ഇവർ റിപ്പയർ ചെയ്യും മൊബൈൽ ഫോണും ജീവിതവും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 March 2023

ഇവർ റിപ്പയർ ചെയ്യും മൊബൈൽ ഫോണും ജീവിതവും

മയ്യിൽ : വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന പുത്തൻകാലത്ത്‌ സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച്‌ ജീവിതം കെട്ടിപ്പടുക്കാൻ 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ്‌ ആൻഡ്‌ സർവീസ്‌ തൊഴിൽ മേഖല കൈയടക്കിയാണ്‌ ഇവർ ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്‌. 
 മയ്യിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പതിനെട്ട് വനിതകൾ മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം പൂർത്തിയാക്കിയത്. 20 മുതൽ 42 വയസുവരെ പ്രായമുള്ള, പത്താംതരം മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്‌ സംഘത്തിലുള്ളത്‌. 

 ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഒരുമാസമായിരുന്നു പരിശീലനം. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ, ചിപ്‌ ലെവൽ എന്നിവയിൽ പരിശീലനവും ലഭിച്ച ഇവർ ഏത്‌ തരം ഫോണിന്റെയും ടാബുകൾ, സ്മാർട്ട് വച്ച് തുടങ്ങിയവയുടെയും കേടുപാടുകൾ പരിഹരിക്കും.  

പരിശീലനം പൂർത്തിയാക്കിയവർ രണ്ട്‌ ടീമുകളായി തിരിഞ്ഞ്‌ സ്വയം സംരംഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്. സംഘത്തിലെ ബിന്ദു, ജിജി, ജിബിഷ, നിത്യ എന്നിവർ തായംപൊയിൽ കേന്ദ്രീകരിച്ചും രമ്യ, സൗമ്യ, റീത്ത, ഷിജിന, ഷൈജ എന്നിവർ മയ്യിൽ ടൗണിലും സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നു. തങ്ങളുടെ ജീവിത മാറ്റങ്ങൾക്ക് ഈ സ്വയം തൊഴിൽ കാരണമാകുമെന്ന ഉറച്ചവിശ്വാസത്തോടെയാണ് ഇവർ മുന്നോട്ട്പോകുന്നത്.  

പരിശീലനപരിപാടിയുടെ സമാപനത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എം വി അജിത സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി. രാമചന്ദ്രൻ, വി.വി. അനിത, പി.  പ്രീത, കെ. ബിജു, രൂപേഷ്, ഭരതന്‍, സുചിത്ര എന്നിവർ സംസാരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog