കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് ദലിത് നേതാവ് നടമ്മല്‍ രാജനും കുടുംബവും രാജിവച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 9 March 2021

കുട്ടിമാക്കൂലിലെ കോണ്‍ഗ്രസ് ദലിത് നേതാവ് നടമ്മല്‍ രാജനും കുടുംബവും രാജിവച്ചു

തലശ്ശേരി: കുട്ടിമാക്കൂലിലെ കോണ്‍ഗ്രസിന്റെ ദലിത് നേതാവും മുനിസിപ്പല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(ഐഎന്‍ടിയുസി) സംസ്ഥാന സെക്രട്ടറിയുമായ നടമ്മല്‍ രാജനും കുടുംബവും രാജിവച്ച്‌ സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തേ, സിപിഎം പ്രവര്‍ത്തകനെ ഓഫിസില്‍ കയറി ആക്രമിച്ചെന്ന് ആരോപിച്ച്‌ ദലിത് സഹോദരിമാരെയും കൈക്കുഞ്ഞിനേയും ജയിലിലടയ്ക്കുകയും യുവതികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്‌തെന്ന രീതിയില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയ സംഭവത്തിലെ കുടുംബമാണ് കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് സിപിഎമ്മിനൊപ്പം ചേരാന്‍ തീരുമാനിച്ചത്. ചില നേതാക്കളുടെ പ്രേരണയ്ക്കു വഴങ്ങിയാണ് താനും മക്കളും ചിലത് പറഞ്ഞതെന്നും രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.നടമ്മല്‍ രാജനെയും മക്കളായ അഖില, അഞ്ജുന എന്നിവരെയും ആക്രമിച്ചെന്ന കേസാണ് ദേശീയ തലത്തില്‍ തന്നെ പ്രാധാന്യം നേടിയത്.

സംഭവത്തില്‍ രാഹുല്‍ഗാന്ധി നേരിട്ട് വിളിക്കുകയും ഉമ്മന്‍ചാണ്ടിയും വി എം സുധീരനും കുട്ടിമാക്കൂലിലെത്തുകയും ചെയ്തിരുന്നു. അന്ന് ചില നേതാക്കളുടെ പ്രേരണക്ക് വഴങ്ങിയാണ് ചിലത് പറഞ്ഞത്.തന്നെയും കുടുംബത്തെയും കരുവാക്കി. ഇപ്പോള്‍ കേസ് നടത്താന്‍ പോലും സഹായമില്ല. വക്കീല്‍ ഫീസടക്കം നല്‍കേണ്ടിവന്നു. ദലിത് അക്രമകഥയുണ്ടാക്കിയവര്‍ കാര്യം കഴിഞ്ഞപ്പോള്‍ ദലിതരായ ഞങ്ങളെ കറിവേപ്പില പോലെ തള്ളിയെന്നും രാജന്‍ ആരോപിച്ചു. കോണ്‍ഗ്രസില്‍ സവര്‍ണാധിപത്യമാണ്. ന്യൂനപക്ഷ-ദലിത് വിഭാഗത്തില്‍പെട്ടവരെ യോഗങ്ങളില്‍ പങ്കെടുപ്പിക്കാതെ അയിത്തം കല്‍പ്പിച്ച്‌ മാറ്റിനിര്‍ത്തുകയാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ സഹകരണ സ്ഥാപനങ്ങളില്‍ പട്ടിക ജാതിക്കാരെ ഭരണ സമിതിയിലും സ്റ്റാഫ് നിയമനത്തിലും പരിഗണിക്കാറില്ല. പാര്‍ട്ടിയിലെ പ്രശ്‌നം സംബന്ധിച്ച്‌ ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ക്കെല്ലാം കത്ത് നല്‍കിയെങ്കിലും ആരും ഇടപെട്ടില്ല. തലശ്ശേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ ഞാനും മകളും മല്‍സരിച്ചിരുന്നു. എനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തടഞ്ഞു. കഴിഞ്ഞ തവണത്തെ വോട്ട് പോലും കിട്ടിയില്ല. മകള്‍ മല്‍സരിച്ച കോമത്ത് പാറയില്‍ ബിജെപിക്ക് വോട്ട്മറിച്ചു. 55 വോട്ടാണ് യുഡിഎഫിന് കിട്ടിയതെന്നും രാജന്‍ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog