തലശ്ശേരി : തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ അന്വേഷണസംഘം ഏഴ് പ്രതികൾക്കെതിരേ തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെ കുറ്റപത്രം നൽകി. കൊലപാതകം, കൊലപാതകശ്രമം, ഗൂഢാലോചന, പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചു എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയത്.
നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീ ഭർത്താവ് ത്രിവർണയിൽ പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. 2022 നവംബർ 23-ന് വൈകീട്ട് തലശ്ശേരി സഹകരണ ആസ്പത്രിയ്ക്ക് സമീപത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. കൊലപാതകം നടന്നതിന്റെ 86-ാംദിവസമാണ് കുറ്റപത്രം നൽകിയത്.
നിട്ടൂർ വെള്ളാടത്തിൽ ഹൗസിൽ പി. സുരേഷ് ബാബു എന്ന പാറായി ബാബു (47), സുരേഷ് ബാബുവിന്റെ സഹോദരീ ഭർത്താവ് നിട്ടൂർ ചിറക്കകാവിന് സമീപം മുട്ടുങ്കൽ ഹൗസിൽ ജാക്സൺ വിൻസൺ (28), നിട്ടൂർ വണ്ണത്താൻ വീട്ടിൽ കെ. നവീൻ (32), നിട്ടൂർ ഇല്ലിക്കുന്നിലെ മുഹമ്മദ് ഫർഹാൻ (21), പിണറായി പടന്നക്കര വാഴയിൽ സുജിത്ത്കുമാർ (45), വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട് പി. അരുൺകുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരാണ് കേസിൽ ഒന്നുമുതൽ ഏഴുവരെ പ്രതികൾ. 107 സാക്ഷികളാണുള്ളത്.
കഞ്ചാവ് വില്പന നടത്തുന്നത് പോലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യവും കഞ്ചാവ് വില്പനയ്ക്കെതിരേ പ്രവർത്തിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിനു കാരണമായത്. ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ സംഘം ചേർന്ന് ആയുധവുമായി ഒന്നാംപ്രതിയുടെ ഓട്ടോയിൽ ഗൂഢാലോചന നടത്തി.
കൊലപ്പടുത്തണമെന്ന ഉദ്ദേശത്തോടെ ഓട്ടോറിക്ഷയിൽ തലശ്ശേരി സഹകരണ ആസ്പത്രി പരിസരത്തെത്തി. പ്രശ്നം ചർച്ചചെയ്ത് തീർക്കാമെന്ന് വിശ്വസിപ്പിച്ചാണ് ആസ്പത്രിയിലായിരുന്ന ഇരുവരെയും ഇറക്കിക്കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. ഒന്നാംപ്രതിയാണ് ഇരുവരെയും കുത്തിയത്. കുത്തേറ്റ് ഷമീറിന്റെ ശ്വാസകോശത്തിനും പ്ലീഹയ്ക്കും മുറിവേറ്റു. സംഭവദിവസം രാവിലെ രണ്ടാംപ്രതി ജാക്സൺ വിൻസന്റെ വാഹനം പോലീസ് പരിശോധിച്ചിരുന്നു. കൊല്ലപ്പെട്ട ഷമീറിന്റെ മകൻ ഷെബിലിന്റെ പരാതിയിലാണ് വാഹനം പോലീസ് പരിശോധിച്ചതെന്ന് കരുതിയാണ് രണ്ടാംപ്രതി ജാക്സൺ, ഷെബിലിനെ അടിച്ചുപരിക്കേൽപ്പിച്ചത്.
ഷെബിലും ബന്ധുക്കളും കഞ്ചാവ് വില്പനയ്ക്കെതിരേ പ്രവർത്തിക്കുന്ന വിരോധംമൂലം അവരെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് അക്രമിച്ചത്. ഒന്നാംപ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത് ആറ്, ഏഴ് പ്രതികളാണ്. തലശ്ശേരി പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് എ.സി.പി. കെ.വി. ബാബു, അഡീഷണൽ എസ്.പി. എ.വി. പ്രദീപ് എന്നിവർ കേസന്വേഷിച്ചു. തലശ്ശേരി പോലീസ് ഇൻസ്പെക്ടർ എം. അനിലാണ് കുറ്റപത്രം നൽകിയത്.
സംഭവശേഷം അറസ്റ്റിലായ പ്രതികൾ ഇപ്പോൾ റിമാൻഡിലാണ്. ആറ്, ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ മൂന്നുതവണയും അഞ്ച്, രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ ഒരുതവണയും കോടതി തള്ളി. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, നിശ്ചിതസമയ പരിധിക്കകം കുറ്റപത്രം നൽകുമെന്നും പ്രതികൾ കസ്റ്റഡിയിലിരിക്കെ, വിചാരണ നടത്താനാണ് പ്രോസിക്യൂഷന് താത്പര്യമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയെ അറിയിച്ചിരുന്നു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു