കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ ഗ്രൗണ്ടിന്റെയും പ്രവൃത്തി അവസാനഘട്ടത്തിൽ. 7.5 കോടി രൂപയുടെ സിന്തറ്റിക് സ്‌റ്റേഡിയമാണ് ഒരുങ്ങുന്നത്. ഇന്റർനാഷണൽ അത്‌ലറ്റിക് ഫെഡറേഷൻ നിഷ്കർഷിച്ച (ഐ.എ.എ.എഫ് സ്റ്റാൻഡേർഡ്) എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്കിനും ജംബിങ് പിറ്റിനും ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്ങിനുമായി 6.17 കോടിയാണ് ചെലവ് കണക്കാക്കിയത്. പവിലിയനും ശുചിമുറിക്കുമടക്കം 83 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എം വിജിൻ എംഎൽഎയുടെ ഫണ്ടിൽനിന്നുള്ള 50 ലക്ഷം രൂപയുടെ അന്താരാഷ്‌ട്ര നിലവാരമുള്ള ഫുട്‌ബോൾ ഫീൽഡിന്റെ നിർമാണവും പുർത്തിയാവുന്നു.
കേന്ദ്ര സർക്കാരിന്റെ ഖേലോ - ഇന്ത്യ പദ്ധതിയിൽ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പിന്റെയും സ്പോർട്സ് കേരള ഫൗണ്ടേഷന്റെയും മേൽനോട്ടത്തിലാണ് പ്രവൃത്തി. ഉത്തര മലബാറിൽ ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ആദ്യ സിന്തറ്റിക് ട്രാക്കാണ് ഇത്. എട്ട് ലൈൻ സിന്തറ്റിക് ട്രാക്, ജംബിങ് പിറ്റ്, കാണികൾക്കായുള്ള പവലിയൻ, കായികതാരങ്ങൾക്കായുള്ള ഡ്രസ് ചെയ്ഞ്ചിങ് റൂം, ശുചിമുറി എന്നിവയുടെ നിർമാണം പൂർത്തിയായി.
ഫെൻസിങ്ങിന്റെ പ്രവൃത്തി അവസാന ഘട്ടത്തിൽ. ട്രാക്കിന്റെ ലൈൻ മാർക്കിങ് അടുത്തയാഴ്ച ആരംഭിക്കും. പ്രകൃതിദത്ത ഫുട്ബോൾ ടർഫുള്ള ഗ്രൗണ്ടിന്റെ പ്രവൃത്തിയും അവസാന ഘട്ടത്തിൽ. ഫിഫ സ്റ്റാൻഡേർഡ് ഗ്രൗണ്ടിന്റെ പ്രതലത്തിൽ വച്ചു പിടിപ്പിക്കേണ്ട ബർമുഡ ഗ്രാസ് ബംഗളൂരുവിൽനിന്നും എത്തിച്ചു. പുൽമൈതാനം നനക്കാനാവശ്യമായ ഓട്ടോമാറ്റിക് സ്‌പ്രിങ്‌ളറിന്റെ പരീക്ഷണവും കഴിഞ്ഞ ദിവസം പൂർത്തിയാക്കി. മാർച്ചോടെ സിന്തറ്റിക് ട്രാക്കിന്റെ പണി പൂർത്തിയാവുമെന്ന് നിർമാണ കരാർ ഏറ്റെടുത്ത ഡൽഹി സിൻകോട്ട് ഇന്റർനാഷണലും ഫുട്ബോൾ ഗ്രൗണ്ടിന്റെ പ്രവൃത്തി നടത്തുന്ന ആലുവ വി.കെ.എം ഗ്രൂപ്പും അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു