ഇരിട്ടി : റബർ ആൻഡ് അഗ്രികൾചറൽ മാർക്കറ്റിങ് സഹകരണ സംഘത്തിന്റെ ആനപ്പന്തിയിലെ ഫാക്ടറി കുത്തിത്തുറന്ന് 10 ലക്ഷം രൂപയുടെ യന്ത്ര സാമഗ്രികൾ കവർന്ന കേസിൽ രണ്ടംഗ സംഘം പിടിയിലായി. കൂത്തുപറമ്പ് മുണ്ടേരിമൊട്ട കോളനിയിൽ താമസിക്കുന്ന മണികണ്ഠൻ(27), കൂത്തുപറമ്പ് മൂരിയാട് സ്വദേശി മണികണ്ഠൻ (39) എന്നിവരെയാണ് കരിക്കോട്ടക്കരി സി.ഐ പി.ബി.സജീവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മുണ്ടേരിമൊട്ട സ്വദേശിയെ മുണ്ടേരിമൊട്ടയിൽ നിന്നും മുര്യാട് സ്വദേശിയെ ഇടുക്കി അടിമാലിയിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്. പൂട്ടിക്കിടന്ന ഫാക്ടറിയിൽ കഴിഞ്ഞ 9നാണ് കവർച്ച നടന്നത്. 200 ഓളം റബർ റിസോളിങ് അച്ചുകളാണ് മോഷണം പോയത്.
പകൽ സമയം സ്വന്തം വാഹനത്തിൽ പഴയ സാധനങ്ങൾ കച്ചവടം നടത്താൻ പോകുകയും രാത്രികാലങ്ങളിൽ കവർച്ചയുമാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
ഒന്നാം പ്രതിയായ മണികണ്ഠൻ 2004 മുതൽ കണ്ണൂർ ടൗൺ, മട്ടന്നൂർ, കോഴിക്കോട് ഫറോക്ക് എന്നീ സ്റ്റേഷനുകളിൽ വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തിയ കേസിൽ പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിൽ ചില കേസുകളിൽ പിടികിട്ടാപ്പുള്ളിയുമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എസ്.ഐ.മാരായ എൻ. വിപിൻ, അബ്ദുൽ റൗഫ്, എ.എസ്.ഐ എം. റോബിൻസൺ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ രജിത്ത്, പ്രമോദ് ദാസ് എന്നിവരും കവർച്ച സംഘത്തെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു