ജലപാത; സ്വാഭാവിക പാത ഇല്ലാത്ത ഇടങ്ങളില്‍ സ്ഥലം ഏറ്റെടുക്കും: മുഖ്യമന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : കോവളം മുതല്‍ ബേക്കല്‍ വരെയുള്ള 600കീമീ ജലപാതയ്ക്ക് സ്വാഭാവിക പാത ഇല്ലാത്ത ഇടങ്ങളില്‍ സ്ഥലം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെടിഡിസി മുഴപ്പിലങ്ങാട് നിര്‍മിക്കുന്ന പഞ്ചനക്ഷത്ര ബീച്ച് റിസോര്‍ട്ടിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര, കണ്ണൂര്‍, കാസര്‍കോട് മേഖലകളിലെ ചില ഭാഗങ്ങളിലാണ് ജലപാതയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരിക. ജനസാന്ദ്രതയേറെയുള്ള കേരളത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്ന സര്‍ക്കാറാണിത്. നാടിന്റെ വികസനത്തിന് ഭൂമി ഏറ്റെടുത്തേ മതിയാവു. ഇത്തരത്തില്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും. നേരത്തെ ഭൂമി വിട്ട് നല്‍കാന്‍ വിഷമം പറഞ്ഞവര്‍ പദ്ധതിയുടെ പ്രാധാന്യം മനസിലാക്കി ഭൂമിയേറ്റെടുക്കുന്നത് അംഗീകരിക്കുന്ന നിലയിലെത്തിയെന്നും വികസന പദ്ധതികള്‍ക്ക് നാടിന്റെയാകെ പിന്തണ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലപാതയില്‍ ഓരോ 50 കീ മീ ഇടവിട്ട് വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ഉണ്ടാവും. അതത് പ്രദേശങ്ങളിലെ നാടന്‍ വിഭവങ്ങളും ഉല്‍പന്നങ്ങളും വിപണനം നടത്താന്‍ ഈ കേന്ദ്രങ്ങള്‍ വഴി സാധിക്കും. അതിന് പുറമെ 600 കി.മി ദൂരം ജലപാതയിലൂടെയുള്ള സഞ്ചാരമെന്ന അത്ഭുതവും നാടിന് സമ്മാനിക്കാന്‍ ഈ പാതയ്ക്ക് കഴിയും. അങ്ങിനെ നാടിനുപകാരപ്രദമാകുന്ന പദ്ധതിയായി ജലപാത മാറും. വളരെ പ്രധാന്യത്തോടെയാണ് സര്‍ക്കാര്‍ ജലപാതയെ കാണുന്നത്. അത് വിജയകരമായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനകാര്യത്തില്‍ സങ്കുചിത മനോഭാവം ആരെല്ലാം സ്വീകരിച്ചാലും വികസന പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുക തന്നെ ചെയ്യുമെന്നും അതിന് നാടിന്റെയും നാട്ടുകാരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമാനതകളില്ലാത്ത വികസനമാണ് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കാന്‍ നമുക്ക് കഴിയണം അതിന്റെ ഭാഗമായാണ് കെ ടി ഡി സി ഇത്തരത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. മുഴപ്പിലങ്ങാടിനെ ലോകസഞ്ചാരികളുടെ പറുദീസയാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഉത്തരമലബാറിലെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാണ് മുഴപ്പിലങ്ങാട്. എന്നാല്‍ കെടിഡിസിയുടെ പഞ്ചനക്ഷത്ര റിസോര്‍ട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മുഴപ്പിലങ്ങാട് മാറും രണ്ടാം ഘട്ടത്തില്‍ ഇവിടെ ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കും. റിസോര്‍ട്ട് വന്നു കഴിഞ്ഞാല്‍ പരിസരത്തെ ഓരോ വീടുകളിലും അതിന്റെ മാറ്റമുണ്ടാകും. ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ അതാതു പ്രദേശത്തെ ജനങ്ങളാണ്. ഓരോ പ്രദേശത്തിന്റെയും സാധ്യതകളെ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി കേരളം മാറും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 39 കോടി രൂപ ചെലവില്‍ 3.96 ഏക്കറിലായാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. എട്ട് സ്യൂട്ടുകള്‍ ഉള്‍പ്പെടെ 40 മുറികളും നീന്തല്‍ക്കുളവും സ്പായും റസ്റ്റോറന്റ് സൗകര്യവുമുള്ള റിസോര്‍ട്ടാണ് ആദ്യ ഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന 2.5 ഏക്കറോളം ഭൂമിയുടെ ഏറ്റെടുക്കല്‍ നടപടികള്‍ നടക്കുന്നുണ്ട്. റിസോര്‍ട്ട് യാഥാര്‍ത്ഥ്യമാവുന്നതോടെ മുഴപ്പിലങ്ങാട് ബീച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് ടി സജിത, വൈസ് പ്രസിഡണ്ട് സി വിജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ടി ഫര്‍ഷാന ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം കെ വി ബിജു, തലശ്ശേരി ബ്ലോക്ക് അംഗം കെ റോജ, മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗം അറത്തില്‍ സുന്ദരന്‍, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, മുന്‍ എം പി കെ കെ രാഗേഷ്, കെ ടി ഡി സി ചെയര്‍മാന്‍ പി കെ ശശി, ടൂറിസം വകുപ്പ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണ തേജ മൈലവരപ്പ്, കേരള ടൂറിസം അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി വേണു, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha