.

പഴശ്ശി പദ്ധതി പ്രദേശങ്ങളെ കോര്‍ത്തിണക്കി ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വിപുലമായ പദ്ധതി ഉണ്ടാക്കണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. വന്‍കിട റോഡ് നവീകരണ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിന്റെ ഭാഗമായുള്ള പഴയ പാലങ്ങളും കലുങ്കുകളും വീതി കൂട്ടി പുതുക്കിപ്പണിയാന്‍ എസ്റ്റിമേറ്റ് ഉണ്ടാക്കണം. ഇങ്ങനെ ചെയ്യാത്തത് പലയിടത്തും ഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി മൂന്നു കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സ്‌കൂളുകളുടെ പ്രവൃത്തി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്നും യോഗം അറിയിച്ചു.

ജില്ലാ ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തിയുടെ മേല്‍നോട്ടത്തിന് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ബിഎസ്എന്‍എല്‍ പ്രവൃത്തി വേഗത്തിലാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. മാട്ടൂല്‍ സൗത്തിനും പുതിയങ്ങാടിക്കുമിടയില്‍ തകര്‍ന്ന കടല്‍ ഭിത്തി പുനരുദ്ധാരണ പ്രവൃത്തിക്കായി കരിങ്കല്ല് ഇറക്കുന്ന ജോലി പുരോഗമിക്കുകയാണെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നട്ടിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് ആവശ്യമായ പര്യവേഷണ ജോലിക്ക് 16.60 ലക്ഷം രൂപയുടെ പുതുക്കിയ സാമ്പത്തികാനുമതി ലഭിച്ചതായും അദ്ദേഹം അറിയിച്ചു. പെരിങ്ങത്തൂര്‍-കാഞ്ഞിരക്കടവ് റോഡില്‍ സ്ഥലം വിട്ടുനല്‍കാത്ത ഭാഗത്ത് ഭൂമി ഏറ്റെടുത്ത് നവീകരണ പ്രവൃത്തി നടത്താന്‍ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടി ആയ കല്ലിടല്‍ പുരോഗമിച്ചുെകാണ്ടിരിക്കുകയാണെന്നും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കാല്‍ടെക്‌സ് ജംഗ്ഷന്‍ മുതല്‍ പുതിയതെരു ഭാഗം വരെയുള്ള ദേശീയ പാതയുടെ ഇരുവശത്തും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊവിഡ് കാരണം പിഎച്ച്‌സികളില്‍ നിര്‍ത്തിവച്ച വൈകുന്നേരങ്ങളിലെ ഒപി ചികിത്സാ സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.


ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, അഡ്വ. സണ്ണി ജോസഫ്, അഡ്വ. സജീവ് ജോസഫ്, കെ പി മോഹനന്‍, എം വിജിന്‍, മേയര്‍ അഡ്വ. ടി ഒ മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സബ് കലക്ടര്‍ അനുകുമാരി, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ കെ പ്രകാശന്‍, എഡിഎം കെ കെ ദിവാകരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha