ഇരിട്ടി ആനപ്പന്തി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ വ്യാജ കാർഡ്‌; കോൺഗ്രസ്‌ നേതാവ്‌ പിടിയിൽ
കണ്ണൂരാൻ വാർത്ത
ഇരിട്ടി : ആനപ്പന്തി സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ അയ്യായിരത്തോളം വ്യാജ തിരിച്ചറിയൽ കാർഡ്‌ അടിച്ചുകൊണ്ടുവന്ന മുൻ ഡി.സി.സി സെക്രട്ടറി പിടിയിൽ. ബാങ്കിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ അഡ്വ. ജെയ്‌സൺ തോമസിനെയാണ്‌ കരിക്കോട്ടക്കരി പൊലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌.

25നാണ്‌ തെരഞ്ഞെടുപ്പ്‌. തിരിച്ചറിയൽ കാർഡ്‌ വിതരണത്തിന്റെ അവസാന ദിവസമായിരുന്നു ബുധനാഴ്‌ച. ബാങ്കിൽ കാർഡ്‌ വിതരണം നടക്കുന്നതിനിടെ ജെയ്‌‌സൺ സെക്രട്ടറിയെ വീട്ടിനടുത്തുള്ള റോഡിലേക്ക്‌ വിളിച്ചുവരുത്തി. പ്രവൃത്തിസമയത്ത്‌ മുൻ പ്രസിഡന്റിന്റെ കാറും അതിനടുത്ത്‌ സെക്രട്ടറിയെയും കണ്ട്‌ സംശയം തോന്നിയ നാട്ടുകാർ സ്ഥലത്തെത്തി. കാറിൽനിന്ന്‌ തിടുക്കത്തിൽ വലിയ കെട്ട്‌ ജയസ്‌ൺ സെക്രട്ടറിയെ ഏൽപ്പിക്കാൻ ശ്രമിച്ചു.

നാട്ടുകാരും സഹകാരികളും പരാതിപ്പെട്ടതിനെത്തുടർന്ന്‌ പൊലീസെത്തി പരിശോധിച്ചപ്പോൾ ആനപ്പന്തി ബാങ്കിന്റെ പേരിൽ അച്ചടിച്ച അയ്യായിരത്തോളം പുതിയ കാർഡുകളാണ്‌ കെട്ടിലെന്ന്‌ കണ്ടെത്തി. ഫോട്ടോ ഒട്ടിച്ച്‌ പേരുകൾ എഴുതി വ്യാജ കാർഡ്‌ തയ്യാറാക്കാനുള്ള നീക്കമാണിതെന്ന്‌ ജനാധിപത്യമുന്നണി സ്ഥാനാർഥി സിബി വാഴക്കാല പരാതി നൽകി. സഹകരണ തെരഞ്ഞെടുപ്പ്‌ കമ്മീഷനിലും പരാതിപ്പെട്ടു.

സഹകരണവകുപ്പ്‌ അധികൃതരും റിട്ടേണിങ് ഓഫീസറും സ്ഥലത്തെത്തി പരിശോധിച്ചു. ഇത്തരത്തിൽ കാർഡ്‌ അച്ചടിക്കാൻ ജയ്‌സൺ തോമസിനെ ചുമതലപ്പെടുത്തിയില്ലെന്നും പുതിയ കാർഡ്‌ തയ്യാറാക്കേണ്ട സാഹചര്യമില്ലെന്നും ബാങ്ക്‌ മിനുട്‌സിൽ ഇക്കാര്യം തീരുമാനിച്ചില്ലെന്നും സഹകരണ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ തെളിഞ്ഞതോടെ പൊലീസ്‌ ജെയ്‌സൺ തോമസിനെ കസ്‌റ്റഡിയിലെടുത്തു. ബാങ്ക്‌ സെക്രട്ടറിയുടെയും സഹകരണവകുപ്പ്‌ അധികൃതരുടെയും മൊഴികൾ രേഖപ്പെടുത്തിയ പൊലീസ്‌ ജെയ്‌സണനെതിരെ കേസെടുത്തു. വ്യാജ കാർഡുകൾ കൊണ്ടുവന്ന കാറും കസ്‌റ്റഡിയിലെടുത്തു. കാർ ഉടമയെക്കുറിച്ചും അന്വേഷിക്കണമെന്ന്‌ എൽ.ഡി.എഫ്‌ ആവശ്യപ്പെട്ടു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത