മൂന്നാഴ്ചക്കുള്ളിൽ ഇരിട്ടിയിൽ കോവിഡ് മൂലം മരിച്ചത് ആറു വ്യാപാരികൾ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 29 May 2021

മൂന്നാഴ്ചക്കുള്ളിൽ ഇരിട്ടിയിൽ കോവിഡ് മൂലം മരിച്ചത് ആറു വ്യാപാരികൾഇരിട്ടി:   കഴിഞ്ഞ മൂന്നാഴ്ചക്കുള്ളിൽ  കൊവിഡ്  ബാധിച്ച് ഇരിട്ടി നഗരത്തിലെ 6  വ്യാപാരികളാണ് മരണത്തിന് കീഴടങ്ങിയത്.   ഇതോടെ കോവിഡിന്റെ രണ്ടാം വരവിൽ ഇരിട്ടി നഗരവും ഇവിടുത്തെ വ്യാപാരി സമൂഹവും കടുത്ത ആശങ്കയിലായി.  
 കൊവിഡിന്റെ  ഒന്നാം വരവിൽ  ജില്ലയിൽ  ആദ്യ മരണം നടന്നത് ഇരിട്ടിയിലായിരുന്നു.  മേഖലയിലെ ആദ്യകാല വ്യാപാരിയായിരുന്നു അന്ന് മരണത്തിന് കീഴടങ്ങിയത് . അന്ന്  ഇരിട്ടി നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽനിന്നായി  കൊവിഡ് ബാധിച്ച് 15 പേർ മരിക്കാനിടയായി . എന്നാൽ ഇത്തവണ  ചുരുങ്ങിയ ദിവസം കൊണ്ട് കോവിഡിൽ ജീവൻ നഷ്ടമായത്  25 പേർക്കാണ്.   ഇതിൽ ഇരിട്ടി പട്ടണത്തിന്റെ  ഒരു കിലോമീറ്റർ ചുറ്റളവിൽ മാത്രം മരണത്തിന് കീഴടങ്ങിയത്   ആറ് വ്യാപാരികൾ ആണ്. 
കോവിഡ് ബാധിച്ച്  ഇരിട്ടിയിലെ ആദ്യമരണം  ആദ്യകാല വ്യാപാരി പി.കെ. മുഹമ്മദിന്റെ തായിരുന്നു.  
ഇപ്പോഴത്തെ  രണ്ടാം തരംഗത്തിൽ മൂന്നാഴ്ചക്കുള്ളിൽ ആറു പേരും കോവിഡ് മഹാമാരിക്കുമുന്നിൽ കീഴടങ്ങി.  ഇരിട്ടി പഴയ ബസ് സ്റ്റാൻ്റിലെ ത്രീസ്റ്റാർ പച്ചക്കറി മൊത്തവ്യാപാരി എ.പി.അബ്ദുൾ റഹ്മാൻ മെയ് 9 നാണ് മരണമടയുന്നത് . തുടർന്ന് 10 ന് ദീപാരഞ്ജിത്ത്‌ ലൈറ്റ് ആൻറ് സൗണ്ട് ഉടമ പി.വി. നാരായണൻ , 13 ന്  ആദ്യകാല ജ്വല്ലറിയുടമയുമായിരുന്ന പി.വി.അബ്ദുൾ സലാം, ഇരിട്ടിയിലെ സഫാ മലഞ്ചരക്ക് വ്യാപാരി ഷബീർ, 26 ന്  ഇരിട്ടിയിലെ ആദ്യകാല പുകയില - ചായപ്പൊടി മൊത്തവ്യാപാര സ്ഥാപനമായ എ ടി സി യുടെ ഉടമ എ ടി സി മുഹമ്മദ് , ഏറ്റവും ഒടുവിലായി വ്യാഴാഴ്ച രാത്രിയോടെ  റഹ്മത്ത് ട്രേഡേഴ്സ് എന്ന ലചരക്ക് മൊത്തവ്യാപാരി ആർ.ടി. മുഹമ്മദ് എന്നിവർ മഹാമാരിക്ക് കീഴടങ്ങി. ദീർഘകാലമായി  ഇരിട്ടിയുടെ വ്യാപാര മേഖലയുടെ വികസന കുതിപ്പിന് കരുത്തേകിയ വ്യാപാര പ്രമുഖരായിരുന്നു ഇവരെല്ലാം. 
 അതേസമയം ഇരിട്ടി നഗരസഭയിൽ മാത്രം  40 പേർ കൊവിഡ് മഹാമാരിക്ക് കീഴടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം എടക്കാനത്തു നിന്നും കോവിഡ് ബാധിച്ച് മരിച്ച പി.ഗോവിന്ദനും ഒരു വർഷം മുമ്പ് വരെ ഇരിട്ടിയിലെ വ്യാപാരിയായിരുന്നു. മലയോര മേഖലയിലെ പ്രാധാന വാണിജ്യ, വ്യാപാര കേന്ദ്രമായഇരട്ടി നഗരത്തിലെ വ്യാപാരികളുടെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സഹ വ്യാപാരികളും നാട്ടുകാരും. കഴിഞ്ഞ ദിവസം വരെ നഗരത്തിൽ സജീവമായി ഉണ്ടായിരുന്നവരാണ് എല്ലാവരും. വർഷങ്ങളായി സൗഹൃദം പുലർത്തിയവർക്ക് പോലും അവസാന നിമിഷം ഒരു നോക്ക് കാണാൻ പോലും പറ്റാത്ത അവസ്ഥ.
ഇരിട്ടി നഗരസഭയിലെ 33 വാർഡുകളിലായി  അഞ്ഞൂറോളം കൊവിഡ് രോഗികളുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്കു പറയുന്നത്. ഇതിൽ ഇരിട്ടി ടൗണിൽ മാത്രം മുപ്പത് രോഗികളുണ്ട് ഇരിട്ടി നഗരസഭയ്ക്ക് പുറത്ത് താമസക്കാരായ ഇരിട്ടി നഗരത്തിലെ  വ്യാപാരികളായ പന്ത്രണ്ടോളം പേരും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളായ 36 ഓളം പേരും  ഇപ്പോഴും കൊവിഡ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മലയോര മേഖലയിലെ ചെറുകിട മൊത്തവ്യാപാര മേഖലയിലെ പ്രമുഖനായ ഇരിട്ടി റഹ്മത്ത് ട്രേഡേർസ് പലചരക്ക് മൊത്തവ്യാപാരി മുഹമ്മദിൻ്റെ വേർപാട് ഉൾക്കൊള്ളാനാകാത്ത ആഘാതത്തിലാണ് ഇരിട്ടിയിലെ വ്യാപാരികളും തൊഴിലാളികളും.
ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ കോവിഡ് പരിശോധനക്കായി എത്തുന്നവർ കാര്യമായ മുൻകരുതൽ ഒന്നും എടുക്കാതെ മടക്കയാത്രയിൽ വ്യാപരമേഖലയിൽ പല ആവശ്യങ്ങൾക്കായി എത്തുന്നതാണ് വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നത്. പൊതുജനങ്ങളുടെ ഭാഗത്തു നിന്നും വ്യാപാരികളുടെ ഭാഗത്തു നിന്നും കാര്യമായ മുൻകരുതൽ ഉണ്ടാക്കേണ്ടതിൻ്റെ ആവശ്യകത ഊന്നി പറയുകയാണ് ഇപ്പോഴത്തെ ദാരുണ സംഭവങ്ങൾ. ഇത് ഇരിട്ടിയിലെ വ്യാപാരി സമൂഹത്തിലും കടുത്ത ആശങ്കക്ക് ഇടയാക്കിയിരിക്കയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog