തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലേക്ക്‌ ജനപ്രവാഹം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 March 2023

തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലേക്ക്‌ ജനപ്രവാഹം

തലശേരി : ശ്രീനാരായണഗുരു പ്രതിഷ്‌ഠ നടത്തിയ ജഗന്നാഥക്ഷേത്ര മഹോത്സവം ജനകീയോത്സവമാകുന്നു. വടക്കൻകേരളത്തിൽനിന്നുള്ള ആയിരങ്ങളാണ്‌ ദിവസവും ക്ഷേത്രത്തിലെത്തുന്നത്‌. കോവിഡുനിയന്ത്രണം പൂർണമായും മാറിയശേഷമുള്ള ആദ്യ ഉത്സവം നാട്‌ എല്ലാം മറന്ന്‌ ആഘോഷിക്കുകയാണ്‌. ദേശാഭിമാനി ബുക്ക്‌ സ്‌റ്റാളും ഐആർപിസി ഹെൽപ്‌ ഡെസ്‌കും ഉത്സവത്തോടനുബന്ധിച്ചുണ്ട്‌. റബ്‌കോ ഫർണിച്ചറുകൾ വിലക്കുറവിൽ വാങ്ങാനും സൗകര്യമുണ്ട്‌. ഗുരുദർശനത്തിന്റെ അർഥപൂർണമായ സംവാദ വേദികൂടിയായി സാംസ്‌കാരിക സമ്മേളനങ്ങളും മാറുന്നു. 

ക്ഷേത്രത്തിൽ നവോത്ഥാന മ്യൂസിയം സ്ഥാപിക്കുന്നതിന്‌ 4.98 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിന്റെ ആഹ്ലാദത്തിനിടെയാണ്‌ ഇത്തവണത്തെ ഉത്സവം. തലശേരി പൈതൃക ടൂറിസം പദ്ധതിയിൽ രാജ്യത്തെ ആദ്യത്തെ നവോത്ഥാന മ്യൂസിയമാണ്‌ ജഗന്നാഥത്തിൽ സ്ഥാപിക്കുന്നത്‌. ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രം എന്നതിനപ്പുറം അദ്ദേഹം ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിച്ചതും ഇവിടെയാണ്‌. ഒന്നരക്കോടി രൂപ ചെലവഴിച്ച്‌ ക്ഷേത്രക്കുളം നവീകരണവും സൗന്ദര്യവൽക്കരണ പ്രവൃത്തിയും പൂർത്തിയാക്കി. 

ഉത്സവത്തിന്‌ വെള്ളിയാഴ്‌ച കൊടിയിറങ്ങും. സർവമത സമ്മേളന ശതാബ്ദിയോടെ വ്യാഴാഴ്‌ച സാംസ്‌കാരിക സമ്മേളനവും സമാപിക്കും. രാത്രി ഏഴിന്‌ അഗ്നിരക്ഷാ സേനാ വിഭാഗം ഡിജിപി ബി സന്ധ്യ സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ശിവഗിരി മഠം ജനറൽസെക്രട്ടറി സ്വാമി ശുഭാംഗനാനന്ദ മുഖ്യപ്രഭാഷണം നടത്തും. ഗോകുലം ഗോപാലൻ, സംവിധായകൻ വിനയൻ തുടങ്ങിയവരും പങ്കെടുക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog