ദര്‍ഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതിദര്‍ഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

ദര്‍ഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതിദര്‍ഗയും പള്ളിയും പൊളിക്കാനുള്ള യു.പി അധികൃതരുടെ നീക്കം സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തന മണ്ഡലമായ ഗൊരഖ്പൂരിലെ ദര്‍ഗ മുബാറക് പൊളിക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ സുപ്രീം കോടതി. ഉത്തര്‍ പ്രദേശ് പബ്ലിക് പ്രിമൈസസ് ആക്‌ട് (1972) സംബന്ധിച്ച്‌ വിചാരണാ കോടതിയിലുള്ള കേസുകള്‍ തീര്‍പ്പാകുന്നതുവരെ ഗൊരഖ്പൂരിലെ മുബാറക് ഖാന്‍ ഷഹീദ് ദര്‍ഗ പൊളിക്കാന്‍ പാടില്ലെന്ന് ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുറാരി എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. മുബാറക് ഖാന്‍ ഷഹീദിന്റെ ശവകുടീരവും ദര്‍ഗയുടെ വലതുവശത്തെ മസ്ജിദും അധികൃതര്‍ നാളെ പൊളിക്കാനിരിക്കെയാണ് പരമോന്നത കോടതിയുടെ സ്‌റ്റേ.

നൂറ്റാണ്ടുകളായി മുസ്ലിംകള്‍ സന്ദര്‍ശിച്ച്‌ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും വിഖ്യാത ഹിന്ദി എഴുത്തുകാരന്‍ മുന്‍ഷി പ്രേംചന്ദിന്റെ 'ഈദ്ഗാഹ്' എന്ന കഥയിലൂടെ പ്രസിദ്ധി നേടുകയും ചെയ്ത മുബാറക് ഖാന്‍ ദര്‍ഗ, 1959 മുതലാണ് വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്.1959-ല്‍ ഗവണ്‍മെന്റ് നര്‍മല്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ദര്‍ഗ നില്‍ക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്നാരോപിച്ച്‌ രംഗത്തെത്തിയതിനെ ഇവിടേക്കുള്ള പ്രവേശനം തടസ്സപ്പെടുകയും മുന്‍സിഫ് കോടതിയില്‍ നിയമനടപടി ആരംഭിക്കുകയും ചെയ്തു. കോടതി വിധിപ്രകാരം പിന്നീട് ഈദ് നമസ്‌കാരം അടക്കമുള്ളവ നിര്‍വഹിക്കാന്‍ മുസ്ലിം സമുദായാംഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നു.

ജാതിമത ഭേദമന്യേ ആയിരക്കണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന ദര്‍ഗക്കെതിരായ പുതിയ നീക്കങ്ങള്‍ ശക്തമായത് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷമാണ്. 2019 ജൂണില്‍, യു.പി പബ്ലിക് പ്രിമൈസസ് ആക്ടിലെ (1972) നാലാം വകുപ്പ് പ്രകാരം ദര്‍ഗക്കും പള്ളിക്കുമെതിരെ നടപടിയെടുക്കാന്‍ സബ് ഡിവിഷനല്‍ ഓഫീസര്‍ ഉത്തരവിട്ടു. ഇതേത്തുടര്‍ന്ന് റവന്യൂ വിഭാഗം ദര്‍ഗയടക്കം 18 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് കാണിച്ച്‌ റിപ്പോര്‍ട്ട് നല്‍കി. ഇതിനെതിരെ ദര്‍ഗ കമ്മിറ്റി കോടതിയെ സമീപിച്ചു.

എന്നാല്‍, കമ്മിറ്റിക്ക് ദര്‍ഗയ്ക്കു മേല്‍ അവകാശമില്ലെന്നു കാണിച്ച്‌ ഗൊരഖ്പൂര്‍ വികസന അതോറിറ്റി ഹരജിക്കാരന് നോട്ടീസ് പോലും നല്‍കാതെ പൊളിച്ചുമാറ്റല്‍ നടപടിയുമായി മുന്നോട്ടു പോയി. ദര്‍ഗ അനധികൃതമല്ലെന്ന് വിചാരണാ കോടതിയിലെ ഉത്തരവിലുണ്ടെന്ന് അധികൃതരെ കമ്മിറ്റി അറിയിച്ചെങ്കിലും അവര്‍ ചെവിക്കൊണ്ടില്ല. ദര്‍ഗയുടെ ഒരു ഭാഗം പൊളിച്ചതിനു ശേഷം, ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ അധികൃതര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.

ദര്‍ഗ കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല സ്റ്റേയ്ക്കു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ കേസ് കോടതി തള്ളി. ഇതേത്തുടര്‍ന്നാണ് ദര്‍ഗ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പൊളിക്കല്‍ നടപടി തുടങ്ങുന്നതിനു മുമ്ബ് അധികൃതര്‍ ഹരജിക്കാര്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്നും, ഇതുസംബന്ധിച്ച കേസുകള്‍ ഗൊരഖ്പൂര്‍ സിറ്റി മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹരജിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷക വിഭ ദത്ത മുഖിത, അഡ്വ. ഷാരിഖ് അഹ്‌മദ്, സുനില്‍ കുമാര്‍ വര്‍മ എന്നിവര്‍ ഹാജരായി.

ഗൊരഖ്‌നാഥ് മഠത്തിലെ പൂജാരിയും ഗൊരഖ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയുമായിരുന്ന യോഗി ആദിത്യനാഥ് അടക്കമുള്ള ഹിന്ദുത്വ നേതാക്കള്‍ മുബാറക് ഖാന്‍ ഷഹീദ് ദര്‍ഗക്കെതിരെ പലപ്പോഴായി രംഗത്തു വന്നിരുന്നു. യോഗി അധികാരത്തില്‍ വന്നതിനു ശേഷമാണ് ദര്‍ഗയ്ക്കും സമീപത്തെ പള്ളി, ഈദ്ഗാഹ് എന്നിവയ്ക്കുമെതിരെ നീക്കങ്ങള്‍ അതിവേഗത്തിലായത്.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog