സമരത്തിനിടെ നാശനഷ്ടം: ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളി; നേതാക്കൾ 24 മണിക്കൂറിനകം സ്റ്റേഷനിലെത്തണം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 23 February 2023

സമരത്തിനിടെ നാശനഷ്ടം: ഹാജരായില്ലെങ്കിൽ പിടികിട്ടാപ്പുള്ളി; നേതാക്കൾ 24 മണിക്കൂറിനകം സ്റ്റേഷനിലെത്തണം

പ്രതിഷേധ പ്രകടനങ്ങളിലും സമരങ്ങളിലും പൊതുമുതലിനോ സ്വകാര്യ സ്വത്തിനോ നാശനഷ്ടമുണ്ടാക്കുന്ന സംഘടനകളുടെ നേതാക്കളും ഭാരവാഹികളും 24 മണിക്കൂറിനകം പൊലീസ് സ്റ്റേഷനിൽ സ്വയം ഹാജരായില്ലെങ്കിൽ അവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് പൊലീസ് സ്റ്റേഷനുകൾക്ക് ആഭ്യന്തരവകുപ്പ് നിർദേശം നൽകി.
 
സർക്കാർ സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്കുപുറമേ സിനിമ തിയറ്ററുകൾ, ആർട് ഗാലറികൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയ്ക്കുണ്ടാക്കുന്ന നാശനഷ്ടങ്ങളും 5 വർഷം വരെ കഠിനതടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാക്കി കേസ് റജിസ്റ്റർ ചെയ്യാനുള്ള ഡി.ജി.പി അനിൽകാന്തിന്റെ പ്രത്യേക സർക്കുലർ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വാക്കാലുള്ള മൊഴികൾക്കുപുറമേ സ്വകാര്യവ്യക്തികൾ പകർത്തിയ ദൃശ്യങ്ങളും ദൃശ്യമാധ്യമങ്ങളും പത്രമാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്ന ദൃശ്യങ്ങളും തെളിവായി സ്വീകരിക്കാനും നിർദേശമുണ്ട്.

അനാവശ്യ സമരങ്ങളും അക്രമസംഭവങ്ങളും തടയാൻ നിയമം ശക്തമായി പ്രയോഗിക്കണമെന്ന സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ് പൊതുമുതൽ നശീകരണ നിയന്ത്രണ നിയമം (പി.ഡി.പി.പി), സ്വകാര്യസ്വത്ത് സംരക്ഷണ നഷ്ടപരിഹാര നിയമം (കെ.പി.ഡി.പി.പി.പി) എന്നിവയുടെ പ്രയോഗം വ്യാപകമാക്കാൻ കേരള പൊലീസിനെ ചുമതലപ്പെടുത്തിയത്. പ്രതികൾക്ക് നാശനഷ്ടത്തിന് തുല്യമായ തുക കോടതിയിൽ കെട്ടിവയ്ക്കുകയോ ഈട് നൽകുകയോ ചെയ്താൽ മാത്രമേ ജാമ്യം ലഭിക്കൂ. 

അക്രമങ്ങളെക്കുറിച്ചു വിവരം ലഭിച്ചാൽ പരാതി ലഭിക്കാൻ കാത്തുനിൽക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുത്ത് കേസ് റജിസ്റ്റർ ചെയ്യണം. ഇതിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയെടുക്കാൻ ജില്ലാ പൊലീസ് മേധാവികളെ ചുമതലപ്പെടുത്തി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog