കണ്ണൂർ : ആറളം സഹകരണ ബാങ്കിലെ ക്രമക്കേട് കണ്ടെത്തിയ കൺകറന്റ് ഓഡിറ്റർക്ക് സ്ഥലം മാറ്റം. ബാങ്കിലെ എ ക്ലാസ് മുഹമ്മദ് അഷ്റഫിന് ചട്ടവിരുദ്ധമായി വൻ തുക വായ്പ പലിശയിളവു നൽകിയത് കണ്ടെത്തി റിപ്പോർട്ട് ചെയ്ത ഓഡിറ്റർ ജോർജ് ജോസഫിനെയാണ് സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സ്ഥലം മാറ്റിയത്.
5 വായ്പകളിലായി 41.55 ലക്ഷം രൂപയുടെ പലിശ അടയ്ക്കാനുള്ള മുഹമ്മദ് അഷ്റഫിന് 2022 ഏപ്രിൽ 27ന് 26.09 ലക്ഷം രൂപ ഇളവ് ചെയ്ത് നൽകിയതായാണ് ഓഡിറ്റിൽ കണ്ടെത്തിയത്. പലിശയിളവ് അനുവദിക്കുന്നതിന് ചുമതലപ്പെട്ട അദാലത്ത് കമ്മിറ്റിയുടെയോ മറ്റാരുടെയെങ്കിലുമോ തീരുമാനത്തിന്റെ രേഖകൾ ബാങ്ക് ലഭ്യമാക്കിയിട്ടില്ലെന്നും ഈ വായ്പകളുടെ ലഡ്ജറിൽ പലിശയിളവ് രേഖപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ലഡ്ജറിലെ വായ്പ പലിശയും നാൾവഴിയിലും (ഡേ ബുക്ക്) രസീതിലുമുള്ള പലിശയും സംഘത്തിൽ സൂക്ഷിക്കുന്ന വ്യക്തിഗത വായ്പ റജിസ്റ്ററിലെ തുകയും വ്യത്യസ്തമാണ്. പലിശയിളവ് നൽകിയ അതേദിവസം തന്നെ മുഹമ്മദ് അഷ്റഫിന്റെയും പിതാവിന്റെയും പേരിൽ 27.50 ലക്ഷം രൂപയുടെ പുതിയ 3 വായ്പകൾ അനുവദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇക്കൊല്ലം ഫെബ്രുവരി 27ന് കംപ്യൂട്ടറിൽ, നാൾവഴി സോഫ്റ്റ്‌വെയർ പരിശോധിച്ചപ്പോൾ പലിശയിളവു മുഴുവനായി നീക്കം ചെയ്തതായാണ് കാണുന്നത്.
കംപ്യൂട്ടറിലെ കണക്കുകളിൽ കൃത്രിമം കാണിച്ചിട്ടുണ്ട്.കൂടുതൽ വായ്പകളിൽ സമാന രീതിയിൽ കൃത്രിമം വരുത്താൻ സാധ്യതയുള്ളതിനാൽ, മുഴുവൻ വായ്പകളും വിശദമായി പരിശോധിക്കണം. ഒരു വ്യക്തിക്ക് മാത്രം ക്രമവിരുദ്ധമായി ഭീമമായ തുക പലിശയിളവ് നൽകിയത് ഗുരുതരമായ കൃത്യവിലോപമാണ്. ഭീമമായ പലിശയിളവ് ശ്രദ്ധയിൽ പെട്ടപ്പോൾ, കൺകറന്റ് ഓഡിറ്റർ വിശദീകരണം ചോദിച്ചതിന് ശേഷമാണ് കംപ്യൂട്ടറിലെ എൻട്രികളിൽ മാറ്റം വരുത്തിയത്. – റിപ്പോർട്ടിൽ പറയുന്നു.
സഹകരണ ബാങ്ക് പ്രസിഡന്റിന്റെ വിശദീകരണം
വായ്പ കുടിശിക നിവാരണത്തിനായി സർക്കാർ നൽകിയ നിർദേശത്തിന്റെ ഭാഗമായാണ് മുഹമ്മദ് അഷ്റഫിന് പലിശയിളവ് അനുവദിച്ചത്. മുൻപ് പലിശ, കൂട്ടുപലിശ, പിഴപ്പലിശ എന്നിങ്ങനെയൊക്കെയാണ് കണക്കാക്കിയിരുന്നത്. ഇപ്പോൾ അതിനു പകരം വായ്പത്തുകയും പലിശയും വെവ്വേറെ പരിഗണിക്കുകയും രണ്ടിനത്തിലും 18.50 ലക്ഷം രൂപ വീതം മുഹമ്മദ് അഷ്റഫ് അടയ്ക്കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന് വീണ്ടും 18 ലക്ഷം രൂപ വായ്പ അനുവദിച്ചിട്ടുമുണ്ട്. ഇതിൽ ക്രമവിരുദ്ധമായി ഒന്നുമില്ല. അംഗങ്ങളുടെ നിലവിലുള്ള സാമ്പത്തിക അവസ്ഥ മെച്ചമല്ലെന്നറിഞ്ഞു കൊണ്ട്, അവർക്കൊപ്പം നിൽക്കുകയാണു ബാങ്ക് ചെയ്യുന്നത്. പലിശയിളവു നൽകാൻ 2022 മാർച്ചിൽ ബാങ്കും അദാലത്ത് കമ്മിറ്റിയും തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച രേഖ നൽകാൻ 15 ദിവസത്തെ സാവകാശമുണ്ട്.
സെക്രട്ടറിയുടെ ചുമതല ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ഭരണസമിതിയാണ്. നഷ്ടത്തിലുള്ള ബാങ്കിന്റെ ജീവനക്കാരെ ഫലപ്രദമായി നിയോഗിക്കുകയാണു ചെയ്യുന്നത്. ആശ്രിത നിയമനത്തിന് അർഹതയുള്ളയാൾക്ക് പ്രായപൂർത്തിയാകുമ്പോൾ, ബാങ്ക് ഭരണസമിതി ആവശ്യമുള്ളത് ചെയ്യും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു