ശ്രീകണ്ഠപുരം: പയ്യാവൂർ ഊട്ടുത്സവത്തിന്റെ ഭാഗമായി ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച കിരാതമൂർത്തിക്ക് സമർപ്പിച്ചു. ഇതോടെ ഉത്സവാരംഭത്തിൽ അരിയുമായെത്തിയ കുടകർ കാളകളുമായി മടങ്ങി.
വ്യാഴാഴ്ച രാവിലെ നെയ്യമൃത്കാരുടെ നെയ്യൊപ്പിക്കലോടെയാണ് ചടങ്ങുകൾ തുടങ്ങിയത്. ഉച്ചയ്ക്ക് താഴത്തമ്പലത്തിൽനിന്ന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്തും പിന്നീട് തിരുനൃത്തവും കൊമരത്തച്ചന്റെയും നെയ്യമൃത്കാരുടെയും കുഴിയടുപ്പിൽ നൃത്തവും നടന്നു. വൈകീട്ട് അഞ്ചുമണിയോടെ ചൂളിയാട് ദേശവാസികളുടെ ഓമനക്കാഴ്ച പയ്യാറ്റുവയലിൽ എത്തി. ദേവസ്വം അധികൃതരും നെയ്യമൃത്കാരും കാഴ്ചയെ സ്വീകരിച്ചു. തുടർന്ന് കാഴ്ചത്തറയിൽ കുലകൾ സമർപ്പിച്ചു. ഓമനക്കാഴ്ചയെത്തിയതോടെ കുടകർ കാളകളുമായി മടക്കയാത്ര തുടങ്ങി. അതിർത്തിവനത്തിലൂടെ 40 കിലോമീറ്ററോളം കാൽനടയായി യാത്രചെയ്താണ് കുടകർ മടങ്ങുന്നത്.
വെള്ളിയാഴ്ച രാവിലെ 10-ന് നെയ്യാട്ടം, ഇളനീരാട്ടം, കളഭാട്ടം, ഒന്നിന് നെയ്യമൃതുകാരുടെ അടീലൂണ്, വൈകീട്ട് ആറിന് ശ്രീഭൂതബലി, തിടമ്പഴുന്നള്ളത്ത്, രാത്രി ഒൻപതിന് തെയ്യംപാടിപ്പാട്ട് എന്നിവ നടക്കും. 25-ന് പയ്യാറ്റുവയലിൽ ആറാട്ടെഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു