കൗമാരങ്ങളെ വായനയിലേക്ക്‌ നയിച്ച്‌ പി.ആർ ഗ്രന്ഥാലയം
കണ്ണൂരാൻ വാർത്ത
പാനൂർ : പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക്‌ ആകർഷിക്കുന്ന ദൗത്യത്തിലാണ്‌ പാനൂർ പി.ആർ ഗ്രന്ഥാലയം ആൻഡ്‌ വായനശാല. നവ മാധ്യമങ്ങളിൽ അഭിരമിക്കുന്ന കൗമാരങ്ങളെ വായനയിലേക്ക്‌ തിരികെയെത്തിക്കാനുള്ള ഇവരുടെ പരിശ്രമം വിജയം കാണുകയാണ്‌. മണ്ഡലം പരിധിയിലെ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പുസ്തകങ്ങൾ മുൻകൂട്ടി നൽകി നടത്തുന്ന വായന മത്സരം കുട്ടികളുടെ വായനയ്‌ക്ക്‌ വലിയ പ്രോത്സാഹനമാണ്‌. വിജയികൾക്ക് സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുന്നതിനാൽ നിരവധിപേർ മത്സരത്തിൽ പങ്കെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർഥികൾക്ക് എല്ലാവർഷവും ജോലി തേടാനുള്ള സാമ്പത്തിക സഹായവും ചെയ്യുന്നുണ്ട്‌. 

ഗ്രന്ഥാലയത്തിൽ പ്രിസം എന്ന പ്രസാധക യൂണിറ്റും പ്രവർത്തിക്കുന്നു. വർഗീസ് ജോർജിന്റെയും കെ പി എ റഹിമിന്റെയും ഉൾപ്പെടെ 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കാലിക പ്രസക്തമായ വിഷയങ്ങളിൽ സംവാദങ്ങളും പുസ്തക ചർച്ചയും നടക്കുന്നു. ചലച്ചിത്ര ക്ലബ്‌, വയോജന, വനിത, യുവജന, ബാലവേദികളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 

വായനയുടെ പുതുലോകം സൃഷ്‌ടിച്ച ഈ വായനശാല സുവർണ ജൂബിലിയിലേക്ക്‌ ചുവടുവയ്‌ക്കുകയാണ്‌. 1973ൽ സോഷ്യലിസ്റ്റ് നേതാവ് അരങ്ങിൽ ശ്രീധരനാണ് ഗ്രന്ഥാലയത്തിന് ശിലയിട്ടത്‌. 1976 നവംബറിൽ നിർമാണം പൂർത്തീകരിച്ച്‌ എ കെ ആന്റണിയാണ്‌ ഉദ്ഘാടനംചെയ്തത്. പി.ആർ. കുറുപ്പിന്റെ ഷഷ്ടിപൂർത്തി ആഘോഷത്തോടനുബന്ധിച്ചാണ് ഗ്രന്ഥാലയത്തിന്റെ പ്രാരംഭ പ്രവർത്തനമാരംഭിച്ചത്. ഗ്രന്ഥശാലാ പ്രവർത്തകനായ ഐ.വി. ദാസിന്റെ പിന്തുണയും ലൈബ്രറിക്ക്‌ ലഭിച്ചു.
 2016ൽ ലൈബ്രറി കൗൺസിലിന്റെ എ-പ്ലസ് അംഗീകാരം ലഭിച്ചു. പതിനാലായിരത്തോളം പുസ്തകം ഗ്രന്ഥാലയത്തിലുണ്ട്. മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം നിജപ്പെടുത്തിയത്. കെ.പി. മോഹനൻ എം.എൽ.എ പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിലംഗം കെ.കുമാരൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിലുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത