ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ്; 231 ട്രെയിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 27 November 2021

ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡ്; 231 ട്രെയിനികൾ ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി


കണ്ണൂർ : ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ നടന്ന പ്രൗഡഗംഭീരമായ പാസിങ് ഔട്ട് പരേഡിലൂടെ 231 ട്രെയിനികൾ വിജയകരമായി പരിശീലനം പൂർത്തീകരിച്ച് ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. മുഖ്യാതിഥിയായി പങ്കെടുത്ത മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി അഭിവാദ്യം സ്വീകരിച്ച് പരേഡ് പരിശോധിച്ചു. ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്ന് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ച് വ്യക്തമാക്കി മരിയ അഹമ്മദ് ദീദി പറഞ്ഞു. മികച്ച വിജയം നേടിയ കാഡറ്റുകൾക്കുള്ള മെഡലുകളും അവർ സമ്മാനിച്ചു.

ബി.ടെക് ബിരുദം പൂർത്തിയാക്കിയ 123 മിഡ്ഷിപ്പ്മെൻ, നേവൽ ഓറിയന്റേഷൻ കോഴ്സ് എക്സ്റ്റെൻഡഡ്, നേവൽ ഓറിയന്റേഷൻ കോഴ്സ് റെഗുലർ, നേവൽ ഓറിയന്റേഷൻ കോഴ്സ് കോസ്റ്റ് ഗാർഡ് എന്നിവ പൂർത്തിയാക്കിയ കേഡറ്റുകൾ എന്നിവരാണ് പാസിംഗ് ഔട്ട് പരേഡിൽ വാളും തോക്കുമേന്തി അഭിമാനപൂർവ്വം ചുവടുവെച്ചത്. സതേൺ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് ഫ്ളാഗ് ഓഫീസർ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗളയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.


ഇന്ത്യൻ നേവൽ അക്കാദമി ബിടെക് കോഴ്സിനുള്ള പ്രസിഡൻറിന്റെ സ്വർണ മെഡലിന് മിഡ്ഷിപ്പ്മാൻ രഞ്ജൻകുമാർ സിങ് അർഹനായി. ബി.ടെക്കിന്റെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് വെള്ളിമെഡലിന് കാവിഷ് കൻകരൻ, ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വെങ്കല മെഡലിന് സ്വപ്നിൽ ശിവം എന്നിവരും അർഹരായി. ഏറ്റവും മികച്ച ആൾറൗണ്ട് വനിതാ കാഡറ്റിനുള്ള സാമോറിൻ ട്രോഫി ആവൃതി ഭട്ട് നേടി. കേഡറ്റുകൾക്കുള്ള മറ്റ് മെഡലുകൾ: ചീഫ് ഓഫ് നേവൽ സ്റ്റാഫ് സ്വർണമെഡൽ എൻ.ഒ.സി (എക്സ്റ്റെൻഡഡ്)-വരദ് എസ് ഷിൻഡേ, ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വെള്ളി മെഡൽ എൻ.ഒ.സി (എക്സ്റ്റെൻഡഡ്)- ചിന്തൻ ഛാത്ബാർ, കമാൻഡൻറ് ഐ.എൻ.എ വെങ്കല മെഡൽ എൻ.ഒ.സി (എക്സ്റ്റെൻഡഡ്)-രാഹുൽ റാണ, ചീഫ് ഓഫ് നേവൽ സ്റ്റാഫ് സ്വർണമെഡൽ എൻ.ഒ.സി (റെഗുലർ)-ആവൃതി ഭട്ട്, കമാൻഡൻറ് ഐ.എൻ.എ വെള്ളി മെഡൽ എൻ.ഒ.സി (റെഗുലർ)-സിമ്രാൻ പി. കൗർ.


ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് റോളിംഗ് ട്രോഫിക്ക് ബി.ടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ സ്വപ്നിൽ ശിവം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ രഞ്ജൻകുമാർ സിംഗ്, മെക്കാനിക്കൽ എൻജിനീയറിംഗിൽ ശ്രേയസ് അശോക് പാട്ടീൽ എന്നിവർ അർഹരായി.


ന്യൂദൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ബി.ടെക് ബിരുദ കോഴ്സിൽ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ അല്ലെങ്കിൽ മെക്കാനിക്കൽ എന്നീ വിഷയങ്ങളിലൊന്നാണ് പഠിക്കേണ്ടത്. ബി.ടെക്കിനൊപ്പം നാവികസേനയ്ക്ക് വേണ്ടിയുള്ള സൈനിക വിഷയങ്ങളും കഠിനമായ ഔട്ട്ഡോർ, ശാരീരിക പരിശീലനങ്ങളും കരിക്കുലത്തിന്റെ ഭാഗമാണ്.


പാസിംഗ് ഔട്ട് പരേഡ് കഴിഞ്ഞ നാവിക ഓഫീസർമാർ ഇനി രാജ്യത്തെ വിവിധ നാവിക സേനാ കപ്പലുകളിലും സ്ഥാപനങ്ങളിലും പ്രത്യേക പരിശീലനം നേടാനായി തിരിക്കും. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന പരേഡിൽ ട്രെയിനികളുടെ കുടുബാംഗങ്ങളും ആഹ്ലാദ നിമിഷം പങ്കുവെക്കാനെത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog