കണ്ണൂർ : ജില്ലയിൽ മൂന്ന് തദ്ദേശസ്ഥാപന വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കനത്ത പോളിങ്. മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിൽ 78.58, ശ്രീകണ്ഠപുരം നഗരസഭയിലെ കോട്ടൂർ 79.23, പേരാവൂർ പഞ്ചായത്ത് മേൽമുരിങ്ങോടിയിൽ 81.14 ശതമാനമാണ് പോളിങ്. ബുധനാഴ്‌ചയാണ് വോട്ടെണ്ണൽ.
ശ്രീകണ്ഠപുരം കോട്ടൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 748 വോട്ടാണ് പോൾ ചെയ്‌തത്. 944 വോട്ടാണ് ആകെ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 81 ശതമാനം വോട്ടാണ് ഈ വാർഡിൽ രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ടുകൂടി വന്നുകഴിഞ്ഞാൽ കഴിഞ്ഞ തവണത്തേതിന് സമാനമായ വോട്ട് രേഖപ്പെടുത്തുമെന്നാണ് നിഗമനം.
കനത്ത ചൂടിനെ അവഗണിച്ച് പ്രായമായവരുൾപ്പെടെ വോട്ട് ചെയ്യാൻ എത്തിയിരുന്നു. എന്നാൽ ബൂത്ത് പരിധിയിൽതന്നെ നഗരസഭയുടെ കമ്യൂണിറ്റി ഹാൾ ഉണ്ടായിരിക്കെ കിലോമീറ്ററുകൾക്കപ്പുറം കോട്ടൂർ എ.യു.പി സ്കൂളിൽ പോളിങ് സ്റ്റേഷൻ തീരുമാനിച്ചത് പ്രതിഷേധത്തിനിടയാക്കി. ബൂത്തിൽനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചു വേണം പോളിങ് സ്റ്റേഷനിലെത്താൻ. അടിസ്ഥാന സൗകര്യങ്ങൾ എല്ലാമുള്ള കമ്യൂണിറ്റി ഹാളിൽ പോളിങ് നടത്തണമെന്ന് നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. പോളിങ്ങിന് എത്തിയ രണ്ടുപേർ കുഴഞ്ഞു വീണതിനെ തുടർന്ന് പ്രഥമ ശുശ്രൂഷ നൽകി. നേരത്തെ കൗൺസിലറായിരുന്നു ടി.സി. ഭവാനി ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മയ്യിൽ പഞ്ചായത്ത് വള്ളിയോട്ട് വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 78.58 ശതമാനം പോളിങ് രേഖപ്പെടുത്തി. കെ.കെ. റിഷ്ന പഠനാർഥം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. മയ്യിൽ എ.എൽ.പി സ്‌കൂൾ, വള്ളിയോട്ട് ജയകേരള വായനശാല എന്നിവിടങ്ങളിലായി രണ്ട് ബൂത്തുകളിലായി 1335 വോട്ടാണുള്ളത്. 1049 വോട്ടുകൾ പോൾ ചെയ്തു.
പേരാവൂർ പഞ്ചായത്തിലെ ഒന്നാം വാർഡായ മേൽ മുരിങ്ങോടിയിൽ 81.14 ശതമാനമാണ് പോളിങ്. എൽ.ഡി.എഫ് സ്വതന്ത്രനായ പുതിയവീട്ടിൽ രാജീവൻ ശാരീരിക അവശതയെ തുടർന്ന് രാജിവെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. നിലവിൽ 280 വോട്ടുകളുടെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുള്ളത്. 1432 വോട്ടർമാരുള്ളതിൽ 1162 വോട്ട് പോൾ ചെയ്‌തു. മുരിങ്ങോടി ശ്രീ ജനാർദന എൽ.പി. സ്‌കൂളിൽ രണ്ടു ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു