ഇസ്രയേലിൽ കാണാതായ കർഷകന് നാട്ടിലുള്ളത് 2 ഏക്കർ സ്ഥലം; റബർ, തെങ്ങ്, കുരുമുളക് കൃഷിയും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിട്ടി : ഇസ്രയേലിൽ കൃഷി രീതികൾ പഠിക്കാൻ കേരളത്തിൽ നിന്ന് പുറപ്പെട്ട സംഘത്തിൽ നിന്ന് കാണാതായ പേരട്ട കെ.പി മുക്കിലെ കോച്ചേരിൽ ബിജു കുര്യനെ കണ്ടെത്തുന്നതിനായും പഠന സംഘത്തിൽ ഉൾപ്പെട്ടത് സംബന്ധിച്ചും അന്വേഷണം ഊർജിതം. മന്ത്രിയുടെ ഓഫിസ് അടക്കം നൽകിയ നിർദേശ പ്രകാരം പായം കൃഷി ഓഫിസർ കെ.ജെ.രേഖ കഴിഞ്ഞ ദിവസം പ്രാഥമികാന്വേഷണ റിപ്പോർട്ട് കൈമാറിയിരുന്നു. ഓൺലൈനായി ലഭിച്ച അപേക്ഷ പരിശോധിച്ച് കർഷകനാണെന്ന് ഉറപ്പു വരുത്തിയിരുന്നതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. 

കിളിയന്തറയിലെ 2 ഏക്കറിൽ ടാപ്പ് ചെയ്യുന്ന റബർ മരങ്ങളുണ്ട്. കൂടാതെ തെങ്ങും കുരുമുളക് കൃഷിയുമുണ്ട്. പേരട്ട കെ.പി മുക്കിലെ 30 സെന്റ് പുരയിടത്തിൽ വാഴയും കമുകും ഉള്ളതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു. വൈവിധ്യമായ വിളകൾ കണ്ടുബോധ്യപ്പെട്ട ശേഷമാണ് അപേക്ഷ അംഗീകരിച്ചതെന്നും കൃഷി ഓഫിസർ വ്യക്തമാക്കി. മൈസൂരുവിൽ ഉൾപ്പെടെ സ്ഥലം പാട്ടത്തിനെടുത്ത് മരച്ചീനി, വാഴ, ഇഞ്ചി കൃഷികൾ നടത്തിയ പാരമ്പര്യവും ബിജു കുര്യന് ഉള്ളതായി സുഹൃത്തുക്കൾ പറഞ്ഞു.
ഇസ്രയേലിൽ പോകാനുള്ള ആഗ്രഹം നേരത്തേ മുതൽ പ്രകടിപ്പിച്ചിരുന്നതായും ഇവർ സൂചിപ്പിച്ചു. അതേസമയം ബിജു കുര്യനെ കാണാതായതിൽ കുടുംബവും ദുഃഖത്തിലാണെന്ന് സഹോദരൻ ബെന്നി കുര്യൻ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടില്ല. എല്ലാ ദിവസവും തുടർച്ചയായി ഫോണിൽ വിളിക്കുന്നുണ്ടെങ്കിലും ഫോൺ എടുക്കുന്നില്ല. സന്ദേശങ്ങൾക്കും മറുപടിയില്ല. അവസാനമായി ബിജു ഓൺലൈനിലുണ്ടായിരുന്നതും കഴിഞ്ഞ വ്യാഴാഴ്ചയാണ്.  ഇസ്രയേലിലെ മലയാളി ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട് ബിജുവിനെ കണ്ടെത്താനും നാട്ടിലെത്തിക്കാനുമുള്ള ശ്രമത്തിലാണെന്ന് സഹോദരൻ ബെന്നി പറഞ്ഞു. ഇസ്രയേലിൽ പോയാൽ തിരിച്ചുവരില്ലെന്നോ അവിടെത്തുടരാൻ പദ്ധതിയുണ്ടെന്നോ ബിജു കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha