പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇരിട്ടി എം.ജി. കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 29 April 2021

പേരാവൂർ, മട്ടന്നൂർ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ഇരിട്ടി എം.ജി. കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ


ഇരിട്ടി : കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വോട്ടെണ്ണലും ഫല പ്രഖ്യാപനവും അതിസുരക്ഷയിലും ജനക്കൂട്ടം ഇല്ലാതെയും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. വോട്ടെണ്ണൽ തുറസ്സായ സ്ഥലത്തേക്ക് മാറ്റണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഇരിട്ടി എം.ജി. കോളേജ് മൈതാനത്ത് കൂറ്റൻ പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പേരാവൂർ, മട്ടന്നൂർ നിയോജകമണ്ഡലങ്ങളിലെ വോട്ടുകൾ എണ്ണുന്നത് എം.ജി. കോളേജിലാണ്. നേരത്തേ മുറിക്കുള്ളിൽ നടത്തുകയായിരുന്നു പതിവ്. മൈതാനത്ത് രണ്ട് മണ്ഡലങ്ങൾക്കുമായി 8000 ചതുരശ്ര അടി വീതമുള്ള രണ്ട് വൻ പന്തലുകളാണ് റവന്യു അധികൃതരുടെ നേതൃത്വത്തിൽ പണിയുന്നത്.

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നത് കോളേജ് കെട്ടിടത്തിലെ സ്ട്രോങ് മുറികളിലാണ്. രോഗവ്യാപനം രൂക്ഷമായതിനാൽ സാമൂഹിക അകലം പരമാവധി ഉറപ്പുവരുത്തുന്നതിനായാണ് പന്തലിട്ട് പുറത്തേക്ക് മാറ്റുന്നത്.

ഒരു പന്തലിൽ നാല്‌ ചെറിയ ഹാളുകൾ സജ്ജീകരിക്കും. ഏഴുവീതം ടേബിളുകളിട്ട് ഒരേസമയം 28 ബുത്തുകളിലെ വോട്ടെണ്ണും. പന്തൽ ആകെ കാണാവുന്ന വിധം സ്റ്റേജ് ക്രമീകരിച്ച് വരണാധികാരിയും നിരീക്ഷകനും വോട്ടെണ്ണൽ വീക്ഷിക്കും. തപാൽ വോട്ട് ആറ് ടേബിളുകളിലായി കോളേജ് കെട്ടിടത്തിലെ മുറിക്കുള്ളിൽ നടക്കും. മേയ് രണ്ടിന് രാവിലെ എട്ടിന് തപാൽ വോട്ടെണ്ണൽ ആരംഭിക്കും. അര മണിക്കൂറിനകം പോൾ ചെയ്ത വോട്ടുകളും എണ്ണിത്തുടങ്ങും. ഇരിട്ടി തഹസിൽദാർ ജോസഫ് കെ. ഈപ്പന്റെ നേതൃത്വത്തിലാണ് പന്തലും മറ്റു സൗകര്യങ്ങളും ക്രമീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾക്ക് പുറമെ ഇരിട്ടിയിൽ വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലവും ചുറ്റുവട്ടവും കോവിഡ് അതിതീവ്ര വ്യാപന പ്രദേശമായതിനാൽ പ്രാദേശിക ഭരണകൂടം ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളുമുണ്ട്. ഇരിട്ടി നഗരസഭ സുരക്ഷാസമിതി ഈ പ്രദേശങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന ശുപാർശ കളക്ടർക്ക് സമർപ്പിച്ചത് അംഗീകരിക്കാനാണ് സാധ്യത. 

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog