നാടകപ്രവർത്തകൻ വിക്രമൻ നായർ അന്തരിച്ചു
കണ്ണൂരാൻ വാർത്ത
കോഴിക്കോട് : പ്രമുഖ നാടകപ്രവർത്തകനും സംവിധായകനും നടനുമായ വിക്രമൻ നായർ (77) അന്തരിച്ചു. കുണ്ടൂപ്പറമ്പ് ഗവ. ഹൈസ്കൂളിനുസമീപം ‘കൃഷ്ണ’ വീട്ടിൽ തിങ്കൾ രാത്രി എട്ടോടെയായിരുന്നു അന്ത്യം. പുതുതായി ആരംഭിക്കുന്ന സീരിയലിൽ അഭിനയിക്കുന്നതിന് തിരുവനന്തപുരത്തേക്ക് പോവാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം മേയ്‌ത്ര ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്താനുള്ളതിനാൽ ചൊവ്വാഴ്ച പകൽ മൂന്നിന് വീട്ടിലെത്തിക്കും. ബുധനാഴ്ചയാണ് സംസ്കാരം.

പ്രമുഖ നാടക പ്രവർത്തകരായ കെ ടി മുഹമ്മദ്, തിക്കോടിയൻ എന്നിവരോടൊപ്പം നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചു. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി. കോഴിക്കോട്ടെ സംഗമം തിയറ്റേഴ്സിൽ അടക്കം നിരവധി നാടകട്രൂപ്പുകളുമായി സഹകരിച്ച വിക്രമൻ നായർ പിന്നീട് സിനിമ, സീരിയൽ മേഖലയിലേക്കും ചുവടുവച്ചു. 1982ൽ സ്‌റ്റേജ്‌ ഇന്ത്യ എന്ന നാടകസമിതി തുടങ്ങി.  

ഗുരുവായൂരപ്പൻ കോളേജിൽ ബിരുദപഠനം പൂർത്തിയാക്കി. സ്കൂൾ പഠനകാലത്ത് നാടകത്തിൽ സജീവമായിരുന്നു. മണ്ണാർക്കാട്‌ പൊറ്റശ്ശേരിയിൽ വെള്ളാറം പാടി ജാനകിയുടെയും വേലായുധൻ നായരുടെയും മകനായി 1945ലാണ്‌ ജനനം. ഭാര്യ: ലക്ഷ്മിദേവി. മക്കൾ: ദുർഗ സുജിത്ത് (ഷാർജ), സരസ്വതി ശ്രീനാഥ്. മരുമക്കൾ: കെ.പി. സുജിത്ത് (അബുദാബി), കെ.എസ്. ശ്രീനാഥ് (ഖത്തർ).

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത