വോട്ടെടുപ്പ് സ്വതന്ത്രവും സുതാര്യവുമാക്കാന്‍ കര്‍ശന നിര്‍ദ്ദേശം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കത്തെഴുതി
കണ്ണൂരാൻ വാർത്ത
കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമാക്കുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ്. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും പോളിംഗ് ഓഫീസര്‍മാര്‍ക്കും എഴുതിയ കത്തിലാണ് സഹായി വോട്ട്, കള്ളവോട്ട്, ആള്‍മാറാട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. പോളിംഗ് ബൂത്തില്‍ വോട്ടിംഗ് പ്രക്രിയ സുഗമവും നീതിയുക്തമായി നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം പ്രിസൈഡിംഗ് ഓഫീസര്‍ക്കാണെന്ന് കത്തില്‍ ഓര്‍മിപ്പിച്ചു.

സഹായി വോട്ടുകള്‍ കര്‍ശനമായി നിരീക്ഷിക്കുക, മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍, നാട്ടില്‍ ഇല്ലാത്തവര്‍ (എ.എസ്.ഡി പട്ടിക) എന്നിവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വോട്ടുകള്‍ പ്രത്യേകം പരിശോധിക്കുക, ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് തടയുക തുടങ്ങിയ കാര്യങ്ങള്‍ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതലയാണ്.ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയിലെ വിവിധ ബൂത്തുകളില്‍ മൈക്രോ ഒബ്‌സെര്‍വര്‍മാരെയും അസിസ്റ്റഡ് വോട്ട് മോണിറ്റര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്നും കത്തില്‍ ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

അവശരായ വോട്ടര്‍ക്കുള്ള സഹായിയെ അനുവദിക്കുമ്ബോള്‍ വോട്ടര്‍ ബാലറ്റ് യൂണിറ്റിലെ വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ നേരെയുള്ള ബട്ടണ്‍ അമര്‍ത്തുവാന്‍ പ്രാപ്തിയുള്ള ആളാണെങ്കില്‍ വോട്ടിംഗ് കമ്ബാര്‍ട്ട്‌മെന്റിന് അടുത്ത് വരെ വോട്ടറെ എത്തിക്കാന്‍ മാത്രമേ സഹായിയെ അനുവദിക്കാവൂ. വോട്ടിംഗ് കമ്ബാര്‍ട്ട്‌മെന്റില്‍ വോട്ടറെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഇത്തരം കേസുകളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ തീരുമാനം എടുക്കണം.

സഹായിയെ ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുവാന്‍ എത്തുന്നവരുടെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ ഫോറം 14എയില്‍ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ചട്ടം 49എന്‍ (2) പ്രകാരം വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ ബാലറ്റ് യൂണിറ്റിലെ വോട്ട് ബട്ടണ്‍ അമര്‍ത്തുവാന്‍ ഒട്ടും പ്രാപ്തിയില്ലാത്ത വോട്ടര്‍മാരോടൊപ്പം വോട്ടിംഗ് കമ്ബാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച സഹായിയുടെ വിവരങ്ങള്‍ മാത്രമാണ് ഇതില്‍ രേഖപ്പെടുത്തേണ്ടത്.

മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍
എ.എസ്.ഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട മരണപ്പെട്ടവര്‍, സ്ഥലം മാറിപ്പോയവര്‍, നാട്ടില്‍ ഇല്ലാത്തവര്‍ എന്നീ വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പ്രത്യേകം ലഭ്യമാക്കും. ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ ഹാജരാകുന്ന പക്ഷം തിരിച്ചറിയല്‍ രേഖകള്‍ പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ പരിശോധിക്കേണ്ടതും അത് സംബന്ധിച്ച വിവരങ്ങള്‍ ഫോം 17എയില്‍ രേഖപ്പെടുത്തേണ്ടതുമാണ്.

ആള്‍മാറാട്ടത്തിനെതിരെ കര്‍ശന നടപടി
മാസ്‌ക്, ശരീരം മൂടിയുള്ള വസ്ത്രം എന്നിവ ദുരുപയോഗം ചെയ്ത് ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്യുന്നത് കണ്ടെത്തിയാല്‍ കുറ്റക്കാരെ നിയമാനുസൃതം പൊലീസ് അധികൃതര്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ കത്തില്‍ വ്യക്തമാക്കി. നിഷ്പക്ഷവും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തവുമായ നിലപാട് പ്രിസൈഡിംഗ് ഓഫീസറുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത