ഇന്ത്യ-പാകിസ്താന്‍ സമാധാനത്തിനായുള്ള രഹസ്യ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച്‌ യു.എ.ഇ ഉന്നതര്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സമാധാനം സ്ഥാപിക്കാനുള്ള രഹസ്യ ദൗത്യത്തിന് യു.എ.ഇയുടെ ഉന്നതര്‍ ചുക്കാന്‍ പിടിക്കുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 26 ന് യു.എ.ഇയുടെയും ഇന്ത്യയുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തത് എന്നാണ് അന്ന് ഔദ്യോഗികമായി പുറത്ത് വന്ന പ്രസ്താവന. ഇന്ത്യ-പാകിസ്താന്‍ പ്രശ്‌നം ഇതില്‍ പ്രധാന വിഷയമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

2003 ലെ വെടിനിര്‍ത്തല്‍ കരാറിനെ അംഗീകരിക്കാന്‍ ഇന്ത്യയുടെയും പാകിസ്താന്റെയും സൈനിക മേധാവികള്‍ കഴിഞ്ഞ മാസം സംയുക്തമായി തീരുമാനിച്ചതിന് 24 മണിക്കൂറിന് ശേഷം യു.എ.ഇയുടെ ഒരു ഉന്നത നയതന്ത്രജ്ഞന്‍ ഏകദിന സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയില്‍ എത്തി.അതീവ രഹസ്യമായാണ് യു.എ.ഇയുടെ മധ്യസ്ഥതയില്‍ ഇന്ത്യ-പാകിസ്താന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടന്നത്. മാസങ്ങള്‍ക്ക് മുമ്ബ് തന്നെ ഈ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ ശാശ്വതമായ സമാധാനം സ്ഥാപിക്കാനുള്ള ദൗത്യത്തിന്റെ ആരംഭം മാത്രമാണ് യു.എ.ഇയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍. ആണവായുധം കൈവശമുള്ള ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.

മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിന്റെ ഏഴ് പതിറ്റാണ്ട് നീണ്ട സ്വയംഭരണാവകാശം റദ്ദാക്കിയ ഇന്ത്യയുടെ 2019 ലെ നീക്കത്തെ പാകിസ്താന്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ഇസ്ലാമാബാദിലെയും ന്യൂഡല്‍ഹിയിലെയും തങ്ങളുടെ പ്രതിനിധികളെ ഇന്ത്യയും പാകിസ്താനും പിന്‍വലിച്ചിരുന്നു. ഇത് റദ്ദാക്കിക്കൊണ്ട് ഇരുരാജ്യങ്ങളും തങ്ങളുടെ അംബാസഡര്‍മാരെ പുനര്‍നിയമിക്കാനുള്ളതിനുള്ള നീക്കമാണ് ഇപ്പോള്‍ സജീവമായി നടക്കുന്നത്.

ഇതുകഴിഞ്ഞാണ് ദുര്‍ഘടമായ ഘട്ടം വരുന്നത്. 1947 ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കശ്മീരിന്റെ പേരില്‍ മൂന്ന് യുദ്ധങ്ങളാണ് ഉണ്ടായത്. കശ്മീര്‍ വിഷയത്തില്‍ ശാശ്വതമായ ഒരു തീര്‍പ്പ് ഉണ്ടാക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുനഃസ്ഥാപിക്കുകയുമാണ് അടുത്ത ഘട്ടം.

കാലങ്ങളായി ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ പെട്ടെന്ന് തന്നെ ഇല്ലാതാവുന്നതാണ് കണ്ടുവന്നിരുന്നത്. പ്രത്യേകിച്ച്‌ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ജനവികാരം ഇളക്കാന്‍ ഇരുപക്ഷവും അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ ഉപയോഗിക്കുന്നു.

എന്നാല്‍ നിലവില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ പഴയതുപോലെ ആകില്ലെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. സ്ഥാനപതികളെ പുനഃസ്ഥാപിക്കുന്നതിനപ്പുറമുള്ള പല നേട്ടങ്ങളും ഇത്തവണ കൈവരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

അതേസമയം പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ചോ അതില്‍ യു.എ.ഇയുടെ പങ്കിനെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെയും യു.എ.ഇയുടെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ഉടന്‍ അഭിപ്രായം പറയാനില്ല എന്നാണ് പ്രതികരിച്ചത്.

'ഭൂതകാലത്തെ കുഴിച്ചിട്ട് മുന്നോട്ട് പോകണം' എന്നാണ് കഴിഞ്ഞ ആഴ്ച പാകിസ്താന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇന്ത്യയോട് ആവശ്യപ്പെട്ടത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ സൈന്യം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ പരിഹാരം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജനറലിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

പാക് പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് വേഗം സുഖമാവട്ടെ എന്ന് ആശംസിച്ച്‌ കൊണ്ട് ട്വീറ്റ് ചെയ്തതും മറ്റൊരു അടയാളമാണ്.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സമാധാന ചര്‍ച്ചകളിലെ യു.എ.ഇയുടെ പങ്ക് ചൂണ്ടിക്കാട്ടുന്ന നിരവധി സൂചനകളാണ് പുറത്തുവന്നത്. നവംബറില്‍ അബുദാബി സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യു.എ.ഇ വിദേശകാര്യമന്ത്രിയെയും കിരീടാവകാശിയെയും കണ്ടിരുന്നു. അടുത്ത മാസം അദ്ദേഹം പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി 25 ലെ പ്രഖ്യാപനത്തിനും രണ്ടാഴ്ച മുമ്ബ് യു.എ.ഇ വിദേശകാര്യമന്ത്രി പാക് പ്രധാനമന്ത്രിയുമായി ഫോണ്‍ സംഭാഷണം നടത്തി. ഇതില്‍ പ്രാദേശിക-അന്തര്‍ദേശീയ വിഷയങ്ങളാണ് ചര്‍ച്ചയായത്.

ഇത് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം ശ്രീലങ്കയിലേക്ക് പോകുന്ന പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ ആകാശത്ത് പറക്കാന്‍ അനുമതി ലഭിച്ചു. 2019 ലെ സംഘര്‍ഷം മുതല്‍ ഇന്ത്യയുടെ വ്യോമമേഖലയില്‍ പാകിസ്താന്‍ വിമാനങ്ങള്‍ക്ക് അനുമതി ഉണ്ടായിരുന്നില്ല.

കൂടാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് പ്രസ്താവന നടത്തിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് യു.എ.ഇ. പ്രസ്താവനയില്‍ ഇരുരാജ്യങ്ങളുമായി യു.എ.ഇയ്ക്കുള്ള ചരിത്രപരമായ ബന്ധം അവര്‍ ചൂണ്ടിക്കാട്ടി. കൂടാതെ സമാധാനത്തിനായുള്ള ഇരുരാജ്യങ്ങളുടെയും പരിശ്രമങ്ങളെ യു.എ.ഇ അഭിനന്ദിക്കുകയും ചെയ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha