കൊച്ചി : കോവിഡും ലോക്ക് ഡൗണും വിദ്യാർഥികളുടെ ഭാവിയും ചോദ്യ മുനയിൽ നിർത്തുകയാണ്. ലോക്ക് ഡൗൺ നീട്ടിയതോടെ പരീക്ഷകൾ നീട്ടി വെച്ചുവെങ്കിലും, മൂന്നാം തരംഗം മുന്നിൽ നിൽകുമ്പോൾ കോളേജുകളിൽ ചെന്ന് തന്നെ പരീക്ഷ എഴുതണമെന്ന വാശിയിലാണ് സർവകലാശാലകൾ. ഓൺലൈൻ പരീക്ഷ നടത്താനോ വിദ്യാർഥികളുടെ ജീവൻ സംരക്ഷിക്കാനോ സർവകലാശാലകൾ തയ്യാറാകുന്നില്ല എന്നാണ് വിദ്യാർത്ഥികളുടെ പരാതി

കോവിഡിന്റെ മൂന്നാം തരംഗം പടിവാതിൽക്കൽ എത്തി നിൽക്കുകയാണ്. സംസ്ഥാനത്തു ടിപിആർ നിരക്കിൽ കാര്യമായ കുറവും രേഖപെടുത്തുന്നില്ല. ഈ സാഹചര്യത്തിൽ ലോക്കഡൗൺ ഈ മാസം 16 വരെ നീട്ടുകയും ചെയ്തു. ഇതിന് പിന്നാലെ സർവകലാശലകളുടെ പരീക്ഷകൾ നീട്ടി വെക്കുകയും ചെയ്തു. എന്നാൽ പരീക്ഷകൾ കോളേജിൽ നേരിട്ട് ചെന്ന് എഴുതാൻ തന്നെയാണ് അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ വിദ്യാർത്ഥികൾ ഇതിൽ ഏറെ ആശങ്കകുലരാണ്. വിദ്യാർത്ഥികളിൽ വലിയൊരു വിഭാഗവും വാക്‌സിൻ എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഏതെങ്കിലും വിധത്തിൽ കോവിഡ് ബാധിക്കുകയാണെങ്കിൽ അത് ഇവരുടെ ഭാവി പഠനത്തെ തന്നെ ബാധിക്കും. ഇപ്പോൾ തന്നെ വിദേശത്തു അടക്കം ഉപരിപഠനത്തിനുള്ള പല അവസരങ്ങളും പലർക്കും നഷ്ടമായിക്കഴിഞ്ഞു. പരീക്ഷകൾ ഓൺലൈൻ ആയി നടത്തുകയോ അല്ലാത്ത പക്ഷം റദ് ചെയ്തു വിദ്യാർത്ഥികളെ നേരത്തെ ഉള്ള സെമസ്റ്റർ മാർക്കിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ അടക്കമുള്ള എം പി മാർ ഗവർണർക്ക് നിവേദനം നൽകിയിരുന്നു. കേരളത്തിലെ സർവകലാ ശാലകൾക്ക് വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നാണ് അധികൃതറുടെ വാദം. എന്നാൽ ഓൺലൈൻ ക്ലാസുകൾ അടക്കം നടത്തിയ സാഹചര്യത്തിലാണ് ഈ വാദം എന്നതും ശ്രദ്ധേയം.ഇന്ത്യയിലെ മറ്റു സർവകലാശാലകൾ പലതും ഇതിനകം ഓൺലൈൻ പരീക്ഷ നടത്തിക്കഴിഞ്ഞു. ചില സംസ്ഥാനങ്ങളിലെ പരീക്ഷകൾ റദ് ചെയുകയും ചെയ്തു. എന്നിട്ടും ഏറെ സൗകര്യങ്ങൾ ഉള്ള കേരളത്തിലെ സർവകലാശാലകൾ നിസംഗത പുലർത്തുകയാണ്. ലോക്ക് ഡൗൺ ആയപ്പോൾ തന്നെ മദ്യം സുലഭമായി എത്തിക്കാൻ ബെവ് ക്യു അടക്കമുള്ള അപ്പുകൾ നിർമിച്ച സർക്കാരും വിദ്യാർത്ഥികളുടെ കാര്യത്തിൽ യാതൊരു വിധ നടപടിയും എടുക്കുന്നില്ല എന്ന വിമർശനവും ഉയരുകയാണ്.