തനിക്ക് കണ്ണൂര്‍ സീറ്റ് ലഭിക്കാതിരിക്കാന്‍ കെ. സുധാകരന്‍ ശ്രമിച്ചു: എ.പി അബ്ദുള്ളക്കുട്ടി,
കണ്ണൂരാൻ വാർത്ത



K Sudhakaran, Ap Abdullakkutty

കണ്ണൂര്‍: കോണ്‍ഗ്രസിലെ തന്റെ ഗോഡ്ഫാദര്‍ കെ. സുധാകരനെതിരെ എ.പി അബ്ദുള്ളക്കുട്ടി. സി.പി.എം വിട്ട് കോണ്‍ഗ്രസിലെത്തിയത് സീറ്റ് മോഹിച്ചല്ലെന്ന് അബ്ദുള്ളക്കുട്ടി. തന്റെ സീറ്റില്‍ 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കെ. സുധാകരന്‍, ഒഴിവുവന്ന കണ്ണൂര്‍ നിയസഭാ സീറ്റ് തനിക്ക് ലഭിക്കാതിരിക്കാന്‍ ശ്രമിച്ചുവെന്നും അബ്ദുള്ളക്കുട്ടി. എം.പിയായതിനെ തുടര്‍ന്ന് സുധാകരന്‍ രാജിവച്ച ഒഴിവില്‍ കണ്ണൂര്‍ നിയമസഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ തന്റെ വിശ്വസ്തനായ കെ. സുരേന്ദ്രന് സീറ്റ് നല്‍കാനായിരുന്നു സുധാകരന് താല്‍പ്പര്യമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഇക്കാര്യം തന്നോട് പറഞ്ഞപ്പോള്‍ താന്‍ സമ്മതിച്ചു. എന്നാല്‍ ഹൈക്കമാന്‍ഡും സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിച്ചതിന്റെ ഫലമായി സീറ്റ് തനിക്ക് തന്നെ ലഭിക്കുകയായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 2011ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് സുരേന്ദ്രന് വിട്ടുകൊടുക്കണമെന്നും പകരം സി.പി.എമ്മിന്റെ സ്വാധീന മണ്ഡലങ്ങളായ പയ്യന്നൂര്‍, തളിപ്പറമ്പ് എന്നീ മണ്ഡലങ്ങളില്‍ ഏതിലെങ്കിലും മത്സരിക്കാനാണ് തന്നോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ സിറ്റിംഗ് എം.എല്‍.എമാര്‍ എല്ലാവരും മത്സരിക്കട്ടെ എന്ന ഹൈക്കമാന്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തനിക്ക് കണ്ണൂര്‍ സീറ്റ് ലഭിച്ചു. ഇതിന്റെ പേരില്‍ സുധാകരന് തന്നോട് ദേഷ്യമുണ്ടായിരുന്നെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

2016ല്‍ മണ്ഡലം മാറി മത്സരിക്കേണ്ടി വന്ന കോണ്‍ഗ്രസിലെ ഏക സിറ്റിംഗ് എം.എല്‍.എ താനാണ്. സിറ്റിംഗ് സീറ്റ് ഉപേക്ഷിച്ച് തലശേരിയിലേക്ക് മാറേണ്ടി വന്നത് സുധാകരന്‍ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു. സുധാകരന് വേണ്ടി കണ്ണൂര്‍ സീറ്റില്‍ നിന്ന് മാറണമെന്ന പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി സുധാകരന്‍, സണ്ണി ജോസഫ്, കെ. സുരേന്ദ്രന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. മാറാന്‍ തയ്യാറാണെന്നും തന്നെ മാറ്റിയാല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്ന് ആരും ജയിക്കില്ലെന്നും അന്നേ പറഞ്ഞിരുന്നു. അത് പ്രകാരമാണ് സുധാകരന്‍ ഉദുമയിലേക്ക് മാറി കണ്ണൂര്‍ സീറ്റ് സതീശന്‍ പാച്ചേനിക്ക് നല്‍കിയതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കണ്ണൂര്‍ ജില്ലയിലെ മുന്ന് എം.പിമാരും 8 എം.എല്‍.എമാരും സി.പി.എമ്മിന്റേതായിരുന്ന കാലത്ത് കോണ്‍ഗ്രസിന് കെ. സുധാകരന്റെയും കെ.സി ജോസഫിന്റെയും സീറ്റ് മാത്രമുണ്ടായിരുന്ന കാലത്താണ് താന്‍ സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്ക് വരുന്നത്. തനിക്ക് അധികാരമോഹമാണെന്ന് പറയുന്നവര്‍ ഈ ചരിത്രം കൂടി മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോഡി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിടുന്ന അബ്ദുള്ളക്കുട്ടി ഇത് ആദ്യമായാണ് കെ. സുധാകരനെതിരെ രംഗത്ത് വരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത