സിറ്റി ഗ്യാസ് പദ്ധതി: പൈപ്പിലൂടെയെത്തി പാചകവാതകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ നഗരത്തിലുമെത്തുകയാണ്‌ പൈപ്പുവഴിയുള്ള പാചകവാതകം. 
ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയുടെ ഭാഗമായുള്ള സിറ്റി ഗ്യാസ്‌ ഗാർഹിക കണക്ഷനുള്ള പൈപ്പിടൽ കണ്ണൂർ കണ്ണോത്തുംചാലിലെത്തി. പൈപ്പുകൾ വഴി വീടുകളിൽ നേരിട്ട് പാചകവാതകം എത്തിക്കുന്നതാണ്‌ സിറ്റി ഗ്യാസ്‌ പദ്ധതി. ജില്ലയിലൂടെ കടന്നുപോകുന്ന ഗെയിൽ പൈപ്പ്‌ ലൈനിൽ കൂടാളിയിലാണ്‌ വിതരണ ഹബ്ബ്‌.  

കൂടാളി പഞ്ചായത്തിലെ 250 ഓളം വീടുകളിലാണ്‌ സിറ്റി ഗ്യാസ്‌ കണക്‌ഷൻ ലഭ്യമായത്‌. കഴിഞ്ഞ നവംബർ ഒന്നിനാണ്‌ കൂടാളിയിൽ ആദ്യ കണക്‌ഷൻ നൽകിയത്‌. 460 പേരാണ്‌ ഇവിടെ സിറ്റി ഗ്യാസിനായി രജിസ്‌റ്റർ ചെയ്‌തത്‌. 350 വീടുകളിലേക്കുള്ള പ്ലംബ്ബിങ്‌ പ്രവൃത്തികൾ പൂർത്തിയായി. മാർച്ച്‌ ആദ്യവാരത്തോടെ രജിസ്‌റ്റർ ചെയ്‌ത മുഴുവൻ വീടുകളിലും കണക്‌ഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടക്കുന്നത്‌. 

കണ്ണൂർ കോർപറേഷനിലെ എട്ടുവാർഡുകളിലെ പൈപ്പിടൽ ഈ മാസം അവസാനത്തോടെ തുടങ്ങുന്നതിനാണ്‌ ലക്ഷ്യമിടുന്നത്‌. കോർപറേഷൻ പരിധിയിൽ എട്ടായിരം വീടുകളിലേക്കുള്ള പൈപ്പിടലാണ്‌ ആദ്യഘട്ടത്തിൽ. കൂടാളി സബ്‌സ്‌റ്റേഷനുസമീപത്തെ എട്ടുവാർഡുകളാണ്‌ ആദ്യഘട്ടത്തിൽ ഉൾപ്പെടുക. ഇവയ്‌ക്കുള്ള സർവേ പൂർത്തിയായി. പൈപ്പിടുന്നതിനുള്ള അനുമതി ഈയാഴ്‌ചയോടെ ലഭ്യമാകുമെന്നാണ്‌ പ്രതീക്ഷ. 

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നതിനുള്ള സിറ്റി ഗ്യാസ് സ്‌റ്റേഷനാണ്‌ കൂടാളിയിലേത്‌. സുരക്ഷിതമായ പോളി എത്തിലിൻ പൈപ്പുകൾ ഉപയോഗിച്ചാണ് സിറ്റി ഗ്യാസ്‌ പദ്ധതിയിൽ വീടുകളിൽ പാചകവാതകം എത്തിക്കുക. വീടുകളിൽ കണക്ഷൻ എടുക്കുന്നതിന്‌ നിശ്ചിത തുക അടയ്‌ക്കണം. സബ്‌സിഡി ഇല്ലാത്ത ഗ്യാസിനേക്കാൾ 20 ശതമാനത്തോളം വിലക്കുറവിലാണ്‌ പാചകവാതകം ലഭിക്കുക. ഉപയോഗത്തിനനുസരിച്ചാണ്‌ മാസം പണം അടയ്‌ക്കേണ്ടത്‌. മുഴുവൻ സമയവും പാചകവാതകം ലഭ്യമാകുമെന്നതാണ് സിറ്റി ഗ്യാസിന്റെ പ്രധാന ആകർഷണം.  

ഇന്ത്യൻ ഓയിൽ കോർപ്പറേഷനും അദാനി ഗ്യാസ്‌ പ്രൈവറ്റ്‌ ലിമിറ്റഡും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പൈപ്പ്‌ലൈൻ കടന്നുപോകുന്ന സ്ഥലങ്ങളിലെ വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ പാചകവാതകവും ലഭ്യമാക്കും. വാഹനങ്ങൾക്കാവശ്യമായ വാതകം നിറയ്ക്കുന്നതിനായുള്ള അഞ്ച്‌ സിഎൻജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്) സ്‌റ്റേഷനുകളും ജില്ലയിലുണ്ട്‌. കണ്ണൂർ സെൻട്രൽ ജയിൽ, മട്ടന്നൂർ, പറശ്ശിനിക്കടവ്‌, പരിയാരം, കൂത്തുപറമ്പ്‌ എന്നിവിടങ്ങളിലാണിത്‌. പയ്യന്നൂർ, കമ്പിൽ എന്നിവിടങ്ങളിൽ ഈ മാസം അവസാനത്തോടെ പ്രവർത്തനക്ഷമമാകും. തലശേരി, തളിപ്പറമ്പ്‌, മാഹി എന്നിവിടങ്ങളിൽ സ്‌റ്റേഷനുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha