സൂയസ് കനാലില്‍ കുടുങ്ങിയ 'എവര്‍ ഗിവണ്‍' നീങ്ങി തുടങ്ങിയതായി റിപോര്‍ട് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 30 March 2021

സൂയസ് കനാലില്‍ കുടുങ്ങിയ 'എവര്‍ ഗിവണ്‍' നീങ്ങി തുടങ്ങിയതായി റിപോര്‍ട്

സൂയസ് കനാലിന് കുറുകെ കുടുങ്ങിയ ചരക്കുകപ്പല്‍ 'എവര്‍ ഗിവണ്‍' നീങ്ങി തുടങ്ങിയതായി റിപോര്‍ട്. കപ്പല്‍ നീക്കുന്നതിനായി കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന ശ്രമങ്ങളിലാണ് ഇപ്പോള്‍ പുരോഗതി ഉണ്ടായത്. കപ്പലിന്റെ മുന്‍, പിന്‍ ഭാഗങ്ങള്‍ നാലു മീറ്റര്‍ ചലിച്ചതായി സൂയസ് കനാല്‍ അതോറിറ്റി ചെയര്‍മാന്‍ ഉസാമ റബി പറഞ്ഞതായി ഈജിപ്തിലെ എക്‌സ്ട്രാ ന്യൂസ് റിപോര്‍ട് ചെയ്തു.


'കപ്പല്‍ നീക്കാനുള്ള ശ്രമങ്ങളില്‍ ഗുണകരമായ മാറ്റങ്ങളാണ് ഉള്ളത്. കപ്പലിന്റെ മുന്‍ഭാഗം ചലിച്ചു തുടങ്ങിയിട്ടുണ്ട്. പ്രൊപലര്‍ പ്രവര്‍ത്തന സജ്ജമായി. മണല്‍തിട്ടയില്‍ ഇടിച്ച കപ്പലിന്റെ അണിയത്ത് കൂടി വെള്ളം ഒഴുകി തുടങ്ങി'യെന്നും ഉസാമ റബി വ്യക്തമാക്കി.കൂടുതല്‍ ടഗ് ബോടുകള്‍ ഉപയോഗിച്ചും ഇരുവശത്തെയും ഡ്രെഡ്ജിങ് നടത്തി കപ്പല്‍ മോചിപ്പിച്ചും കണ്ടെയ്‌നറുകള്‍ മാറ്റി ഭാരം കുറച്ചുമാണ് കപ്പലിനെ നീക്കാന്‍ ശ്രമം തുടരുന്നത്. ഇതിന്റെ ഭാഗമായി 24 മണിക്കൂറില്‍ 12 മണിക്കൂര്‍ ഡ്രെഡ്ജിങ്ങിനായും 12 മണിക്കൂര്‍ ടഗ് ബോടുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി മാറ്റിവെച്ചിരിക്കുന്നു. നിലവില്‍ 14 ടഗ് ബോടുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇരുവശങ്ങളിലും ആഴത്തില്‍ പുതഞ്ഞു കിടക്കുന്നതിനാല്‍ ടഗ് ബോടുകള്‍ ഉപയോഗിച്ച്‌ വലിച്ചുനീക്കല്‍ എളുപ്പമല്ല. എസ്‌കവേറ്റര്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള ഡ്രെഡ്ജിങ് പുരോഗമിക്കുകയാണ്.

നെതര്‍ലന്‍ഡ്‌സ് ആസ്ഥാനമായുള്ള ബോസ്‌കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തു കൊണ്ടിരിക്കുന്നത്. 60 അടി താഴ്ചയില്‍ 950,000 ക്യുബിക് അടി മണല്‍ നീക്കം ചെയ്തിട്ടുണ്ട്. മണ്ണിന് അടിത്തട്ടിലുള്ള പാറയാണ് ദൗത്യം വൈകാന്‍ ഇടയാക്കുന്നത്. വേലിയേറ്റ സമയത്ത് കപ്പല്‍ ചലിപ്പിക്കാന്‍ നടത്തിയ രണ്ട് ശ്രമങ്ങളം പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചയാണ് എവര്‍ ഗിവണ്‍ എന്ന ജപ്പാന്‍ ചരക്കുകപ്പല്‍ സൂയസ് കനാലിന് മധ്യേ ചേറില്‍ പുതഞ്ഞത്. 2,24,000 ടണ്‍ ചരക്ക് കയറ്റാന്‍ ശേഷിയുള്ളതാണ് കപ്പല്‍. ജപ്പാനിലെ ഷൂയി കിസെന്‍ എന്ന കമ്ബനിയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ തായ്‌വാന്‍ കമ്ബനിയായ എവര്‍ഗ്രീന്‍ മറൈനാണ് സെര്‍വിസിന് ഉപയോഗിക്കുന്നത്. ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പല്‍ പാതകളിലൊന്നായ സൂയസ് കനാല്‍ വഴി പ്രതിദിനം 960 കോടി ഡോളര്‍ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടല്‍.

അതേസമയം ഏഷ്യയില്‍ നിന്ന് യൂറോപിലേക്കും വടക്കേ അമേരികയിലേക്കും തിരിച്ചുമുള്ള കപ്പല്‍ പാത ആറു ദിവസമായി അടഞ്ഞു കിടക്കുകയാണ്. ഞായറാഴ്ചത്തെ കണക്കുകള്‍ പ്രകാരം എല്‍ എന്‍ ജി, എല്‍ പി ജി ഉല്‍പന്നങ്ങള്‍, വസ്ത്രം, ഫര്‍ണിചര്‍, നിര്‍മാണ സാമഗ്രികള്‍, കാര്‍ സ്‌പെയര്‍ പാര്‍ടുകള്‍ അടക്കമുള്ളവ കയറ്റിയ 369ലധികം കപ്പലുകളാണ് ഇരുവശങ്ങളിലുമായി കുടുങ്ങി കിടക്കുന്നത്. കനാലില്‍ കുടുങ്ങിയത് വഴി വലിയ നഷ്ടം നേരിട്ട കപ്പലുകള്‍ക്ക് ഇളവ് അനുവദിക്കുന്ന കാര്യം പരിഗണനയിലാണെന്ന് സൂയസ് കനാല്‍ അതോറിറ്റി അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog