കണ്ണീരോര്‍മ്മയായി പെരുമണ്ണ് ദുരന്തം: പത്ത് കുരുന്നുകളുടെ വേര്‍പാടിന് ഇന്ന് 14 വയസ്സ്. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 4 December 2022

കണ്ണീരോര്‍മ്മയായി പെരുമണ്ണ് ദുരന്തം: പത്ത് കുരുന്നുകളുടെ വേര്‍പാടിന് ഇന്ന് 14 വയസ്സ്.ഇരിട്ടി : നടുക്കുന്ന ഓര്‍മ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീര്‍ നനവിന്റെ ഓര്‍മ്മയില്‍ വീണ്ടും ഒരു ഡിസംബര്‍ 4 കൂടി പിറക്കുകയായി. 

നാടിനെ നടുക്കിയ പെരുമണ്ണ് ദുരന്തത്തിന് നാളെ 14വയസ്സ് തികയുന്നു. 

ദുരന്തത്തില്‍ പൊലിഞ്ഞു പോയ പത്ത് പിഞ്ചോമനകളുടെ ഓര്‍മ്മ എത്ര യുഗങ്ങള്‍ കഴിഞ്ഞാലും മറക്കാനാവില്ല.

2008 ഡിസംബര്‍ 4ന് വൈകീട്ട് 4 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയോരത്തു കൂടി സ്‌കൂള്‍ വിട്ട് വീടുകളിലേക്ക് നടന്നു വരികയായിരുന്ന 22 കുരുന്നുകളുടെ നേരെ നിയന്ത്രണം വിട്ട ജീപ്പ് കയറിയിറങ്ങുകയായിരുന്നു. 

ഇരിക്കൂര്‍ പെരുമണ്ണ് ശ്രീനാരായണ വിലാസം സ്‌കൂളിലെ കുട്ടികളായിരുന്നു ഇവര്‍. ഇടിയുടെ ആഘാതത്താല്‍ പത്ത് കുരുന്നുകളുടെ ചേതനയറ്റ ശരീരമാണ് ആ നാടിന് വിതുമ്പലോടെ ഏറ്റുവാങ്ങേണ്ടി വന്നത്. 

എത്ര യുഗങ്ങള്‍ കൊഴിഞ്ഞു വീണാലും മറക്കാനും പൊറുക്കാനും കഴിയാത്ത സമാനതകളില്ലാത്ത മനുഷ്യക്കുരുതിയുടെ കറുത്ത ദിനത്തിലെ സായാഹ്നം.

മിഥുന, അഖിന, അനുശ്രീ, നന്ദന, റിംഷാന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര എന്നിവര്‍ വിടരും മുമ്പേ പൊലിഞ്ഞു പോയ പത്ത് വാടാമലരുകള്‍ ഇന്നും ജീവിക്കുന്നു, വിങ്ങുന്ന ഓര്‍മ്മയായി, കരള്‍ നുറുങ്ങുന്ന നൊമ്പരമായി.

അപകടത്തില്‍ 11 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതില്‍ പല വിദ്യാര്‍ത്ഥികളും ഇന്നും അപകടത്തിലേറ്റ പരുക്കിന്റെ ദുരിതം പേറി ജീവിക്കുന്നുണ്ട്.

പിച്ച വച്ചു നടന്ന കാലുകള്‍ പെട്ടെന്ന് നിശ്ചലമായപ്പോള്‍ തളര്‍ന്നു പോയത് ഒരു നാട് മുഴുവനുമായിരുന്നു. ആകെ ഉണ്ടായിരുന്ന രണ്ട് മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ കണ്ണുകള്‍ ഇന്നും നിറഞ്ഞു തന്നെ.

 കുരുന്നുകളുടെ ഓര്‍മ്മക്കായി വിദ്യാര്‍ത്ഥികളുടെ മൃതദേഹം സംസ്ക്കരിച്ച ഇരിക്കൂര്‍ പെരുമണ്ണില്‍ സ്മൃതി മണ്ഡപം നിര്‍മ്മിച്ചിട്ടുണ്ട്. 10 പിഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെയും സംസ്‌കരിച്ചത് പ്രദേശത്തെ ചെങ്ങള വീട്ടില്‍ കൃഷ്ണവാര്യര്‍ എന്ന നാട്ടുകാരന്റെ നല്ല മനസ്സു കൊണ്ട് തികച്ചും സൗജന്യമായി നല്‍കിയ സ്ഥലത്ത് ആണ് അതേ സ്ഥലത്ത് തന്നെയാണ് സ്മാരകം പണിതത്. മരണത്തിലും അവര്‍ ഒരുമിച്ചുറങ്ങുകയാണ്.

കണ്ണീരോർമ്മയുടെ പതിനാലാണ്ട് പിന്നിടുന്ന ഇന്ന് രാവിലെ 9 മണിക്ക് പെരുമണ്ണ് നാരായണവിലാസം സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ ജനപ്രതിനികൾ, അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ അനുസ്മരണ പരിപാടിയും
 രാവിലെ 9 മണിക്ക്സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും നടക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog