അടൂരില്‍ ബിജെപി കൊടി പാറുമോ?; പ്രതീക്ഷ വാനോളം ഉയര്‍ത്തി പന്തളം കെ. പ്രതാപന്‍
കണ്ണൂരാൻ വാർത്ത
പത്തനംതിട്ട: പന്തളം കെ. പ്രതാപന് വീടുവീടാന്തരം കയറിയിറങ്ങുമ്ബോള്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന വൈകാരിക പ്രതികരണം പ്രതീക്ഷ നല്‍കുന്നു. ചെല്ലുന്ന കവലകളിലെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്നവര്‍ തിക്കിത്തിരക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ബിജെപിയ്ക്ക് അനുകൂലമായി കാണുന്ന ഈ വര്‍ദ്ധിതവീര്യം വോട്ടായിമാറുമെന്ന് തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പന്തളം പ്രതാപന്‍ വിശ്വസിക്കുന്നു.

പക്ഷെ എളുപ്പമല്ല കാര്യങ്ങള്‍. ഇടതുകോട്ടയായാണ് അടൂര്‍ അറിയപ്പെടുന്നത്. പന്തളം നഗരസഭയും ഒരു പഞ്ചായത്തും ഒഴിച്ചാല്‍, മറ്റ് ആറ് പഞ്ചായത്തുകളും ഒരു നഗരസഭയും എല്‍ഡിഎഫിനൊപ്പമാണ്. ഈ ചുവപ്പന്‍ കോട്ടയെ കാവിയുടുപ്പിക്കുക എന്ന ശ്രമകരമായ ദൗത്യത്തിന് പക്ഷെ കണക്കുകളുടെ പിന്‍ബലം ബിജെപിയ്ക്ക് കൂട്ടായുണ്ട്.2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ നേടിയത് 51280 വോട്ടുകള്‍. ഇവിടെ ലീഡ് ചെയ്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയേക്കാള്‍ വെറും 1936 വോട്ടുകള്‍ക്ക് മാത്രം പിന്നിലായിപ്പോയി സുരേന്ദ്രന്‍. അതോടെ അടൂര്‍ ബിജെപിയുടെ എ ക്ലാസ് മണ്ഡലമായി മാറിക്കഴിഞ്ഞു. രണ്ട് നഗരസഭകളും ഏഴ് ഗ്രാമപഞ്ചായത്തുകളും അടങ്ങിയതാണ് അടൂര്‍ നിയോജകമണ്ഡലം. ഇതില്‍ ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭ ബിജെപി പിടിച്ചെടുത്തു.

എഴ് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ ബിജെപിയ്ക്ക് ഒന്നിലധികം അംഗങ്ങളുണ്ട്. മാത്രമല്ല, പന്തളം നഗരസഭയില്‍ അധ്യക്ഷസ്ഥാനം ജനറല്‍ വിഭാഗത്തിന് ആണെങ്കിലും ബിജെപി അത് പട്ടികജാതി വിഭാഗത്തിലെ വനിതയായ സുശീല സന്തോഷിന് നല്‍കിയത് വ്യക്തമായ കണക്കുകൂട്ടലുകളോടെയാണ്. പട്ടികജാതി സംവരണമണ്ഡലമായ അടൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്‍മന്ത്രി പന്തളം സുധാകരന്റെ സഹോദരന്‍ പന്തളം പ്രതാപനെ ലഭിച്ചതോടെ ബിജെപിയ്ക്ക് യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനാവുമെന്ന പ്രതീക്ഷയുമുണ്ട്.

കര്‍ഷകത്തൊഴിലാളികള്‍ക്ക് ഏറെ പ്രധാന്യമുള്ള അടൂരില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാണ് ചൂടുള്ള ചര്‍ച്ചാവിഷയമെങ്കിലും ഇക്കുറി നഗരസഭയും ലവ് ജീഹാദും റേഷനരിയും കിറ്റും പെന്‍ഷനും എല്ലാം ചര്‍ച്ചാവിഷയമാകുന്നു. ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന കാര്യത്തില്‍ ഇക്കുറി സംശയമില്ല. എല്‍ഡിഎഫിന് വേണ്ടി സിറ്റിംഗ് എംഎല്‍എ ചിറ്റയം ഗോപകുമാര്‍ വരുമ്ബോള്‍ യുഡിഎഫിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണന്‍ എത്തുന്നു. രണ്ട് തവണ കൈവിട്ടുപോയ മണ്ഡലം തിരികെ യുഡിഎഫ് നേടിക്കൊടുക്കുമെന്ന വാശിയിലാണ് കണ്ണന്‍.

2011ലും 2016ലും ഇവിടെ വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ ഇക്കുറി ഹാട്രിക് തേടിയാണ് ഇറങ്ങുന്നത്. 2011ല്‍ കെ.കെ. ശശിക്ക് വെറും 6,210 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അതേ സമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ 63501 വോട്ടുകള്‍ പിടിച്ചപ്പോള്‍ തൊട്ടടുത്തെത്തിയ പന്തളം സുധാകരന്‍ യുഡിഎഫിന് വേണ്ടി 62894 വോട്ടുകള്‍ പിടിച്ചു.വെറും 607 വോട്ടുകളുടെ ഭൂരിപക്ഷത്തിലുള്ള ഈ ജയം വന്‍ അട്ടിമറിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ സ്വാധീനമുള്ള ഈ യുഡിഎഫ് മണ്ഡലത്തെ എല്‍ഡിഎഫിലേക്ക് കൊണ്ടുപോകുകയായിരുന്നു ചിറ്റയം.

2016 ആയപ്പോള്‍ ബിഡെപി സ്ഥാനാര്‍ത്ഥി പി. സുധീര്‍ ഇവിടെ വോട്ട്‌നില 25,940 ലേക്കുയര്‍ത്തി. ചിറ്റയം ഗോപകുമാര്‍ 76,304 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന്‍റെ കെ.കെ. ഷാജു പിടിച്ചത് 50,574 വോട്ടുകള്‍ മാത്രം. അതായത് യുഡിഎഫ് വോട്ടുകളാണ് ബിജെപിയിലേക്ക് ഒഴുകിയതെന്നര്‍ത്ഥം. ഇക്കുറി പ്രതാപനിലൂടെ ബിജെപിയുടെ പരമ്ബരാഗത വോട്ടുകള്‍ക്ക് പുറമെ, നല്ലൊരു ശതമാനം യുഡിഎഫ് വോട്ടുകള്‍ കൂടി ചോര്‍ന്നെത്തുമ്ബോള്‍ അത് പന്തളം പ്രതാപന്‍റെ വിജയമായി മാറുമെന്നും അടൂരില്‍ താമര വിരിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത