'ഇസ്രയേലില്‍ ദിവസം 10,000 രൂപയിലേറെ വേതനം, വ്യക്തമായ പ്ലാന്‍'; ബിജുകുര്യന്‍ ആസൂത്രണം ചെയ്താണ് മുങ്ങിയതെന്ന് സഹയാത്രികനായിരുന്ന സുജിത്ത്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

''ഇസ്രയേലില്‍ ശുചീകരണജോലി അടക്കമുള്ള ചെറിയജോലികള്‍ക്കെല്ലാം വലിയ വേതനമാണ്. ശുചീകരണജോലിക്ക് ഒരുദിവസം പതിനായിരം രൂപയിലേറെ വേതനമുണ്ട്. കൃഷിപ്പണിക്കും ഇരട്ടിയാണ് വേതനം, ഇതെല്ലാം കണ്ട് വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജുകുര്യന്‍ പോയിരിക്കുന്നത്''- ഇസ്രയേലില്‍ ആധുനികകൃഷി രീതി പഠിക്കാനായി പോയ സംഘത്തിലെ അംഗമായിരുന്ന ആലപ്പുഴ സ്വദേശി സുജിത്ത് പറയുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞദിവസമാണ് സുജിത്ത് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ ഇസ്രയേലില്‍നിന്ന് തിരികെ കേരളത്തില്‍ മടങ്ങിയെത്തിയത്. എന്നാല്‍ ഇസ്രയേലില്‍നിന്ന് കാണാതായ കണ്ണൂര്‍ സ്വദേശി ബിജുകുര്യനെക്കുറിച്ച് ഇതുവരെ മറ്റുവിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

ബിജുകുര്യന്‍ വ്യക്തമായി ആസൂത്രണം ചെയ്താണ് ഇസ്രയേലില്‍വെച്ച് മുങ്ങിയതെന്നാണ് സഹയാത്രികനായിരുന്ന സുജിത്തും കരുതുന്നത്. ''യാത്രയ്ക്കിടെ ബിജുവിന് ഇത്തരം ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന സൂചനകളൊന്നും ആര്‍ക്കും ലഭിച്ചിട്ടില്ല. രാത്രി ഭക്ഷണം കഴിക്കാന്‍ പോകുന്ന സമയത്ത്, വാഹനത്ത പിറകില്‍നിന്നിരുന്നയാളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സമീപത്തെ ഇടറോഡുകളിലൂടെ പോയിക്കാണുമെന്നാണ് കരുതുന്നത്. ഇസ്രയേലില്‍ ചെറിയ പണികള്‍ക്കൊന്നും ആളെക്കിട്ടാത്തതിനാല്‍ ഇത്തരം ജോലികള്‍ കിട്ടാന്‍ പ്രയാസമുണ്ടായേക്കില്ല. ശുചീകരണ ജോലിക്ക് ദിവസം പതിനായിരം രൂപയിലേറെ ശമ്പളം കിട്ടും. പിടിക്കപ്പെട്ടാല്‍ ഇങ്ങോട്ട് കയറ്റിവിടും. അദ്ദേഹം ഭാഗ്യവാന്‍. ചിലപ്പോള്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് കോടീശ്വരനായാകും തിരിച്ചുവരിക''- സുജിത്ത് പറഞ്ഞു.

ഒരാഴ്ചയോളം നീണ്ട ഇസ്രയേല്‍ സന്ദര്‍ശനം ഏറെ ഉപകാരപ്രദമായെന്നാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ സുജിത്തിന്റെ പ്രതികരണം. കഴിഞ്ഞ 12 വര്‍ഷമായി മുഴുവന്‍സമയ കര്‍ഷകനാണ് ഇദ്ദേഹം. ചേര്‍ത്തല,മുഹമ്മ,കഞ്ഞിക്കുഴി, മാരാരിക്കുളം, തണ്ണീര്‍മുക്കം എന്നിവിടങ്ങളിലായി 25 ഏക്കറോളം സ്ഥലത്ത് കൃഷിചെയ്യുന്നു. വെണ്ട, വഴുതന, ചീര, തുടങ്ങിയ പച്ചക്കറികളും നെല്ലും സൂര്യകാന്തിയുമെല്ലാമാണ് സുജിത്ത് കൃഷി ചെയ്യുന്നത്.


നേരത്തെ സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്ന സുജിത്ത്, അയല്‍സംസ്ഥാനങ്ങളിലും പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുമെല്ലാം പോയി ഓരോകാര്യങ്ങളും പഠിച്ചാണ് മുഴുവന്‍സമയ കൃഷിയിലേക്കിറങ്ങിയത്. എന്നാല്‍ അതിനുശേഷം കൃഷിരീതികളില്‍ കാര്യമായ മാറ്റംവരുത്തിയിട്ടില്ല. ഇസ്രയേല്‍ സന്ദര്‍ശനത്തോടെ പുതിയ പലകാര്യങ്ങളും പഠിക്കാനായി. അവിടെകണ്ടതില്‍ മുഴുവനായൊന്നും ഇവിടെ നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പകുതിയെങ്കിലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞാല്‍ വലിയ വിജയം നേടാനാകുമെന്നുമാണ് ഈ യുവകര്‍ഷകന്‍ പറയുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha