'ഒറ്റയാൻ നടുറോഡിൽ, ബൈക്ക് മരത്തിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ ജീവൻ തിരിച്ചുകിട്ടി' - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 2 March 2023

'ഒറ്റയാൻ നടുറോഡിൽ, ബൈക്ക് മരത്തിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ ജീവൻ തിരിച്ചുകിട്ടി'

പരപ്പ(ദേലംപാടി) ∙ ‘രാത്രി 9 മണി ആയിക്കാണും. ഒറ്റയാൻ നടുറോഡിൽ നിൽക്കുകയായിരുന്നു. അടുത്ത് എത്തിയപ്പോഴാണ് കണ്ടത്. ബൈക്ക് മരത്തിൽ ഇടിപ്പിച്ച് നിർത്തിയതിനാൽ ജീവൻ തിരിച്ചുകിട്ടി’. ഇതു പറയുമ്പോൾ ദേലംപാടി മയ്യള ഗോളിത്തടിയിലെ ഗോപാലന്റെ മുഖത്തെ പേടി മാറിയിട്ടില്ല. ഭാഗ്യം കൊണ്ടു ആനയുടെ മുന്നിൽ നിന്നു ജീവൻ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗോപാലനും കുടുംബവും.

ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. നാരംപാടിയിലെ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി ശേഖരിക്കുന്ന തൊഴിലാളിയാണ് ഗോപാലൻ. പണി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ പരപ്പ–മയ്യള കോൺക്രീറ്റ് റോഡിലെ മാവിന്റടിയിൽ വച്ചാണ് ഒറ്റയാന്റെ മുൻപിൽ പെട്ടത്. വളവും കയറ്റവുമുള്ള സ്ഥലമായതിനാൽ തൊട്ടടുത്ത് എത്തിയപ്പോഴാണ് ആനയെ കണ്ടത്. സംഭവം ഗോപാലന്റെ വാക്കുകളിൽ– ‘‘ആനയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച് റോഡരികിൽ ഉണ്ടായിരുന്ന തേക്ക് മരത്തിൽ ബൈക്ക് ഇടിപ്പിച്ചു. തുടർന്ന് കാട്ടിലേക്കു തെറിച്ചുപോയി. മൊബൈൽ ഫോണും നഷ്ടപ്പെട്ടു. അരമണിക്കൂറോളം കാട്ടിനുള്ളിൽ കുടുങ്ങിക്കിടന്നു. ആന തൊട്ടടുത്തും. കുറെ നേരം കഴിഞ്ഞ് ഒരു കാർ അതുവഴി വന്നു. അതിന്റെ വെളിച്ചത്തിലേക്കു റോഡിലേക്കു കയറി കൈ കാട്ടി. കാറിലുണ്ടായിരുന്നവരോടു വിവരം പറഞ്ഞു. കാറിൽ കയറി അൽപം മുന്നോട്ടു പോയപ്പോൾ ആന കുറച്ച് അകലെ റോഡിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് തിരിച്ചുപോയി പഞ്ചോടി റോഡിലൂടെ അവർ വീട്ടിലെത്തിച്ചു’’ ഇടിച്ചു തകർന്ന ബൈക്ക് ഇന്നലെയാണ് എടുത്തത്.

ആനയിറങ്ങിയ വിവരം അറിഞ്ഞിട്ടും വനപാലകർ റോഡ് തടസപ്പെടുത്താത്തതും ആളുകൾക്ക് വിവരം നൽകാതിരുന്നതുമാണ് ഗോപാലനെ അപകടത്തിന്റെ വക്കിലെത്തിച്ചത്. കാടും നാടും ഇടകലർന്ന പ്രദേശം ആയതിനാൽ വനത്തിനുള്ളിലൂടെയാണ് ദേലംപാടിയിലേക്കുള്ള റോഡുകൾ പോകുന്നത്. ആനകൾ രാത്രി റോഡിലിറങ്ങുന്നത് പലപ്പോഴും അപകടഭീഷണി ഉയർത്തുന്നു. കൃത്യമായ വിവരം നൽകി വനംവകുപ്പ് ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog