പറശ്ശിനിക്കടവ്–മാട്ടൂൽ ബോട്ട് സർവീസ് ഉടൻ; കാഴ്ചകൾ കാണാം ഡക്കർ ബോട്ടിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാട്ടൂൽ : പറശ്ശിനിക്കടവ്–മാട്ടൂൽ ബോട്ട് സർവീസ് ഒരാഴ്‌ചയ്‌ക്കകം പുനരാരംഭിക്കാൻ നടപടിയായി. യന്ത്രതകരാറിനെ തുടർന്ന് 2022 ഡിസംബറിലാണ് സർവീസ് നിർത്തിയത്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ ബോട്ടിനുപകരം മുകൾത്തട്ടിലും യാത്ര ചെയ്യാവുന്ന ‘ഡക്കർ ' ബോട്ടാണ് ആലപ്പുഴയിൽനിന്ന്‌ കൊണ്ടുവരുന്നത്. പറശിനി –മാട്ടൂൽ റൂട്ടിലെ ടൂറിസം സാധ്യതകൂടി പരിഗണിച്ചാണിത്. മുകൾതട്ടിൽ 18 പേർക്കും ഉൾഭാഗത്ത് 60 പേർക്കും യാത്ര ചെയ്യാവുന്ന ബോട്ടാണിത്‌. ജലഗതാഗത വകുപ്പിന്റെ നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കി. കഴിഞ്ഞ ദിവസം ട്രയൽറണ്ണും വിജയകരമായി നടത്തി. കടൽമാർഗമാണ് ബോട്ട് പറശ്ശിനിക്കടവിലെത്തിക്കുക. കടൽ ചിലയിടങ്ങളിൽ പ്രക്ഷുബ്‌ധമായതാണ് യാത്ര വൈകാനിടയാക്കിയത്. 
  
സർവീസ് പുനരാരംഭിച്ചാൽ രാവിലെ 9.30ന് പറശ്ശിനിക്കടവിൽനിന്ന് പുറപ്പെട്ട് പാമ്പുരുത്തി, നാറാത്ത്, പാപ്പിനിശേരി, പാറക്കൽ, മാങ്കടവ്, വളപട്ടണം, അഴീക്കൽ എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളുമായി ബന്ധിച്ച് ഒന്നര മണിക്കൂറിനകം മാട്ടൂൽ സൗത്ത് ബോട്ട് ജെട്ടിയിലെത്തും. തിരികെ യാത്ര 11.45നാണ്. 1.15ന് പറശ്ശിനിയിലെത്തുന്ന ബോട്ട് തിരികെ വളപട്ടണത്തേക്കാണ് പോകുക. മാട്ടൂൽ–പറശ്ശിനി യാത്രക്ക് പുറമെ ഇതേ ബോട്ടിൽ രാവിലെയും വൈകിട്ടും പറശ്ശിനിക്കടവ്‌ കേന്ദ്രീകരിച്ച്‌ ഉല്ലാസയാത്ര (സർക്കുലർ സർവീസ് )യും നടത്തും. അര മണിക്കൂർ ഇടവേളകളിലാണ് സർക്കുലർ സർവീസ് നടത്തുക. രാവിലെ 6.30 മുതൽ 9.30വരെയും വൈകിട്ട് നാലുമുതൽ ഏഴുവരെയുമാണ് ഉല്ലാസയാത്ര . 20 രൂപക്ക് അര മണിക്കൂർ ഉല്ലാസയാത്ര നടത്താം. 
 
സർവീസ് നിർത്തിയതിനെ തുടർന്ന് മറ്റിടങ്ങളിലേക്ക് മാറ്റിയ മൂന്ന് വീതം ബോട്ട് മാസ്റ്റർ, സ്രാങ്ക്, ഡ്രൈവർ എന്നിവരെ കൂടാതെ ആറ് ലാസ്കർമാരും (ഹെൽപ്പർ) അടുത്ത ദിവസം തിരികെയെത്താൻ ജലഗതാഗത വകുപ്പ് നിർദേശം നൽകി. അറ്റകുറ്റപ്പണി പൂർത്തിയാക്കി പഴയ ബോട്ട് തിരികെയെത്തിയാൽ ഡക്കർ ബോട്ടിനെ മുഴുവൻ സമയ ഉല്ലാസയാത്രയ്‌ക്ക്‌ ഉപയോഗിക്കാനുള്ള സാധ്യതയുമുണ്ട്.  
  
അറ്റകുറ്റപ്പണിക്കായി അഴീക്കലിലെത്തിച്ച ബോട്ടിന്റെ യന്ത്രത്തകരാർ പരിഹരിച്ചെങ്കിലും ഉപ്പിന്റെ കാഠിന്യത്തെ പ്രതിരോധിക്കുന്ന തകിട് അടിച്ചാലേ വീണ്ടും സർവീസ് നടത്താനാകൂ.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha