പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം നവം. 1,2,3 തിയതികളിൽ, സീറ്റ് ഉറപ്പെന്ന് മന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 29 October 2021

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രവേശനം നവം. 1,2,3 തിയതികളിൽ, സീറ്റ് ഉറപ്പെന്ന് മന്ത്രി

തിരുവനന്തപുരം: പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1,2,3 തീയതികളിൽ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്ത് ഹയർ സെക്കൻഡറിയിലേക്ക് ആകെ 94,390 അപേക്ഷകരാണ് ഉള്ളത്. എല്ലാവർക്കും സീറ്റ് ഉറപ്പാണെന്ന് മന്ത്രി അറിയിച്ചു.

മന്ത്രിസഭായോഗ തീരുമാനപ്രകാരമുള്ള വർദ്ധിത സീറ്റിലേക്ക് സ്കൂൾ/ കോമ്പിനേഷൻ ട്രാൻസ്ഫറിനുള്ള അപേക്ഷകൾ നവംബർ 5,6 തീയതികളിലായി സ്വീകരിച്ച് ട്രാൻസ്ഫർ അലോട്ട്മെന്റ് നവംബർ 9ന് പ്രസിദ്ധീകരിക്കും. ട്രാൻസ്ഫർ അഡ്മിഷൻ നവംബർ 9,10 തീയതികളിൽ പൂർത്തീകരിക്കും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.ആവശ്യമുള്ള പക്ഷം താൽക്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് നവംബർ 17 ന് വിജ്ഞാപനം ചെയ്ത് അപേക്ഷകൾ നവംബർ 19 വരെ സ്വീകരിക്കുന്നതാണ്. പ്രവേശനം നവംബർ 22,23,24 തിയ്യതികളിലായി പൂർത്തീകരിക്കും. പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് മതിയായ സീറ്റുകളുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി . ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ കഴിഞ്ഞ ദിവസം മന്ത്രി നിയമസഭയിൽ വിശദീകരിച്ചിരുന്നു. പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20% സീറ്റ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്‍റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10% സീറ്റ് വര്‍ദ്ധനവും കൂടി അനുവദിക്കുന്നതാണ്. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20% അല്ലെങ്കില്‍ 10% സീറ്റ് വര്‍ദ്ധനവ് അനുവദിക്കുന്നതാണ്.

അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍-എയ്ഡഡ് സ്കൂളുകള്‍ക്ക്
നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ദ്ധനവിന്‍റെ 20% മാനേജ്മെന്‍റ് സീറ്റും
ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20% അല്ലെങ്കില്‍ 10 % സീറ്റ്
വര്‍ദ്ധിപ്പിക്കും. സീറ്റ് വര്‍ദ്ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും. സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന് വ്യക്തമാകും. അത് അനുസരിച്ച് കണക്കെടുത്ത് സീറ്റ് വര്‍ദ്ധനവ് നടത്തും. എന്നാല്‍ കൂട്ടികള്‍ ഏറ്റവും കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ തല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കും.

പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും, ഗവണ്‍മെന്‍റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയില്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും അനുവദിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog