കല്യാശ്ശേരി : ദേശീയപാതാ വികസന പ്രവൃത്തികൾക്കിടെ വലിയ ദുരിതംപേറുകയാണ് മിക്ക സ്ഥലത്തേയും ഓട്ടോ-ടാക്സിക്കാർ. പാർക്കിങ്ങിന് ഇടമില്ലാതെയും പൊരിവെയിലിൽ യാത്രാക്കാരെ തേടിയുള്ള കാത്തിരിപ്പും മേഖലയിലെ തൊഴിലാളികളെയാകെ കഷ്ടത്തിലാക്കി.
കണ്ണൂർ ബൈപ്പാസിൽ കുറ്റിക്കോലിനും പാപ്പിനിശ്ശേരിക്കും ഇടയിൽ ഏഴിടങ്ങളിലാണ് പ്രധാനമായി ഓട്ടോ ടാക്സി പാർക്കിങ് ഉള്ളത്. ഇതിൽ ധർമശാലയിലെതൊഴിച്ച് ബാക്കി എല്ലാ സ്ഥലത്തും ഓട്ടോ ടാക്സിക്കാരുടെ പാർക്കിങ് മേഖല ദേശീയപാതാ നിർമാണത്തിനിടെ നഷ്ടപ്പെട്ടു. നിലവിൽ ഈ സ്ഥലങ്ങളിലെ ഓട്ടോ ടാക്സിക്കാർ ദേശീയപാതയുടെ നിർമാണം നടക്കുന്ന സ്ഥലങ്ങളിലാണ് മാറി മാറി പാർക്ക് ചെയ്യുന്നത്. പ്രവൃത്തി ഓരോ ഭാഗത്ത് നടക്കുമ്പോഴും പുതിയ താവളംതേടി അലയുകയാണ് ഡ്രൈവർമാർ.
ബക്കളം, താഴെ ബക്കളം, മാങ്ങാട്, കല്യാശ്ശേരി, കീച്ചേരി, വേളാപുരം എന്നിവിടങ്ങളിലെല്ലാം ഓട്ടോ ടാക്സിക്കാർ വലിയ പ്രതിസന്ധിയിലാണ്. പുതിയ പാതയുടെ നിർമാണം പൂർത്തിയായാലും പാർക്കിങ് സ്ഥലത്തെക്കുറിച്ച് ഇപ്പോഴും ഒരു വ്യക്തതയുമില്ല. മാങ്ങാട്, കല്യാശ്ശേരി, കീച്ചേരി എന്നിവിടങ്ങളിൽ സമീപന റോഡുകളിലും പാർക്കിങ്ങിന് സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.
വേളാപുരത്തിനും ബക്കളത്തിനും ഇടയിൽ 350 ഓട്ടോ ടാക്സിക്കാർ ഉപജീവനം നടത്തുന്നുണ്ട്. കീച്ചേരിയിൽ എഴുപതിൽപ്പരവും ധർമശാലയിൽ നൂറിലധികം പേരും ഓട്ടോ ടാക്സി ഡ്രൈവർമാരായി ജോലിചെയ്യുന്നുണ്ട്. പാർക്കിങ് പ്രശ്നവും തണൽ മരങ്ങൾ നഷ്ടപ്പെട്ടതിനാൽ പൊരിവെയിലും സഹിക്കുന്നതിനിടെ ഗുരുതരമായ പൊടിശല്യം ഡ്രൈവർമാരെ അലട്ടുന്ന വലിയ ആരോഗ്യപ്രശ്നം കൂടിയാണ്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു