വോട്ടെടുപ്പിന് തലേന്നാളും സ്ഥാനാര്‍ത്ഥികള്‍ക്ക് തിരക്കോട് തിരക്ക് ഇരിപ്പുറക്കണ്ടേ! - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 5 April 2021

വോട്ടെടുപ്പിന് തലേന്നാളും സ്ഥാനാര്‍ത്ഥികള്‍ക്ക് തിരക്കോട് തിരക്ക് ഇരിപ്പുറക്കണ്ടേ!

കണ്ണൂര്‍ : വോട്ടെടുപ്പ് തലേന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണെങ്കിലും സ്ഥാനാര്‍ത്ഥികളാരും എവിടെയും അടച്ചിരിക്കുകയായിരുന്നില്ല. തിരക്കിനിടയില്‍ നേരിട്ട് കാണാതെ പോയവരെയും ഒഴിവായി പോയവരെയും നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള പാച്ചലിലായിരുന്നു മിക്കവരും. സ്ഥാനാര്‍ത്ഥി തനിച്ചും ചെറുസംഘങ്ങളുമായുമാണ് രഹസ്യ സന്ദര്‍ശങ്ങള്‍ നടത്തിയത്.

ധര്‍മ്മടം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഖ്യമന്ത്രി പിണറായി വിജയന്‍ മണ്ഡലത്തിലെ ലോക്കല്‍തലങ്ങളില്‍ ഇടതുമുന്നണി നേതാക്കളുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പോളിംഗ് സ്റ്റേഷനിലെ ക്രമീകരണങ്ങളെ കുറിച്ചും മറ്റും പ്രാദേശിക നേതാക്കളോട് ആരാഞ്ഞു. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.മേഖലാ കമ്മിറ്റി ഓഫീസുകളിലും സന്ദര്‍ശനം നടത്തി. കിടപ്പുരോഗികളെയും മറ്റും മുഖ്യമന്ത്രി വീടുകളില്‍ സന്ദര്‍ശിച്ചു. സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി അംഗം സി. എന്‍. ചന്ദ്രന്‍,മണ്ഡലം പ്രതിനിധി പി. ബാലന്‍, സി.പി. എം പിണറായി ഏരിയാ സെക്രട്ടറി കെ. ശശിധരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

യു.ഡി. എഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ് മണ്ഡലത്തിലെ പ്രധാന നേതാക്കളുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എതിരാളികളുടെ ഭീഷണി നേരിടുന്ന ബൂത്തുകളില്‍ കര്‍ശന സുരക്ഷ വേണമെന്ന് പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ധര്‍മ്മടം മണ്ഡലം എന്‍.ഡി. എ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ മണ്ഡലത്തിലെ ഒഴിഞ്ഞു പോയവരെ ഫോണില്‍ വിളിച്ചും മറ്റും വോട്ട് അഭ്യര്‍ഥിച്ചു.

കണ്ണൂര്‍ മണ്ഡലം എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ കടന്നപ്പള്ളി മണ്ഡലത്തിലെ പ്രധാന മേഖലകള്‍ സന്ദര്‍ശിച്ച്‌ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. യു.ഡി. എഫ് സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനിയും മണ്ഡലത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. യു.ഡി. എഫ് തിരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ഓഫീസിലെത്തി പ്രവര്‍ത്തകരെയും മറ്റും നേരില്‍ കണ്ടു. എന്‍.ഡി. എ സ്ഥാനാര്‍ഥി അര്‍ച്ചന വണ്ടിച്ചാലും കണ്ണൂരിലെ പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചു.

കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി മന്ത്രി ഇ ചന്ദ്രശേഖരന്‍ കള്ളാറില്‍ രോഗാവസ്ഥയില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകന്‍ ജോസിനെ കാണാനാണ് ആദ്യം പോയത്. പിന്നീട് കാഞ്ഞങ്ങാട് നഗരസഭയിലെ ഡോക്ടര്‍മാര്‍,അഭിഭാഷകര്‍ എന്നിവരെ കണ്ടു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി .വി. സുരേഷും ഇന്നലെ കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. മത്സ്യ മാര്‍ക്കറ്റില്‍ മത്സ്യ വില്‍പനക്കാരെയും മത്സ്യം വാങ്ങാനെത്തിയവരെയും ഉള്‍പ്പെടെ കണ്ടു. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം. ബല്‍രാജ് പുഞ്ചാവി , കാഞ്ഞങ്ങാട് സൗത്ത് ,കൊവ്വല്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ വ്യക്തികളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് കാഞ്ഞങ്ങാട് നഗരസഭ കാര്യാലയ പരിസരങ്ങളിലായിരുന്നു സ്ഥാനാര്‍ത്ഥിയുടെ വോട്ടു തേടല്‍.

പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.സണ്ണി ജോസഫ് ഇന്ന് കല്യാണ വീടുകളിലും മരണ വീടുകളിലും സന്ദര്‍ശിച്ചു. നിശബ്ദ്ദ പ്രചാരണ ദിവസമായതിനാല്‍ വോട്ടര്‍മാരെ ഫോണിലൂടെ ബന്ധപ്പെട്ടാണ് കൂടുതലായി വോട്ടഭ്യര്‍ത്ഥിച്ചത്. വോട്ടെടുപ്പ് സുഗമമാക്കുവാനും കള്ളവോട്ട് തടയുവാനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് റിട്ടേണിങ്ങ് ഓഫീസറോടും ബന്ധപ്പെട്ട പോലീസ് ഉന്നത ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog