കണ്ണൂര്‍ അങ്ങനെയാണ് ഇപ്പോള്‍ ജയരാജന്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 24 March 2021

കണ്ണൂര്‍ അങ്ങനെയാണ് ഇപ്പോള്‍ ജയരാജന്‍

ബംഗാളിലെ മാള്‍ഡ ജില്ല. കമ്യൂണിസ്റ്റ് ശക്തികേന്ദ്രം. അതാണ് കണ്ണൂര്‍ എന്ന് ഞങ്ങള്‍ സഖാക്കള്‍ ഊറ്റം കൊള്ളാറുണ്ട്. ചെങ്കൊടിയല്ലാതെ മറ്റൊരു നിറമുള്ള കൊടിയും ഉയര്‍ത്താനോ പാറിക്കാനോ അനുവദിക്കാത്ത ഒട്ടനവധി പാര്‍ട്ടി ഗ്രാമങ്ങളുള്ള ജില്ലയാണ് കണ്ണൂര്‍. ഈ ജില്ലയെ അങ്ങനെയാക്കി മാറ്റാന്‍ പ്രയത്‌നിച്ച ഒട്ടനവധി നേതാക്കള്‍ക്ക് ജന്മം നല്‍കിയ ജില്ല.

കൊലമരത്തില്‍ നിന്ന് ഇറങ്ങിവന്ന കെപിആര്‍ മുതല്‍ ഏറ്റവും ഒടുവില്‍ എം.വി. ജയരാജന്‍ വരെ പാര്‍ട്ടിയുടെ ചുക്കാനേന്തിയവരുടെ നാട്. അതിനിടയില്‍ എം.വി. രാഘവനുണ്ട്, പിണറായി വിജയനുണ്ട്, കോടിയേരി ബാലകൃഷ്ണനുണ്ട്, ഇ.പി. ജയരാജനുണ്ട്, പി. ജയരാജനുണ്ട്. നേതാക്കള്‍ക്ക് പലപ്പോഴും ഇളവ് ലഭിക്കാറുണ്ട്.നേതൃസ്ഥാനത്തിരിക്കാനും മത്സരിക്കാനുമെല്ലാം. പക്ഷേ പ്രതിയോഗികളെ വകവരുത്തുന്നതില്‍ ആസൂത്രണത്തില്‍ പിഴവൊട്ടും വരാതെ കാര്യം നടത്തുന്ന പി. ജയരാജന് പക്ഷേ, പാര്‍ട്ടിയുടെ അവഗണനയും അവഹേളനവും തുടരുകയാണ്. അത് കണ്ണുംപൂട്ടി അംഗീകരിക്കാന്‍ പി. ജയരാജന്റെ പട്ടാളത്തിന് സാധിക്കുന്നതേയില്ല.

പി. ജയരാജനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ പിണറായി വിജയനാണെന്ന് ജയരാജന്റെ ആര്‍മിക്ക് ഉത്തമബോധ്യമുണ്ട്. കാരണങ്ങള്‍ നിരവധിയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന്‍ മത്സരിച്ചത് വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ്. സഹോദരി സതീദേവി ജയിച്ച മണ്ഡലമാണിത്. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ പോലും ജയിക്കുന്ന മണ്ഡലം. എന്നിട്ടും അവിടെ പി. ജയരാജന്‍ തോറ്റു. അല്ലെങ്കില്‍ തോല്പിച്ചു. ജയിച്ചതോ കെ. മുരളീധരന്‍. പാര്‍ട്ടിയുടെ വോട്ട് മുരളീധരന് അനുകൂലമായി ചോര്‍ത്തിക്കൊടുത്തതാകാനേ വഴിയുള്ളൂ എന്ന് പിജെ ആര്‍മി ബലമായി വിശ്വസിക്കുന്നു.

കോട്ടയം ജില്ലാ സെക്രട്ടറി പാര്‍ലമെന്റ് ഇലക്ഷന് സ്ഥാനാര്‍ത്ഥിയായത് സെക്രട്ടറി സ്ഥാനം ഒഴിയാതെയാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായപ്പോള്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടു. പകരം സെക്രട്ടറിയായി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി സെക്രട്ടേറിയറ്റിലിരുന്ന് ഭരിച്ച എം.വി. ജയരാജനെ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ സെക്രട്ടറിക്ക് ഏറ്റുമാനൂരില്‍ ഇപ്പോള്‍ സ്ഥാനാര്‍ഥിത്വം കിട്ടി. പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതുമില്ല.

സ്വന്തമായി അഭിപ്രായമുള്ള നേതാവാണ് ജയരാജന്‍. ശ്രീനാരായണഗുരുവിനെ പോലും കുരിശിലേറ്റാന്‍ മടിയില്ലാത്ത ത്യാഗി. ശ്രീകൃഷ്ണജയന്തി ആഘോഷമാക്കിയ കമ്യൂണിസ്റ്റ്. സ്വന്തമായി ആര്‍മി ക്യാമ്ബുകളുണ്ടാക്കി പരിശീലനം നല്കുന്ന നേതാവ്. ഇങ്ങിനെ തഴയാമോ? ചോദ്യം പ്രസക്തമാണ്.

പണ്ട്. എന്നുപറഞ്ഞാല്‍ പത്തു നാല്പത് വര്‍ഷം മുമ്ബ് തലശേരി ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥി എം.വി. രാജഗോപാലന്‍ മാസ്റ്ററായിരുന്നു. കൊടിയേരി ബാലകൃഷ്ണന്റെ ഭാര്യാപിതാവാണ് രാജഗോപാല്‍. ഒറ്റരാത്രികൊണ്ട് സഖാക്കള്‍ ചുമരായ ചുമരിലെല്ലാം ചിഹ്‌നം വരച്ചു. സഖാവ് എംവിആറിനെ വിജയിപ്പിക്കണമെന്നും. പോരെ പൂരം. അന്ന് സിപിഎമ്മിലെ പ്രമാണി എം.വി. രാഘവനായിരുന്നല്ലോ. തലശേരി വഴി കണ്ണൂര്‍ക്ക് പോകവെ എം.വി. രാഘവന്റെ കണ്ണില്‍ ചുമരെഴുത്ത് പെട്ടു. ഒറ്റരാത്രികൊണ്ട് ചുമരെഴുത്ത് മായ്ക്കാന്‍ ഉത്തരവ്. സിപിഎമ്മില്‍ ഒരു എംവിആര്‍ മതി എന്നായിരുന്നു അത്.

ഇപ്പോള്‍ സിപിഎമ്മില്‍ ക്യപ്റ്റന്‍ ഒന്നുമതി എന്നായി. അതാണ് പിണറായി വിജയന്‍. സഹിക്കാന്‍ പറ്റുമോ പിജെ ആര്‍മിക്ക്.

പി. ജയരാജനെ വെട്ടിനിരത്തിയ പിണറായി വിജയന്റെ നീക്കത്തിനെതിരേ കലാപവുമായി ജയരാജന്‍ അനുകൂലികള്‍. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ ജയരാജന് അഭിവാദ്യം അര്‍പ്പിച്ച്‌ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നു. സിപിഎം ജില്ലാ നേതൃത്വത്തെ പോലും ഞെട്ടിപ്പിച്ച്‌ കൊണ്ടാണ് ജയരാജന്‍ അനുകൂലികളുടെ നീക്കം.

'ഞങ്ങടെ ഉറപ്പാണ് പിജെ' എന്നാണ് ബോര്‍ഡിലെ വാചകം. നേരത്തെ പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ പി ജയരാജനെ അനുകൂലിച്ച്‌ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

വി.എസ്. അച്യുതാനന്ദനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നിന്ന് പിണറായി വിജയന്റെ വെട്ടിനിരത്തിലിന് ഇരയായി മാറിയിരുന്നു പി. ജയരാജന്‍. കണ്ണൂര്‍ ജില്ല മുന്‍ സെക്രട്ടറിക്ക് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്കാതെ ജയരാജനെ ഒതുക്കിയതില്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. പാര്‍ട്ടിയില്‍ തന്നേക്കാള്‍ ശക്തനായാലോ എന്ന ഭയത്താലാണ് പി. ജയരാജനെ സീറ്റ് നല്കാതെ പിണറായി ഒതുക്കിയത്. മാത്രമല്ല, കണ്ണൂരില്‍ പി. ജയരാജന്‍ അണികള്‍ക്കിടയില്‍ തന്നേക്കാള്‍ ശക്തനായെന്ന ഭയവും പിണറായിയെ കുറച്ചുകാലമായി അലട്ടിയിരുന്നു. ഇതാണ് വെട്ടിനിരത്തലിന് കാരണമായത്.

സീറ്റ് നിഷേധിച്ചു എന്നതിനപ്പുറം പാര്‍ട്ടി യിലെ പ്രമുഖനായ നേതാവിനെ സ്റ്റാര്‍ ക്യാമ്ബെയ്‌നര്‍ പട്ടികയില്‍ നിന്നു പോലും സിപിഎം ഒഴിവാക്കി. സീതാറാം യെച്ചൂരിയില്‍ തുടങ്ങി യുവ നേതാവായ എ.എ. റഹീം വരെ മുപ്പതോളം നേതാക്കള്‍ ക്യാമ്ബെയിന്റെ ഭാഗമായുള്ള പ്രാസംഗികരുടെ പട്ടികയില്‍ ഇടംപിടിച്ചപ്പോഴാണ് മുതിര്‍ന്ന് നേതാവായ പി. ജയരാജനെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നു പോലും മാറ്റിനിര്‍ത്തുന്നത്. സഹിക്കാന്‍ പറ്റുന്നതാണോ ഇമ്മാതിരികാര്യങ്ങള്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog